കാൽവരിയിൽ നിന്ന്! (കവിത): ജയൻ വർഗീസ്

(കഠിന പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് കുരിശുമരണത്തിലേക്ക് നടന്നടുക്കുന്ന അരുമപ്പുത്രനെ അകലെ നിന്ന് വീക്ഷിക്കുന്ന അമ്മ മനസ്സിന്റെ തേങ്ങലുകളാണ് ഈ കവിത)

പൊന്നോമൽകരളേ നിൻ
ചെന്നിണപൂമേനിയിൽ
ഒന്നുമ്മ വയ്‌ക്കാൻ പോലും
അമ്മക്കിന്നാവില്ലല്ലോ ?

ചമ്മട്ടി വീശാൻ മാത്രം
തെമ്മാടിക്കൂട്ടം നിന്റെ –
യുള്ളിലെ സ്നേഹത്തിന്റെ
കിളിയെ കശക്കുമ്പോള്‍,

തറഞ്ഞ മുള്ളിൽ നിന്നും
കിനിഞ്ഞ ചോരത്തള്ളി
പരന്നു വീണിട്ടേവ –
മുഴന്നു നീ നോക്കുമ്പോള്‍,

ചുമലിൽ നീ പേറുന്ന
കുരിശിൻ ഭാരത്താലേ
കുനിഞ്ഞു പോകും നിന്റെ –
യുടലിൽ നീ വീഴുമ്പോള്‍,

ഒന്നടുത്തെത്താൻ കൂലി –
പ്പടയെ രൗദ്രത്തിന്റെ
ചെങ്കനൽത്തീയിൽ തള്ളി
നിന്നെ വീണ്ടെടുക്കുവാൻ,

അമ്മതൻ മോഹം പറ-
ന്നടുത്തെത്തുന്നൂ പക്ഷെ,
ഒന്നുമാവാതെ തക –
ർന്നടിഞ്ഞു വീണീടുന്നു!

എന്തപരാധം നിന്നെ
കൊലക്കു കൊടുക്കുവാൻ?
ചിന്തയിൽ സ്നേഹത്തിന്റെ
മുന്തിരി നിറച്ചതോ?

അദ്ധ്വാന ഭാരം പേറി –
ത്തളർന്ന മനുഷ്യനോ –
രത്താണിയായിത്തീർന്നീ
സത്യങ്ങൾ പറഞ്ഞതോ?

പാപ പുസ്തകത്തിന്റെ
താളുകൾ കീറിക്കീറി
പാപിനിപ്പെണ്ണിൻ ജീവൻ
ഏറിൽ നിന്നണച്ചതോ ?

കടലും, കാറ്റും, പിന്നെ
വയലിൽപ്പൂവും, മീനും,
ഇടയപ്പാട്ടും, വിത –
ക്കിറങ്ങാപ്പക്ഷികുഞ്ഞും,

ഒരുപോൽ കരളിലെ
കനവായ് പേറിത്തനി –
തെരുവിലലയുന്ന
തെണ്ടിയായ് നടന്നതോ?

തല ചായ്‌ക്കുവാൻ പോലു –
മിടമില്ലാതെ യൊറ്റ-
തുണിയിൽ വിശപ്പിന്റെ
വേദന യറിഞ്ഞതോ?

xxxx…….xxxx………xxxx

മാനവ സമൂഹത്തിൻ
നീതി ശാസ്ത്രങ്ങൾ നിന്നെ –
യാണിയിൽ തറക്കുമ്പോ –
ളൊന്നവരറിഞ്ഞില്ലാ,

കാലമാകുന്നൂ വധി –
ച്ചൊടുക്കാൻ കഴിയാത്ത
ഭാവമാകുന്നൂ വീണ്ടും
ജനിക്കാനിരിക്കുന്നു !

ഏതു കാലത്തും പീലാ –
ത്തോസുമാരുയിർക്കുന്നൂ,
നീതി ശാസ്ത്രത്തിൻ കഴു –
മരങ്ങളുയർത്തുന്നു !

പിടഞ്ഞു പിടഞ്ഞു നീ
കുരിശിൽ മരിക്കുമ്പോള്‍,
ഇരുളിൽ പുലരിയായ്
ഇനിയുമുയിർക്കുന്നു !!

 

Print Friendly, PDF & Email

Leave a Comment

More News