കാസർകോട്: റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷനും പോലീസിനും ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതികളെ രക്ഷിക്കാൻ ഭരണനേതൃത്വം ഗൂഢാലോചന നടത്തിയെന്നും സിപിഎമ്മിൻ്റെ നേതൃത്വത്തിൽ ആർഎസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ ഫലമാണോ വിധിയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസും പിണറായിയും തമ്മിൽ ഊഷ്മള ബന്ധമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കേസ് അന്വേഷിച്ച രീതി ഏകപക്ഷീയമാണെന്ന് വിധിയില്‍ പറയുന്നു. സംഘർഷത്തിൽ ഉള്‍പ്പെടാത്ത വ്യക്തിയെ കൊലപ്പെടുത്തിയ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ടത് പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ചുമതലയായിരുന്നു. പ്രതികളുടെ ആർ എസ് എസ് ബന്ധം തെളിയിക്കുന്നതിനുള്ള ആറ് സാക്ഷികളിൽ ഒരാളെ മാത്രമാണ് വിസ്‌തരിച്ചത്. അഞ്ച് സാക്ഷികളെ വിസ്‌തരിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
മതപരമായ വിദ്വേഷത്താലാണ് നിരപരാധിയായ ഒരാളെ കൊല്ലാൻ പ്രതികൾ തയ്യാറായതെന്ന് തെളിയിക്കാൻ സാക്ഷികളുണ്ടായിട്ടും അവരെ വിസ്‌തരിച്ചില്ല എന്നത് വ്യക്തമാക്കുന്നത് ആർഎസ്എസ് പ്രവർത്തകരായ പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഡാലോചന നടന്നതായാണ്. വണ്ടിപ്പെരിയാർ കേസിൽ സംഭവിച്ചതും സമാന രീതിയിലാണ്. ആറ് വയസുകാരിയുടെ കൊലപാതകക്കേസില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകനെ രക്ഷിക്കാനാണ് പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, റിയാസ് മൗലവി കേസ് വിധിയുമായി ബന്ധപ്പെട്ട് മതവിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. ചാനൽ വാർത്തകൾക്ക് കീഴിൽ കമൻ്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരെയാണ് കേസ്. സാമുദായിക സംഘർഷം ഉണ്ടാക്കുക, സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കായി കാസർകോട് ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.