തിരുവനന്തപുരം: കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ വിഭജന നിയമത്തിനെതിരെ കേരളം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്നത് രാജ്യത്തെ അസ്വസ്ഥമാക്കാനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത് ജനങ്ങളെ ഭിന്നിപ്പിക്കാനും വർഗീയ വികാരങ്ങൾ ഇളക്കിവിടാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ അട്ടിമറിക്കാനുമാണ്. തുല്യാവകാശമുള്ള ഇന്ത്യൻ പൗരന്മാരെ ഭിന്നിപ്പിക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാറിൻ്റെ ഹിന്ദുത്വ വർഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാനാകൂ. പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ അമുസ്‌ലിം മതവിഭാഗങ്ങൾക്ക് പൗരത്വം നൽകുകയും മുസ്‌ലിംകൾക്ക് മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും അതിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വം നിർവചിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നീക്കം മനുഷ്യത്വത്തോടും രാജ്യത്തിൻ്റെ പാരമ്പര്യങ്ങളോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ നിയമസഭയാണ് കേരളം. സംസ്ഥാനത്ത് എൻപിആർ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലേത്. സിഎഎ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിൽ മനുഷ്യച്ചങ്ങല രൂപീകരിക്കുകയും ചെയ്തു. ജനകീയ പ്രതിഷേധങ്ങളും വിമർശനങ്ങളും കണക്കിലെടുക്കാതെ വർഗീയ അജണ്ട നടപ്പാക്കുമെന്ന വാഗ്ദാനമാണ് സംഘപരിവാർ കാണിക്കുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.