തൃശൂർ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുകയില്ല എന്ന സംസ്ഥാനത്തിൻ്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ അവസ്ഥ നോക്കിയാൽ മതിയെന്നും രാജ്യത്തേക്ക് ആരൊക്കെ വരണമെന്നും പോകണമെന്നും നോക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കേരളത്തിലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കേണ്ടി വരുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സംഭവിക്കേണ്ടത് സംഭവിച്ചു. ഈ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ദാരിദ്ര്യ നിർമാർജനം അനിവാര്യമാണ്. ആത്യന്തികമായി സംഭവിക്കാൻ പോകുന്നത് ദാരിദ്ര്യ നിർമ്മാർജ്ജനമാണ്. ഇതിന് സിഎഎ അത്യാവശ്യമാണ്. നിങ്ങളെ പറഞ്ഞ് കബളിപ്പിക്കാം, അത്രയേയുള്ളൂ. ഇത് നാടിൻ്റെ ആവശ്യമാണ്. കേരളം രാജ്യത്തിൻ്റെ ഭാഗമാണ്. ആവേശത്തോടെ സ്വീകരിക്കും. നിങ്ങൾക്കത് കാണാം എന്നും അദ്ദേഹം വ്യക്തമാക്കി.