ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്താനുള്ള അന്വേഷണം അന്വേഷണസംഘം തുടരും. കൊല്ലപ്പെട്ട വിജയൻ്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തിയിരുന്നു. കാക്കാട്ടുകടയിലെ വാടക വീടിൻ്റെ തറ തുരന്നപ്പോഴാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിജയൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിനായി പ്രതികള്‍ നേരത്തെ താമസിച്ചിരുന്ന കട്ടപ്പന സാഗര ജംഗ്ഷനിലെ വീട്ടിൽ തിരച്ചിൽ ആരംഭിച്ചു. പ്രതികൾ മൃതദേഹം കുഴിച്ചിട്ടു എന്നു പറഞ്ഞ തൊഴുത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെയും അന്വേഷണം തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
മറ്റ് പ്രതികളെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി നിധീഷിനൊപ്പം രാവിലെ ഒമ്പതോടെയാണ് പൊലീസ് തെളിവെടുപ്പിനായി കാക്കാട്ടുകടയിലെത്തിയത്. വിജയൻ കൊല്ലപ്പെട്ട രീതി പ്രതികൾ പോലീസിനോട് വിശദീകരിച്ചു. തുടർന്ന് പ്രതി കാണിച്ച സ്ഥലം കുഴിച്ച് പരിശോധിച്ചു. ശരീരാവശിഷ്ടങ്ങൾ മൂന്നായി മടക്കി ആഴം കുറഞ്ഞ കുഴിയിൽ ബേസ്ബോർഡ് പെട്ടിയിലാക്കിയ നിലയിലാണ് കണ്ടെത്തിയത്.
വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. പ്രാഥമിക പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശാസ്ത്രീയ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിൻ്റെ മൃതദേഹം ഇവിടെ നിന്ന് മാറ്റിയതായും പോലീസ് സംശയിക്കുന്നു. നിധീഷിനെയും മറ്റ് പ്രതികളെയും വിശദമായി ചോദ്യം ചെയ്യും. മാർച്ച് രണ്ടിന് മോഷണശ്രമത്തിനിടെ നിധീഷിനെയും വിഷ്ണു വിജയനെയും പിടികൂടിയപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ പൂട്ടിയിട്ട നിലയിൽ വിഷ്‌ണുവിന്‍റെ അമ്മയെയും സഹോദരിയെയും കണ്ടെത്തുകയായിരുന്നു. വിജയനെ സംബന്ധിച്ച് ഇവർ പരസ്‌പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതും വീടിന്‍റെ തറയിൽ പുതിയതായി കോൺക്രീറ്റ് ചെയ്‌തതും സംശയം ബലപെടുത്തി.
2016ൽ വിഷ്ണുവിൻ്റെ സഹോദരിയുടെ കുഞ്ഞിനെ നിധീഷും വിജയനും ചേർന്ന് കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് വിജയനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് കുഴിച്ചുമൂടിയത്. വിജയൻ്റെ ഭാര്യ സുമയുടെ സഹായത്തോടെയാണ് കൃത്യം നടത്തിയത്. ഇവർ താമസിച്ചിരുന്ന വീടിനുള്ളിൽ തുടർച്ചയായി മന്ത്രവാദം നടത്തിയിരുന്നതായും സൂചനയുണ്ട്.