ഫുജൈറ: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി ശൈഖ് അബൂബക്കർ അഹ്‌മദും (കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ) യു എ ഇ ഫെഡറൽ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയും കൂടിക്കാഴ്ച നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർക്കായി ഭരണാധികാരിയുടെ കീഴിൽ നടന്ന ഇഫ്താർ സംഗമത്തിനിടെയായിരുന്നു കൂടിക്കാഴ്ച. കിരീടാവകാശി മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഗ്രാൻഡ് മുഫ്തിയെ സ്വീകരിച്ചു.
പരസ്പരം റമളാൻ സന്ദേശങ്ങൾ കൈമാറിയ ഇരുവരും സദ്പ്രവർത്തനങ്ങളിൽ ലോക മുസ്‌ലിം സമൂഹം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും സംസാരിച്ചു. മർകസിന്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളവും വിദേശരാഷ്ട്രങ്ങളിലും നടന്നുവരുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഭരണാധികാരിയുടെ ശ്രദ്ധയിൽപെടുത്തി. കൂടുതൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്താനും ഗ്രാൻഡ് മുഫ്‌തിയെന്ന നിലയിൽ ഇന്ത്യൻ മുസ്‌ലിംകളുടെ അഭിവൃദ്ധിക്ക് നേതൃത്വം നൽകാനും ശൈഖ് അബൂബക്കറിന് സാധിക്കട്ടെയെന്ന് ഭരണാധികാരി ആശംസിച്ചു.
മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനത്തിന്റെ ഭാഗമായി ‘അൽ ബദ്ർ ഫെസ്റ്റിവലിൽ’ എന്ന പേരിൽ റബീഉൽ അവ്വലിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്ന ഫുജൈറ ഭരണകൂടത്തെ ഗ്രാൻഡ് മുഫ്തി പ്രത്യേകം സന്തോഷമറിയിച്ചു. ഫെസ്റ്റിവലിൽ മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തിന് നൽകുന്ന പങ്കാളിത്തം പ്രത്യേകം പരാമർശിച്ചു. 2022 ഒക്ടോബറിൽ നടന്ന ‘അൽ ബദ്റി’ന്റെ ആദ്യ എഡിഷനിൽ മുഖ്യാതിഥിയായിരുന്നു ഗ്രാൻഡ് മുഫ്‌തി ശൈഖ് അബൂബക്കർ അഹ്‌മദ്. അര മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ സ്വദേശി പ്രമുഖരും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.