ഈസ്റ്റര്‍..സ്‌നേഹത്തിന്റെ പ്രതീക്ഷയുടേയും സന്ദേശമാണ്. ആധുനികലോകത്ത് മനുഷ്യന്‍ സ്വയം ദ്വീപുകളായി മാറുമ്പോള്‍ നമുക്കൊരുമിക്കാം എന്ന ആഹ്വാനമാണ് അത് വിളംബരം ചെയ്യുന്നത്.
ഈ കഴിഞ്ഞു പോയ നോമ്പുകാലം ആചരിച്ച ഓരോ മനുഷ്യനും നൽകുന്ന സന്ദേശം എന്താണ് ?. കേവലം ആഹാരം വെടിയുന്നതുകൊണ്ട് എന്താണ് നമ്മെ ക്രിസ്തു പഠിപ്പിച്ചത്. ആർക്കും വേണ്ടാത്ത മനുഷ്യരെ ഹൃദയത്തോട് ചേർത്ത് പിടിക്കാനാണ് ഭക്ഷണം വെടിയുന്നതിലൂടെ നാം ഓരോരുത്തരം പഠിക്കേണ്ട പാഠം. അത്തരം മനുഷ്യരിലൂടെ നമുക്ക് യേശുവിൻ്റെ മുഖം കാണുവാൻ പഠിക്കണം. മറ്റുള്ളവരുടെ കണ്ണുനീർ കാണാൻ പഠിക്കണം.മനുഷ്യൻ തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് പോകുന്ന കാലത്ത് ഈസ്റ്റർ നമ്മെ പഠിപ്പിക്കുന്നതോ ഇരുളടഞ്ഞലോകത്തുനിന്നും തെറ്റുകളുടെ തടവറയില്‍നിന്നും നേരിന്റെയും നന്മയുടേയും ഉയിർത്തെഴുന്നേൽപ്പാണ്.വിശ്വാസിയുടെ ജീവിത വഴികളില്‍ ക്രിസ്തുദേവന്റെ ഉത്ഥാനത്തിന്റേയും അനുഭവങ്ങളുടേയും മഹത്വം മനസ്സിലാക്കി സ്വന്തം ജീവിതത്തില്‍ അതിന്റെ ഒരു അംശമെങ്കിലും ഉള്‍ക്കൊണ്ട് പങ്കിടുക എന്ന വലിയ അനുഭവമാണ് ഈസ്റ്റർ ഉദ്ഘോഷിക്കുന്നത്. ഓരോ പീഢാനുഭവവും, ദുഃഖവെള്ളിയും വിശ്വാസിയെ നയിക്കുക പുത്തന്‍ പ്രതീക്ഷയിലേക്കാണ്.
പാപത്തിന്റെയും അഹങ്കാരത്തിന്റെയും കുരിശുകളില്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും പൊന്‍നിണത്തുള്ളികള്‍ മാറ്റത്തിന്‍ മഹാ മന്ത്രങ്ങള്‍ സൃഷ്ടിക്കട്ടെ.സ്നേഹം കൊണ്ട് ലോകത്തെ ജയിച്ച യേശുക്രിസ്തുവിൻ്റെ ക്രൂശാരോഹണം ലോകത്തിലെ ഏറ്റവും വലിയ സഹനമായിരുന്നു. നമ്മിലൂടെ യേശുവിൻ്റെ സുവിശേഷീകരണം പൂർത്തിയാക്കാൻ, ഫലപ്രദമായി നിറവേറ്റുവാൻ ഈസ്റ്ററിൻ്റെ നന്മകൾ നമുക്ക് കരുത്താകണം.ദൈവം സ്നേഹമാണ്, നന്മയാണ്. ആ സ്നേഹത്തിന്റെ കരുതലായിരുന്നു ക്രിസ്തുവിന്റെ കുരിശുമരണം. എല്ലാ തിന്മയെയും, അന്ധകാരത്തെയും ഉന്മൂലനം ചെയ്ത് അവന്‍ മരണത്തെ പരാജയപ്പെടുത്തി ഉയിര്‍ത്തു. ആകാശത്തിനും, ഭൂമിക്കുമിടയില്‍ മരക്കുരിശില്‍ സ്വയം സമര്‍പ്പിച്ച ക്രിസ്തു മഹത്വത്തിന്റെ രാജാവായിരുന്നുവെന്ന്, മുൾക്കിരീടം കൊടുക്കുകയും,മേലങ്കി വലിച്ചൂരുകയും ചെയ്ത രാജക്കാൻമാർക്ക് മനസ്സിലായില്ല. അവസാനം അവർ തല കുനിച്ചുകൊണ്ട് ദൈവപുത്രനെന്ന് വിളിച്ചു പറഞ്ഞു. അവനെ അടച്ചിടാന്‍ കല്ലറകള്‍ക്കായില്ല. ശവകുടീരത്തിന്‍റെ പാറക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ് അവന്‍ ഉയിര്‍ത്തെഴുന്നേറ്റു.
“സഹോദരന് വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹം ഇല്ല” എന്ന് പഠിപ്പിച്ചവന്‍ സ്നേഹത്തിന്റെ കരുതലാകാന്‍ നമുക്ക് അവസരം നല്‍കുകയാണ്.
നമ്മെപ്പോലെ അയൽക്കാരനെ സ്‌നേഹിക്കാനായില്ലെങ്കിലും സഹിക്കാന്‍ പഠിക്കുക. സഹിഷ്ണുതയില്‍ പുതിയൊരു ലോകം പുലരട്ടെ. അതിന് ശാന്തിയും സമാധാനവും കൈവരട്ടെ.
സ്വന്തം കുറവുകള്‍ മനസ്സിലാക്കു;കഴിവുകളും… അന്യനായി തലതാഴ്ത്തി അശ്രുബിന്ദുനേടുന്നതിന്റെ പുണ്യവും തൃപ്തിയും അനുഭവിക്കുക. അടുത്ത് നിൽക്കുന്നവരെ കാണുക. അപൂര്‍ണ്ണമായ ലോകം ഈശ്വരനിയോഗം അറിഞ്ഞ് പൂര്‍ണ്ണമാക്കാന്‍ നമുക്കായാല്‍ ഓരോ ഈസ്റ്ററും വിശിഷ്ടമാകും. അതിനുള്ള ആത്മപരിശോധനകൂടിയാകട്ടെ ഈ ഈസ്റ്റർ … അതിലേക്കുള്ള ആഹ്വാനമാകട്ടെ ഉയിര്‍ത്തെഴുന്നേല്പ്…