ലോക്സഭാ തെരഞ്ഞെടുപ്പു പടിവാതുക്കൽ എത്തി നിൽക്കുമ്പോൾ കേരളത്തിൽ എന്നല്ല ഇന്ത്യയിലെ തന്നെ ജനങ്ങൾ ഉറ്റു നോക്കുന്ന ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂർ.
ബിജെപി കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ചു പുലർത്തുന്ന തൃശൂരിൽ അവർ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത് ആറു വർഷത്തിൽ ഏറെയായി ഉറക്കമില്ലാതെ അവിടെ പ്രവർത്തിക്കുന്ന ശക്തനായ സുരേഷ് ഗോപിയെ ആണ്. ഇടതു മുന്നണിക്കായി പോരിനിറങ്ങുന്നത് തൃശൂരിൽ സിപിഐക്കു കിട്ടാവുന്ന ഏറ്റവും പ്രതിച്ഛായ ഉള്ള നേതാവും മുൻ മന്ത്രിയും ആയ വി എസ് സുനിൽ കുമാർ ആണ്.
കരുണാകരന്റെ രാഷ്ട്രീയ തട്ടകമായിരുന്ന തൃശൂരിൽ അദ്ദേഹത്തിന്റെ പല രാഷ്ട്രീയ തീരുമാനങ്ങൾക്കും കരുനീക്കങ്ങൾക്കും മൂക സാക്ഷിയായ മുരളി മന്ദിരം കൂടി ഉൾപ്പെടുന്ന മണ്ഡലത്തിൽ യുഡിഎഫിനായി കളത്തിലിറങ്ങുന്നത് എൺപതുകളുടെ മധ്യത്തിൽ സേവാദൾ പ്രവർത്തകനായി കോൺഗ്രസ് പ്രവർത്തനം ആരംഭിക്കുകയും രാഷ്ട്രീയ ഭീഷ്മാചാര്യൻ കരുണാകരന്റെ മകനായി പോയതുകൊണ്ട് കിങ്ങിണി കുട്ടൻ എന്ന പേരിൽ പരിഹസിക്കപെടുകയും ചെയ്തിടത്തു നിന്ന് ഇന്നിപ്പോൾ കേരളത്തിലെ ഏതു മണ്ഡലത്തിലെയും വിജയ സാധ്യത ഉള്ള ഏക കോൺഗ്രസ് നേതാവായി മാറിയ കെ മുരളീധരൻ ആണ്.
എൺപത്തിഒൻപതിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കുവാൻ തിരുവനന്തുപുരത്തു ഇന്ദിരാ ഭവനിൽ എ കെ ആന്റണിയുടെയും കെ കരുണാകരന്റെയും നേതൃത്വത്തിൽ ഉന്നതതല യോഗം നടക്കുമ്പോൾ കരുണാകരൻ മൂത്രം ഒഴിക്കുവാൻ പോയ സമയത്തു കോഴിക്കോട് മണ്ഡലത്തിലേക്ക് എ കെ ആന്റണി എഴുതി ചേർത്ത പേരാണ് മുരളിയുടെ എന്നാണ് പരക്കെ ഉള്ള സംസാരം.
എന്തായാലും തനിക്കു കിട്ടിയ അവസരം മുരളി ശരിക്കും ഉപയോഗിച്ചു. കന്നി അങ്കത്തിൽ കരുത്തനായ കമ്യൂണിസ്റ് നേതാവ് ഇമ്പിച്ചി ബാവയെ കമഴ്ത്തി അടിച്ച മുരളി കോഴിക്കോട് സ്വന്തമാക്കി. തൊണ്ണൂറ്റി ഒന്നിൽ നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചു മണ്ഡലം നിലനിർത്തിയ മുരളിക്കു പക്ഷേ തൊണ്ണൂറ്റി ആറിലെ തെരഞ്ഞെടുപ്പിൽ കാലിടറി. ജനതാദളിന്റെ നേതാവ് വീരേന്ദ്രകുമാറിനോട് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു.
ഇതിനിടയിൽ കരുണാകരൻ സോണിയ ഗാന്ധിയുമായി സൗന്ദര്യ പിണക്കത്തിലായി കോൺഗ്രസ് കേന്ദ്ര നേതൃത്വുവുമായി ഇടഞ്ഞു തൊണ്ണൂറ്റി ഏഴില് ഐ ഗ്രൂപ്പിന്റെ ശക്തി കാണിക്കുവാൻ കൊച്ചിയിൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം മുതൽ മറൈൻ ഡ്രൈവ് വരെ ജനലക്ഷങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് യുവജനറാലി എന്ന പേരിൽ വിമതറാലി നടത്തിയപ്പോൾ അതിന്റ മുഴുവൻ ചുക്കാനും പിടിച്ചു മുരളീധരൻ തന്റെ നേതൃപാടവം ഒരിക്കൽക്കൂടി തെളിയിച്ചു.
ഗ്രൂപ്പ് വൈര്യം ആളിക്കത്തി നിന്ന തൊണ്ണൂറ്റിഎട്ടിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിച്ച മുരളീധരന് സിപിഐ യുടെ ജനകീയ നേതാവ് വി വി രാഘവനോട് പരാജയപ്പെടേണ്ടി വന്നെങ്കിലും തൊണ്ണൂറ്റിഒൻപതിൽ കോഴിക്കോട് മത്സരിച്ചു ജനതദൾ നേതാവ് സി എം ഇബ്രാഹിംമിനെ തോൽപിച്ചു വീണ്ടും കരുത്തു കാട്ടി.
രണ്ടായിരത്തിഒന്നിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു യു ഡി എഫ് അധികാരത്തിൽ എത്തി എ കെ ആന്റണി മുഖ്യമന്ത്രി ആയ ദിവസം തന്നെ ഗ്രൂപ്പ് ധാരണ അനുസരിച്ചു കെപിസിസി പ്രസിഡന്റ് ആയ മുരളീധരന് ആ കാലയളവിൽ പല നാടകങ്ങളും കളിക്കേണ്ടി വന്നു.
എറണാകുളം എം പി ആയിരുന്ന ജോർജ് ഈഡൻ അന്തരിച്ച ഒഴിവിൽ ഉപതെരെഞ്ഞെടുപ്പ് വന്നപ്പോൾ ഐ ഗ്രൂപിന്റെ സീറ്റായ എറണാകുളത്തു എ കെ ആന്റണി തന്റെ അനുയായി ആയ ആലുവ മുൻ മുനിസിപ്പൽ ചെയർമാൻ എം ഒ ജോണിനെ സ്ഥാനാർഥി ആക്കിയപ്പോൾ ഐ ഗ്രൂപ്പ് ഇടഞ്ഞപ്പോൾ പല തെരഞ്ഞെടുപ്പു യോഗങ്ങളിലും കെപിസിസി പ്രസിഡന്റ് ആയ മുരളിയ്ക്കു പല വേഷങ്ങൾ കെട്ടേണ്ടി വന്നു.
അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയനുമായി എറണാകുളത്തു എലൂർ ഗസ്റ്റ് ഹൗസിൽ രഹസ്യ ചർച്ച നടത്തിയും ആ കാലയളവിൽ മുരളി വിവാദ പുരുഷനായി.
2004ൽ സമവായത്തിന്റ ഭാഗമായി ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി ആയ മുരളിക്കു പക്ഷേ എം എല് എ ആകുവാൻ വടക്കാഞ്ചേരിയിൽ പോയി മത്സരിച്ചു തോറ്റതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ അടിയന്തരാവസ്ഥയ്ക്കു താൽക്കാലിക തുടക്കം കുറിയ്ക്കുകയായിരുന്നു
2005 മെയ് ഒന്നിന് തൃശൂരിൽ ഡി ഐ സി എന്ന രാഷ്ട്രീയ പാർട്ടി തുടങ്ങുകയും പിന്നീട് ആ പാർട്ടി എന് സി പിയില് ലയിക്കുകയും ചെയ്തത് ചരിത്രം.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ എത്തിയതോടെ കോൺഗ്രസിൽ മടങ്ങിയെത്തിയ മുരളി 2011ലും 2016ലും വട്ടിയൂർകാവ് നിയമസഭാ മണ്ഡലത്തിൽ വിജയിച്ചു വീണ്ടും കരുത്തു കാട്ടി
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ പി ജയരാജനെതിരെ മത്സരിക്കുവാൻ മുല്ലപ്പള്ളിയ്ക്കു മുട്ടു വിറച്ചപ്പോൾ കോൺഗ്രസ് കണ്ടെത്തിയത് തന്റേടിയായ മുരളീധരനെയായിരുന്നു. അങ്കം വെട്ടി ജയിച്ച മുരളിയെ തന്നെ വീണ്ടും ബിജെപി യുടെ അക്കൗണ്ട് പൂട്ടിക്കുവാൻ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തെക്കയച്ചു. കോൺഗ്രസ് ജയിച്ചില്ലെങ്കിലും ദൗത്യം വിജയിപ്പിച്ചു മുരളി
സഹോദരി പദ്മജയുടെ ബിജെപി പ്രവേശത്തോടെ അനാഥമായ മുരളി മന്ദിരം സ്ഥിതി ചെയ്യുന്ന തൃശൂരിൽ മിന്നൽ പിണരാകുമോ മുരളി