ദോഹ: സൗഹാർദത്തിന്റെയും സഹവർത്തിത്തത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സി.ഐ.സി മദീന ഖലീഫ സോൺ സംഘടിപ്പിച്ച റമദാൻ സൗഹൃദ സംഗമവും ഇഫ്താറും ശ്രദ്ധേയമായി.
ജീവിതത്തിൻ്റെ സകല മേഖലകളിലും ഇസ്‌ലാം മുന്നോട്ടു വെക്കുന്ന മൂല്യങ്ങൾ മുഴുവൻ മനുഷ്യർക്കും ഗുണകരമാണെന്ന് റമദാൻ സന്ദേശത്തിൽ സോണൽ പ്രസിഡന്റ് അബ്ദുൽ ഹമീദ് വി.എൻ പറഞ്ഞു. വർഗീയമായും വംശീയമായും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ സാഹോദര്യവും സ്നേഹവും കൊണ്ട് പരാജയപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അശോകൻ, സുനിൽ പെരുമ്പാവൂർ, ആദർശ്, സുനിൽ കണ്ണൂർ, കെ.പി. അസീസ്, വിനീഷ് തുടങ്ങിയവർ നോമ്പനുഭവങ്ങൾ പങ്കുവെച്ചു.
ക്വിസ് മൽസരത്തിൽ സോണി, വ്യൂല, അനിൽ, സുനിൽ പെരുമ്പാവൂർ, ആദർശ്, സുനിൽ കണ്ണൂർ എന്നിവർ വിജയികളായി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഖുർആനിന്റെ കാവ്യാവിഷ്കാരമായ കെ.ജി. രാഘവൻ നായരുടെ ‘അമൃതവാണി’യിൽ നിന്ന് റഫാത്ത് അവതരിപ്പിച്ചു.
റമദാൻ പ്രമേയമായി രചിച്ച ഗാനം ആദർശ് സദസ്സിൽ ആലപിച്ചു. നഈം അഹ്‌മദ് സ്വാഗതം പറഞ്ഞു.
പരിപാടിയിൽ 150ഓളം പേർ കുടുംബ സമേതം പങ്കെടുത്തു. അബ്ദുൽ ജബ്ബാർ, അബ്ദുൽ കബീർ, അബ്ദുറഹീം ഓമശ്ശേരി, മുഫീദ് ഹനീഫ, അബ്ദുസ്സമദ്, നൗഫൽ പാലേരി, ഷിബു ഹംസ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.