ആത്മീയ നിറവില്‍ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ ദൈവാലയ പുനര്‍ കൂദാശ

ഷിക്കാഗോ: ക്‌നാനായ കത്തോലിക്കരുടെ നോര്‍ത്ത് അമേരിക്കയിലെ ആദ്യ ദേവാലയമായ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം ഷിക്കാഗോയിലെ ബെന്‍സന്‍ വില്ലില്‍ പുനര്‍കൂദാശാകര്‍മങ്ങളിലൂടെ ഇന്നുമുതല്‍ ശുശ്രൂഷാസജ്ജമായി. ക്നാനായ സമുദായത്തിന്റെ വലിയ ഇടയന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സെ. തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ജൂലിയറ്റ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് റൊണാള്‍ഡ് ഹിക്സ് എന്നിവര്‍ പുനര്‍കൂദാശാകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ സ്വാഗതം ആശംസിച്ചു.

വിശ്വാസജീവിതത്തെയും സമുദായ പാരമ്പര്യങ്ങളെയും പരിരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും പൂര്‍വികരുടെ ത്യാഗപൂര്‍ണ മായ സമര്‍പ്പണങ്ങള്‍ മറക്കരുതെന്നും ദൈവകേന്ദ്രിതമായ ഒരു സമൂഹമാണ് നമ്മളെന്ന ഓര്‍മയെ പ്രോജ്ജ്വലിപ്പിക്കാന്‍ ഇത്തരംഅവസരങ്ങള്‍ സഹായിക്കട്ടെയെന്നും മാര്‍. മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ ഉദ്ഘാടനപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

നാമോരുരുത്തരും സജീവശിലകളാല്‍ നിര്‍മിതങ്ങളായ ആലയങ്ങളാണെന്നും ഹൃദയങ്ങളില്‍ പണിയപ്പെടുന്ന ദേവാലയങ്ങളെയാണ് ദൈവം കൂടുതല്‍ മാനിക്കുന്നതെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ മാര്‍. ജോയ് ആലപ്പാട്ട് ഉദ്‌ബോധിപ്പിച്ചു. ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഒപ്പം വിശ്വാസത്തിലുറച്ച ഒരു സമൂഹമായി വളരാന്‍ പുതിയ ദേവാലയം ഉപയുക്തമാകട്ടെയെന്ന് ജോലിയറ്റ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഹിക്‌സ് വചനസന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

പുതിയ ദേവാലയത്തിന്റെ പുതിയലോഗോ ബിഷപ്പ് എമിരിറ്റസ് മാര്‍. ജേക്കബ് അങ്ങാടിയത്ത് പ്രകാശനം ചെയ്തു. ഇടവകാംഗമായ മനീഷ് കൈമൂട്ടിലാണ് ലോഗോ രൂപകല്പനചെയ്തത്. മുന്‍വികാരിമാരായ ഫാ.എബ്രാഹം മുത്തോലത്ത് ഫാ. സജിപിണര്‍കയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റ്റീന നെടുവാമ്പുഴ കൃതജ്ഞത പറഞ്ഞു.

ഷിക്കാഗോയിലും സമീപപ്രദേശങ്ങളിലുമുള്ള ക്‌നാനായസമുദായാംഗങ്ങളും ക്നാനായ റീജിയനിലെ ഇതര വൈദികരും അല്മായ പ്രതിനിധികളും സമീപത്തുള്ള മറ്റ് ക്രൈസ്തവ സഭാംഗങ്ങളും സന്യസ്തരും ആത്മീയനേതൃത്വവും ഈ ശുശ്രൂഷകളില്‍ പങ്കെടുത്തപ്പോള്‍ ആത്മീയചൈതന്യത്താല്‍ എല്ലാവരും നവീകരിക്കപ്പെടുകയായിരുന്നു. ഇന്ത്യയ്ക്ക് വെളിയില്‍ ക്നാനായക്കാര്‍ക്കായി സ്ഥാപിച്ച ആദ്യ ദൈവാലയമായ മെയ് വുഡ് സേക്രഡ് ഹാര്‍ട്ട് ദൈവാലയമാണ് സൗകര്യപ്രദമായ ബെന്‍സന്‍വില്ലിലേയ്ക്ക് മാറ്റിയത്.

വികാരി റവ.ഫാ തോമസ് മുളവനാല്‍, അസി. വികാരി റവ. ഫാ. ബിന്‍സ് ചേത്തലില്‍, ട്രസ്റ്റിമാരായ ശ്രീ. തോമസ് നെടുവാമ്പുഴ, ശ്രീ. സാബു മുത്തോലം, ശ്രീ. മത്തിയാസ് പുല്ലാപ്പള്ളി, ശ്രീ. കിഷോര്‍ കണ്ണാല, ശ്രീ. ജെന്‍സണ്‍ ഐക്കരപ്പറമ്പില്‍ എന്നിവരുടെയും വിവിധ കമ്മിറ്റികളില്‍ സമര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിച്ച അനേകരുടെയും നേതൃത്വമാണ് ഈ പരിപാടികളെ ദൈവാനുഗ്രഹപ്രദമാക്കിയത്. ജൂലിയറ്റ് രൂപതയുടെ അജപാലനപരിധിയില്‍ ഉണ്ടായിരുന്ന ബെന്‍സന്‍വില്‍ സെ. ചാള്‍സ് ബൊറോമിയോ ദൈവാലയമാണ് ചിക്കാഗോയിലെ ക്നാനായകത്തോലിക്കാ സമൂഹം തങ്ങളുടെ പൂതിയ ദൈവാലയമായി വാങ്ങിയത്. ഒട്ടേറെപ്പേരുടെ ത്യാഗപൂര്‍ണ്ണമായ സംഭാവനകളിലൂടെയാണ് ഈ ദേവാലയം വാങ്ങാന്‍ ഇടയാക്കിയത്.

 

Print Friendly, PDF & Email

Leave a Comment

More News