ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എഐഎഡിഎംകെ വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം.
തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ അറന്തങ്കിയിൽ പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവെ, എഐഎഡിഎംകെ 2023 സെപ്തംബർ വരെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമായിരുന്നുവെന്നും തെരഞ്ഞെടുപ്പിന് ശേഷം അവരുടെ മുൻകാല ബന്ധത്തിൻ്റെ പുനരുജ്ജീവനം ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എഐഎഡിഎംകെയും ബിജെപിയും ഒരുമിച്ചാണ് മത്സരിച്ചത്. എന്നിരുന്നാലും, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ഡിഎംഡികെ, എസ്ഡിപിഐ, പിടി തുടങ്ങിയ പാർട്ടികളുമായി ചേർന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരാടുകയും ചെയ്തു.
പിന്നീട് പുതുക്കോട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, മറ്റ് രാഷ്ട്രീയ പാർട്ടികളെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച ചിദംബരം, കോൺഗ്രസിന് പിഴ ചുമത്തി ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയത് വ്യക്തമായ ഉദാഹരണമാണെന്ന് എടുത്തു പറഞ്ഞു. ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപി തന്നെ വലിയ തുക പിരിച്ചെടുത്തതായും അദ്ദേഹം ആരോപിച്ചു.
“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” എന്ന ബിജെപി ആശയം “ഒരു രാജ്യം, ഒരു പാർട്ടി” അല്ലാതെ മറ്റൊന്നുമല്ലെന്ന് രാജ്യത്തെ ജനങ്ങൾ ഉടൻ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ചിദംബരത്തിൻ്റെ മകൻ കാർത്തി ചിദംബരം ശിവഗംഗ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.