പത്തനംതിട്ട : വീട് ജപ്തി ചെയ്യുന്ന കുടുംബത്തിന് സഹായഹസ്തവുമായി സേവാഭാരതി. പത്തനംതിട്ട ആനിക്കാട് സ്വദേശിയായ ഹരികുമാർ, ഭാര്യ, അമ്മ, മൂന്ന് പെൺമക്കൾ എന്നിവരോടൊപ്പം കഴിഞ്ഞ ആറ് ദിവസമായി വീടിൻ്റെ മുറ്റത്ത് കഴിയുകയായിരുന്നു.
2012ൽ വീടു പുതുക്കിപ്പണിയാൻ ഹരികുമാർ മല്ലപ്പള്ളി ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് രണ്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നു. അതില്‍ 1.75 ലക്ഷം രൂപ അടച്ചെങ്കിലും ആധാരം തിരിച്ചെടുക്കാനായില്ല. മാര്‍ച്ച് 14-ന് ബാങ്ക് വീട് ജപ്തി ചെയ്യുകയും ചെയ്തു. അന്നുമുതല്‍ ഹരികുമാറും കുടുംബവും വീട്ടു മുറ്റത്ത് കഴിയുകയായിരുന്നു.
ഒടുവിൽ സേവാഭാരതി എത്തി കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റി. ഈ വർഷത്തെ പ്ലസ് ടു പരീക്ഷയെഴുതുന്ന മകൾക്ക് പഠിക്കാൻ സ്വസ്ഥമായ ഒരിടം കിട്ടിയതിൻ്റെ ആശ്വാസത്തിലാണ് ഈ കുടുംബം. അസുഖബാധിതനായ ഹരികുമാറിന് ഓപ്പറേഷൻ നടത്താൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും കിടക്കാനുള്ള സൗകര്യമില്ലാത്തതിനാൽ മാറ്റിവച്ചു.
ഹരികുമാറിൻ്റെ വയോധികയായ അമ്മയുടെ ആഗ്രഹപ്രകാരം വീട് ബാങ്കിൽ നിന്ന് ലേലം ചെയ്ത് കുടുംബത്തിന് കൈമാറുമെന്ന് സേവാഭാരതി പ്രവർത്തകർ പറഞ്ഞു.