ബിജ്നോര്‍: ഹോളി ആഘോഷത്തിന്റെ മറവില്‍ മുസ്ലീം കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ ഉത്തർപ്രദേശിലെ ബിജ്‌നോർ പോലീസ് ഒരാളെ കൂടി അറസ്റ്റു ചെയ്തു. ധംപൂർ പ്രദേശത്ത് ഹോളി ആഘോഷിക്കുന്ന സംഘം ഒരു മുസ്ലീം കുടുംബത്തെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് പോലീസിന്റെ നടപടി.
സംഭവത്തില്‍ പങ്കെടുത്ത സൂരജ് വർമ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ അന്നു ശിശുപാൽ വർമ എന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
സെക്‌ഷന്‍ 147 (കലാപം സൃഷ്ടിക്കല്‍), 341 (തെറ്റായ രീതിയില്‍ തടഞ്ഞുവെക്കല്‍), 323 (സ്വമേധയാ ഉപദ്രവിക്കുന്നതിനുള്ള ശിക്ഷ), 504 (സമാധാനത്തെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവമായ അപമാനം), 509 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി), 354 (സ്ത്രീക്ക് നേരെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഒരു പുരുഷനും രണ്ട് സ്ത്രീകളും അടങ്ങുന്ന ഒരു മുസ്ലീം കുടുംബം, അവരുടെ ഇരുചക്രവാഹനത്തിൽ ഫാർമസിയിലേക്ക് പോകുമ്പോഴായിരുന്നു സംഘം അവരെ തടഞ്ഞത്.
സ്ത്രീകളുടെ മേൽ സംഘം നിറമുള്ള വെള്ളം ഒഴിക്കുകയും കുടുംബത്തിലെ പുരുഷൻ്റെയും പ്രായമായ സ്ത്രീയുടെയും സമ്മതമില്ലാതെ മുഖം കറുപ്പിക്കുകയും ചെയ്തു.
അവർ പ്രതിഷേധിച്ചപ്പോൾ, ഹോളി ഒരു പുരാതന ഉത്സവമാണെന്ന് പുരുഷന്മാർ വാദിച്ച് “ മെയിൻ ബസാർ മേ ആയാ തോ യേഹി ഹോഗാ (നിങ്ങൾ മെയിൻ ബസാറിൽ വന്നാൽ ഇതാണ് സംഭവിക്കുക),” എന്ന് അവരിൽ ഒരാൾ പറഞ്ഞു.
ഹോളി കളിക്കുന്ന സംഘങ്ങൾ മുസ്ലീം സ്ത്രീകള്‍ക്ക് നേരെ അവരുടെ സമ്മതമില്ലാതെ വെള്ളം നിറച്ച ബലൂണുകൾ എറിയുകയും ബലമായി നിറം തേക്കുകയും ചെയ്യുന്ന സംഭവങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അത്തരത്തിലുള്ള ഒരു വീഡിയോയിൽ, കടുത്ത പനി ബാധിച്ച ഒരു സ്ത്രീയെ ടാർഗെറ്റു ചെയ്‌തു. സ്ത്രീയുടെ ഹിജാബും പരിചരിക്കുന്നയാളുടെ വസ്ത്രങ്ങളും വെള്ളത്തിൽ നനഞ്ഞിരുന്നു.
മറ്റൊരു വീഡിയോയിൽ, മിക്കവാറും പ്രായപൂർത്തിയാകാത്ത ഒരു സംഘം രണ്ട് മുസ്ലീം സ്ത്രീകൾക്കും ഒരു കുട്ടിക്കും നേരെ ബക്കറ്റ് നിറയെ വെള്ളം ഒഴിച്ചു. ഈ സംഭവങ്ങളെല്ലാം ബിജ്‌നോർ ജില്ലയിലെ ധംപൂരിലാണ് നടന്നത്.