ചെന്നൈ: ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ട നീലഗിരിയിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സ്‌ക്വാഡ്രൺ ലീഡർ കുൽദീപ് സിംഗിൻ്റെ വിധവ യശ്വിനി ധാക്ക ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ (OTA) നിന്ന് പരിശീലനം കഴിഞ്ഞ് സൈനിക ഉദ്യോഗസ്ഥയായി.
ജയ്പൂരിലെ ബനസ്തലി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അവർ മീററ്റിൽ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായി ജോലി ചെയ്തു വരവെയാണ് 2017 ൽ IAF-ൻ്റെ Mi-17V5 മൾട്ടി-റോൾ ഹെലികോപ്റ്ററിൻ്റെ പൈലറ്റായ കുല്‍ദീപ് സിംഗിനെ വിവാഹം കഴിച്ചത്.
പരമ്പരാഗതമായി, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ പ്രവേശനം നല്‍കുന്നത് 21 നും 27 നും ഇടയിൽ പ്രായമുള്ളവർക്കാണ്. ‘വീർ നാരി’ക്ക് ഒരു പുതിയ ജീവിതത്തോടും ജീവിതരീതിയോടും പൊരുത്തപ്പെടേണ്ടി വന്നു. കഠിനമായ ശാരീരിക പരിശീലനത്തിൻ്റെയും ഔട്ട്ഡോർ ആക്ടിവിറ്റിയുടെയും മുൻ പരിചയമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, യശ്വിനി വെല്ലുവിളി നേരിടുകയും സ്വയം പൂർണ്ണമായും രൂപാന്തരപ്പെടുത്തുകയും ചെയ്തു.
ശനിയാഴ്ച നടന്ന ശ്രദ്ധേയമായ ഒരു പരിപാടിയിൽ, OTA യിൽ കഠിനമായ പരിശീലനം പൂർത്തിയാക്കിയതിന് ശേഷം 36 സ്ത്രീകളെയും 184 പുരുഷ കേഡറ്റുകളും സൈന്യത്തിലേക്ക് കമ്മീഷൻ ചെയ്തു.
ബിരുദം നേടിയവരിൽ ഉമേഷ് ദില്ലി റാവു കീലുവും ഉൾപ്പെടുന്നു. മുംബൈ ചേരിയിൽ ജനിച്ചു വളർന്ന അദ്ദേഹത്തിൻ്റെ നാലംഗ കുടുംബം കുടിലിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ പിതാവ് ഒരു പെയിന്ററായിരുന്നു. എന്നാല്‍, തൻ്റെ രണ്ട് മക്കൾക്കും എളിയ രീതിയില്‍ ജീവിച്ച് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുകയും ചെയ്തു.
ഉമേഷ് ഐടിയിൽ സയൻസ് ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി.