ദോഹ: പ്രതിസന്ധിയുടെ ദിന രാത്രങ്ങളില്‍ നെഞ്ചോട് ചേര്‍ത്തവരെ ഒരിക്കല്‍ കൂടി കാണാന്‍ കടലിരമ്പുന്ന ഓര്‍മ്മകളുടെ ആശ്വാസത്തിന്‍ തീരത്ത് അവര്‍ വീണ്ടും ഒത്ത് കൂടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രവാസി വെല്‍ഫെയര്‍ & കള്‍ച്ചറല്‍ ഫോറം കമ്മ്യൂണിറ്റി സര്‍വ്വീസ് വിങ്ങിന്റെ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയവരാണ് പ്രവാസി വെല്‍ഫെയര്‍ ഹാളിലെ ഇഫ്താര്‍ മീറ്റില്‍ ഒത്ത് കൂടിയത്. ഉറ്റവര്‍ പെട്ടെന്നൊരു ദിനം ചലനമറ്റ് എന്ത് ചെയ്യണമെന്നറിയാതെ കണ്ണില്‍ ഇരുള്‍ മൂടിയപ്പോള്‍ ഇന്നേവരെ നേരില്‍ കാണുക പോലും ചെയ്യാത്ത കുറെ പേര്‍ ചേർന്ന് നിരന്തരമായ ഇടപെടലിലൂടെ രേഖകൾ ശരിയാക്കി മൃതദേഹം നാട്ടിലയക്കാന്‍ സഹായിച്ചത്, പ്രിയപ്പെട്ടവര്‍ വര്‍ഷങ്ങളായി ഹമദ് ആശുപത്രില്‍ കിടക്കുന്നതിനാല്‍ ബന്ധുക്കളോടൊപ്പം അവരിലൊരളായി ഇന്നും സ്വാന്തനമേകി വരുന്നത്, വിസ കുരുക്കില്‍ പെട്ട് ജീവിതം ചോദ്യ ചിഹ്നമായപ്പോള്‍ താങ്ങായതും ജോലി നഷ്ടപ്പെട്ട് കയറിക്കിടക്കാനോ വിഷപ്പടക്കാനോ ഒന്നുമില്ലാതെ പെരുവഴിയിലായപ്പോള്‍ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ച് നടത്തിയത്, മാരക രോഗങ്ങളോട് പൊരുതുന്നവര്‍ക്ക് നിരന്തരം ധൈര്യം പകരുന്നത് അങ്ങനെ പലതും അവര്‍ക്ക് ഓര്‍ക്കാനുണ്ടായിരുന്നു. മലയാളികള്‍ക്ക് പുറമെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവരും സംഗമത്തില്‍ പങ്കെടുത്തു.
ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു. സേവന മേഖലയില്‍ കഴിഞ്ഞ പത്തു വര്‍ഷമായി പ്രവാസി വെല്‍ഫെയര്‍ നറ്റത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ മുഖ്യാതിഥി ആയിരുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയും ചുമലിലേറ്റി പ്രവാസത്തിലേക്ക് കാലെടുത്ത് വെക്കുന്നവര്‍ പാതിവഴിയില്‍ തളര്‍ന്ന് വീഴുമ്പോള്‍ അവരെ ചേര്‍ത്ത് നിര്‍ത്തി ആശ്വാസം പകരേണ്ടത് നമ്മുടെ കടമയാണെന്നും ആ ദൗത്യമാണ് പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്നും ഏതൊരു പ്രവാസിക്കും അത്താണിയായി ഖത്തറിലെ എല്ലാ ഭാഗങ്ങളിലും ഞങ്ങളുടെ വളണ്ടിയര്‍മാരുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡണ്ടുമാരായ മജീദ് അലി, നജ്‌ല നജീബ്, അനീസ് മാള, സാമൂഹിക പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ ചേറ്റുവ, പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സെക്രട്ടറി താസീന്‍ അമീന്‍, കമ്മ്യൂണിറ്റി സര്‍വീസ്സ് വിംഗ് സെക്രട്ടറി ഷറഫുദ്ദീന്‍ സി, ഇസ്ഹാഖ്, അസീസ്, ഫിന്റോ, അബ്ദുല്‍ ഖാദര്‍, ഫവാസ് ഹാദി തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസീഡണ്ട് റഷീദ് അലി അദ്ധ്യക്ഷത വഹിച്ചു. ഷറിന്‍ മുഹമ്മദ് സ്വാഗതവും സംസ്ഥാന കമ്മറ്റിയംഗം സക്കീന അബ്ദുല്ല നന്ദിയും പറഞ്ഞു. ഇഫ്താര്‍ വിരുന്നോടെ പരിപാടി സമാപിച്ചു.
പ്രവാസി വെൽഫെയർ കമ്മ്യൂണിറ്റി സർവ്വീസ് വിംഗ് അംഗങ്ങളായ നാജിയ സഹീർ, ഇസ്മായിൽ മുത്തേടത്ത്, സുനീർ, രാധാകൃഷ്ണൻ പാലക്കാട്, റാസിഖ് നാരങ്ങോളി, റസാഖ് കാരാട്ട്, റഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.