ന്യൂഡൽഹി: ഉക്രെയ്ൻ-റഷ്യ യുദ്ധത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന് റഷ്യൻ സൈന്യത്തിൽ ലാഭകരമായ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരൻ്റെ പങ്ക് പുറത്തുവന്നു. ഒരു റിക്രൂട്ട്‌മെൻ്റ് ഏജൻസിയും ബാബ വ്ലോഗ്സ് എന്ന ജനപ്രിയ യൂട്യൂബ് ചാനലും നടത്തുന്ന ഫൈസൽ അബ്ദുൾ മുത്തലിബ് ഖാന്‍ എന്നയാളാണ് ഈ തട്ടിപ്പുകാരനെന്ന് തിരിച്ചറിഞ്ഞു.
റഷ്യൻ സൈന്യത്തിൽ നോൺ-കോംബാറ്റ് റോളുകളിൽ നല്ല വേതനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഇന്ത്യക്കാരെ ഫൈസൽ റഷ്യയിലേക്ക് ആകർഷിച്ചിരുന്നു എന്നു പറയുന്നു. എന്നാല്‍, അവരിൽ പലരും പിന്നീട് യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിർബന്ധിതരായി.
2023 സെപ്റ്റംബറിലെ ഒരു വീഡിയോയിൽ, റഷ്യൻ സൈന്യത്തിൽ ചേരുന്നവർക്ക് കനത്ത ശമ്പളത്തിന് പുറമേ സ്ഥിരതാമസത്തിന് സഹായിക്കുന്ന സർക്കാർ കാർഡും ലഭിക്കുമെന്ന് ഫൈസൽ തൻ്റെ യുട്യൂബ് കാഴ്ചക്കാർക്ക് വാഗ്ദാനം ചെയ്തിരുന്നു. റഷ്യൻ സൈന്യത്തിൽ സപ്പോർട്ടിംഗ് റോളുകളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഇന്ത്യക്കാരെ ഇയാൾ റഷ്യയിലേക്ക് ആകർഷിക്കുകയായിരുന്നു. അവരിൽ ഒരാൾ ഉക്രെയ്നിലെ യുദ്ധത്തിൽ മരിച്ച മുഹമ്മദ് അഫ്സാൻ ആയിരുന്നു.
നിരവധി രാജ്യങ്ങളിൽ ജീവനക്കാരെ നൽകുന്ന ഒരു മാൻപവർ കൺസൾട്ടൻസി സ്ഥാപനമാണ് ഫൈസൽ നടത്തുന്നത്. പ്രായം ഏകദേശം 30 വയസ്സ്. 35 പേരെ റഷ്യയിലേക്ക് അയച്ചതായി ഫൈസൽ പറഞ്ഞു. റഷ്യയിലെ ഹാൻഡ്‌ലർമാർ അവരെ മുൻനിരയിലേക്ക് വിന്യസിക്കില്ലെന്ന് പറഞ്ഞു. താൻ തന്നെ ഇരയാണെന്നും ഫൈസല്‍ പറഞ്ഞു. അവരെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചതായും ഫൈസൽ ഖാൻ അവകാശപ്പെട്ടു. റിക്രൂട്ട് ചെയ്ത് അയച്ചവര്‍ റഷ്യയിലെത്തിയതിന് ശേഷം സംഭവിച്ചത് അവരുടെ നിയന്ത്രണത്തിന് അപ്പുറമാണെന്നും ഫൈസല്‍ പറഞ്ഞു.