കാലാവസ്ഥാ മാറ്റം ഒരു സ്വാഭാവിക പ്രതിഭാസമാണെങ്കിലും അത് സംഭവിക്കുന്നതിന് ഭൂമിയിലെ മനുഷ്യന്റെ പ്രവർത്തികൾ ഒരു ചെറിയ പങ്ക് വഹിച്ചിട്ടുമുണ്ടാവാം. രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായി ഇത്തരംപ്രതിഭാസങ്ങൾ എത്രയോ തവണ ഭൂമിയിൽ സംഭവിച്ചിട്ടുണ്ടാകണം. എന്നാൽ ഇന്ന് വാർത്താ മാധ്യമങ്ങളുടെ പ്രധാന ചർച്ചാവിഷയം എന്ന് പറയാവുന്നത് കാലാവസ്ഥാ മാറ്റങ്ങളെയും അതുമൂലം സംഭവിക്കാനിരിക്കുന്ന സർവ്വ നാശത്തെയും കുറിച്ചാകുന്നു എന്നതാണ് സത്യം. ഇത്തരം ഭയപ്പെടുത്തലുകളിൽ പെട്ടെന്ന് വീണുപോകുന്നസാധാരണ മനുഷ്യൻ അതിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കച്ചവട തന്ത്രത്തിന്റെ കാണാച്ചരട് ഒട്ടും തന്നെമനസ്സിലാക്കുന്നുമില്ല.
മുമ്പ് ഈ ഭയം സമൃദ്ധമായി കച്ചവടം നടത്തി വിറ്റഴിച്ചിരുന്നത് മതങ്ങളായിരുന്നെങ്കിൽ അവരെയും കടത്തിവെട്ടി ഇന്നത് വിറ്റഴിക്കുന്നത് ശാസ്ത്ര മാധ്യമങ്ങളാണ് എന്നതാണ് വ്യത്യാസം. (2024 ഏപ്രിൽ 8 ന് സംഭവിക്കാനിരിക്കുന്ന സമ്പൂർണ്ണ സൂര്യഗ്രഹണത്തെക്കുറിച്ചുള്ള ചർച്ചകളിൽ മുഴുകിയിരിക്കുകയാണ് ശാസ്ത്ര – മാധ്യമ സംവിധാനങ്ങൾ.) രണ്ടായിരാമാണ്ടിൽ കട്ടായം ലോകം അവസാനിക്കുമെന്ന് പറഞ്ഞു പരത്തിയിരുന്ന മതങ്ങൾ (പ്രത്യേകിച്ചും ക്രിസ്തുമതം) അതിൽ നിന്ന് രക്ഷപ്പെടുത്തി സ്വർഗ്ഗത്തിൽ തങ്ങൾ കെട്ടിപ്പൊക്കിവച്ചിരിക്കുന്ന ലക്ഷ്വറി റിസോർട്ടിലേക്കുള്ള എമർജൻസി എൻട്രി പാസുകൾ വിറ്റഴിച്ചിട്ടായിരുന്നു അവരുടെ കച്ചവടം. അങ്ങിനെയൊക്കെയാണ് അവർ ഇന്ന് കാണുന്ന തരത്തിൽ കൊഴുത്തു തടിച്ചത് എന്ന് നമുക്കറിയാം. അന്ന് അതിനുള്ള പരസ്യ പിന്തുണയുമായി വൈ 2 കെ ഭൂതത്തെ തുറന്നു വിട്ട് നമ്മുടെ ശാസ്ത്രവും നന്നായി സഹകരിക്കകുകയുണ്ടായി. ജീവനിൽ കൊതിയുള്ള സാധാരണ ജനം തങ്ങളുടെ തലയിൽ ആഞ്ഞുപതിക്കാനിരിക്കുന്ന നക്ഷത്ര തീക്കല്ലുകളെക്കുറിച്ചുള്ള ആശങ്കയിൽ ഉറക്കമൊഴിച്ചുവെങ്കിലും മില്ലേമില്ലേനിയപ്പിറപ്പിന്റെ പൊന്നോമന സുപ്രഭാതം കിഴക്കൻ ചക്രവാളത്തിൽ പൊൻ പ്രഭ വിതറി നൃത്തം വച്ചെത്തിയപ്പോൾ രണ്ടു കൂട്ടരും തലയിൽ മുണ്ടിട്ടു മുങ്ങിക്കളഞ്ഞു.
പിന്നെ കുറേക്കാലത്തേക്ക് നിശ്ശബ്ദരായിരുന്നു രണ്ടു കൂട്ടരും. അപ്പോഴാണ് കുഞ്ഞൻ കൊറോണയുടെ നിശബ്ദകാൽവരവ്. പിന്നെ അതിന്മേലുള്ള ഭയം വിറ്റഴിച്ചായി കച്ചവടം. ശ്വാസതടസ്സം നീക്കാനായി വെന്റിലേറ്ററിൽപിടിപ്പിച്ച മിക്കവരും ശവങ്ങളായി പുറത്തു വന്നു. ചുമച്ചും കുരച്ചും വെന്റിലേറ്ററിൽ കയറാതിരുന്നവർ മിക്കവരുംരക്ഷപ്പെട്ടു.? പിന്നെപ്പിന്നെ അതും നിലച്ചു. ഇപ്പോൾ സ്വന്തം ശരീരത്തിൽ കൊറോണാ വൈറസ്സുകളെയും പേറിമനുഷ്യൻ സുഖമായി ജീവിക്കുന്നു.
ഇതോടെ മതങ്ങൾ ഒന്നടങ്ങി. ചിലർ കുറേ ചാണകക്കുഴമ്പൊക്കെ മേലാസകലം തേച്ചു പിടിപ്പിച്ച് ബിസിനസ്തുടർന്നെങ്കിലും അതൊന്നും വേണ്ടത്ര അങ്ങ് ക്ലച്ച് പിടിച്ചില്ല. കൊറോണക്കെതിരെപ്രാർത്ഥിക്കാനെത്തുന്നവനെയും ചാണകത്തിൽ കുളിക്കുന്നവനെയും കൊറോണാ പിടിക്കും എന്ന് വന്നതോടെഎല്ലാ അവന്മാരും പേടിച്ചു വിറച്ച് വീട്ടിലിരുന്നു.
അങ്ങിനെ കുരങ്ങു ചത്ത കാക്കാലനെപ്പോലെ കുത്തി ഇരിക്കുമ്പോളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ വമ്പൻ ചാകര തീരം തൊടുന്നത്. കാലാവസ്ഥയുടെ കാര്യത്തിൽ ആധികാരികമായിപ്പറയാൻ മതങ്ങളുടെ കയ്യിൽ തുറുപ്പു ചീട്ട് ഇല്ലാത്തതിനാൽ അവർ യുക്രെയിൻ / ഗാസ യുദ്ധ മേഖലകളെ ബൈബിളിലെ വെളിപാട്പ്രവചനങ്ങളിലേക്ക് ആട്ടിത്തെളിയിച്ച് അവിടെ നിന്ന് കാലാ പെറുക്കി തങ്ങളുടെ അന്നം കണ്ടെത്തുന്നു..
വഴിമുട്ടിയ ശാസ്ത്ര സത്തമന്മാർക്കും വേണമല്ലോ ഒരു മേച്ചിൽപ്പുറം? അങ്ങിനെയാണ് അവരുടെ നിരീക്ഷണ ഉപകരണങ്ങൾ ഉൽക്കകളിലേക്കു തിരിയുന്നത്. ‘ആണ്ടെയൊരു തീമല, ഹൈലാണ്ടെയൊരു തീമല‘ എന്ന്എന്ന് കവി പാടിയ പോലെ ‘ ദാണ്ടെ ഉൽക്കകൾ വരുന്നേ’ എന്ന നിലയിലായി അവരുടെ മുന്നറിയിപ്പുകൾ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അതാ വരുന്നു ഉൽക്കകൾ, ഇപ്പ ഇടിക്കും, ഇടിച്ചു തകർക്കും ‘ എന്ന നിലയിലുള്ള കുറെ മുന്നറിയിപ്പുകൾ നമ്മൾ കേട്ടു.
നാളും നാഴികയും വിനാഴികയും വരെ പ്രവചിച്ചു പേടിപ്പിച്ച പല ഉൽക്കാ വിക്രമന്മാരും നമ്മുടെ ഭൂമിയെ ഒന്ന്തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അതാതിന്റെ വഴിക്ക് പോയി. എന്നിട്ടും ഇതുകേട്ട് തലയാട്ടുന്ന അപ്പക്കാളകളേപ്പോലെ ചില മാധ്യമ പ്രവർത്തകരെങ്കിലും ചൂടൻ വാർത്തകൾ നൽകി മനുഷ്യരെ ഭയപ്പെടുത്തുന്നു. ഉത്തരവാദിത്വ ബോധമുണ്ടെന്നു ഞാനൊക്കെ ധരിച്ചു വച്ചിരുന്ന ശ്രീ ഷാജൻ സ്കറിയ പോലും സ്വന്തം നിലവാരത്തകർച്ച പ്രകടിപ്പിച്ചുകൊണ്ട് മനുഷ്യ വർഗ്ഗത്തിന് ഇനി പത്തു വർഷമേയുള്ളു എന്ന വില കുറഞ്ഞ പ്രവചനം തന്റെ ചാനലിലൂടെ നടത്തി നാണം കെട്ടിരിക്കുന്നു.
കഴിഞ്ഞ കുറേ കാലങ്ങളായി ഇപ്പൊ ഇടിക്കും എന്ന് പ്രവചിക്കപ്പെട്ട പലേ ഉൾക്കകളും നമ്മുടെ ചന്ദ്രൻ നിൽക്കുന്നതിന്റെ അനേകം ഇരട്ടി ദൂരത്തിലൂടെ ഭൂമിയെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അതാതിന്റെ വഴിക്ക് പോയിക്കഴിഞ്ഞു. വരുവാനുള്ള കുറെ ദശകങ്ങളിലേക്ക് വരുവാനുള്ളതിനെ കുറിച്ചുള്ള പ്രവചനങ്ങൾ നടത്തി കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞന്മാർ. വന്നു പോയതിന്റെയും ഇനി വരുവാനുള്ളതിന്റെയും ഭൂമിയിൽ നിന്നുള്ള ദൂരം ഗൂഗിൾ സെർച്ചിൽ നിന്ന് പരിശോധിച്ചു കണ്ടെത്തിയാൽ അത് നമ്മുടെ ചന്ദ്ര ദൂരത്തിൽ നിന്നും അനേകം മടങ്ങു് ഇരട്ടി ആണെന്നറിയുമ്പോളാണ് എന്തിനാണ് നമ്മുടെ ശാസ്ത്ര സംവിധാനങ്ങൾ നമ്മളെ ഇങ്ങനെ ഭയപ്പെടുത്തുന്നത് എന്ന് നമ്മളും ചിന്തിച്ചു പോകുന്നത്. അതൊന്നും നമ്മുടെ ഭൂമിയെ ബാധിക്കുകയേയില്ലെന്ന് തിരിച്ചറിയാനുള്ള ദിശാബോധം നൽകി നമ്മളെ ആശ്വസിപ്പിക്കുകയായിരുന്നു സാമൂഹ്യ പ്രതിബദ്ധതയുള്ളവർ ചെയ്യേണ്ടിയിരുന്നത്.
ചൊവ്വായുടെയും വ്യാഴത്തിന്റെയും ഭ്രമണ പഥങ്ങൾക്കിടയിലുള്ള ഒരു വിസ്തൃത മേഖല ഉല്‍ക്കകളുടെയും കുള്ളൻ ഗ്രഹങ്ങളുടെയും കോമറ്റുകളുടെയും ഒക്കെ താവളമാണ്. തോന്നുമ്പോളൊക്കെ ഭൂമിയിലേക്ക് ഇടിച്ചിറങ്ങി ഇവിടുത്തെ ജീവവ്യവസ്ഥ തകർക്കരുത് എന്ന പ്രീ പ്ലാനിങ്ങോടെ ആയിരിക്കണം ഈ സുരക്ഷിത മേഖലയിൽ അവയെ വിന്യസിച്ചിട്ടുള്ളത്. ചൊവ്വയും വ്യാഴവും കൂടി തങ്ങളുടെ ആകർഷണ വേലികളാൽ അവകളെ വളഞ്ഞുവച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇനി ഒന്നോ രണ്ടോ വഴി തെറ്റി വന്നാലൊന്നും അവ ഭൂമിയെ സ്പർശിക്കുകയേയില്ല. നമ്മുടെ ചന്ദ്രൻ നിൽക്കുന്നതിന്റെയും വളരെ ദൂരെക്കൂടി അവയെ പുറത്തേക്ക് തെറിപ്പിച്ചു കളയുന്നതിനുള്ള സംവിധാനം ഭൂമിക്കുണ്ടായിരിക്കണം എന്നതാവും സത്യം. ആകർഷണം എന്ന സജീവ ഗുണം നിലനിർത്തുന്ന ഭൂമിക്ക് ആവശ്യമുള്ളപ്പോൾ വികർഷണം എന്ന സജീവ ഗുണവും നില നിർത്താൻ കഴിയുന്നുണ്ടാവണം.
ഇതിന്റെയെല്ലാം പിന്നിൽ ഒരു ചിന്ത പ്രവർത്തിച്ചിരുന്നു എന്ന് ചിന്തിക്കാൻ കഴിയാത്തതാണ് നമ്മുടെ പരാജയം. വെറും യാദൃശ്ചികമായി എല്ലാം ഉണ്ടായിയെന്നും അതിന് 1380 കോടി കൊല്ലങ്ങളുടെ പഴക്കം ഉണ്ടെന്നും അങ്ങ്പറഞ്ഞു പോയി. ഇനിയെങ്ങാനും അത് തിരുത്തിയാൽ ശാസ്ത്ര ലോകത്തിന്റെ തന്നെ അടപ്പിളകിപ്പോകും എന്ന ഭയമാണ് എല്ലാവര്ക്കും. അത് കൊണ്ട് ഓരോ മുട്ടായുക്തികളുമായി അങ്ങിനെ പോകുന്നു. ഒരിന്ത്യൻ ശാസ്ത്രജ്ഞൻ അത് തിരുത്തിപ്പറഞ്ഞപ്പോൾ ആ വായടപ്പിക്കുവാനാണ് ആഗോള ശാസ്ത്ര സമൂഹം ഒന്നടങ്കം പ്രവർത്തിച്ചത്.
മനുഷ്യ പരിണാമത്തെ കുറിച്ചുള്ള മറ്റൊരു കണ്ടെത്തൽ ഇതിലും വിചിത്രമാണ്. ഏകദേശം അതിങ്ങനെയാണ് : അറുപത് ലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന തെക്കൻ കുരങ്ങു് വിഭാഗത്തിൽപ്പെട്ട ഒരു പെൺകുരങ്ങിന്രണ്ടു പെൺകുട്ടികൾ പിറക്കുന്നു. അതിലൊന്ന് ചിമ്പാൻസികളുടെ മുതു മുത്തശ്ശിയായിരുന്നുവെന്നും, മറ്റേത്ഇരുപത്തി അഞ്ച് ലക്ഷം വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ട ഹോമോ സാപ്പിയൻസ് എന്ന വിഭാഗത്തിൽപ്പെട്ട നമ്മൾമനുഷ്യ വർഗ്ഗത്തിന്റെ മുതു മുത്തശ്ശിയായിരുന്നുവെന്നും ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഇവകളുടേതെന്ന്പറയപ്പെടുന്ന ഫോസിലുകൾ ആഫ്രിക്കൻ പ്രദേശത്തു നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും അവിടങ്ങളിലെമ്യൂസിയങ്ങളിൽ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും പറഞ്ഞു കൊണ്ടാണ് ആധികാരികമായ അവരുടെ വാദങ്ങൾ.
സമാന സാഹചര്യങ്ങളിൽ വഴി പിരിഞ്ഞ രണ്ടു വർഗ്ഗങ്ങൾ എന്ന നിലയിൽ ഈപ്പറഞ്ഞ രണ്ടു കൂട്ടരും തുല്യനിലയിൽ പെറ്റു പെരുകി തുല്യ നിലയിലുള്ള അംഗ സംഖ്യയും തുല്യ നിലയിലുള്ള അധിനിവേശവുംസാധിച്ചെടുക്കേണ്ടതായിരുന്നു എന്ന സാഹചര്യം നില നിൽക്കുന്നു. കാരണം ഈ രണ്ടു വർഗ്ഗങ്ങളും തമ്മിൽശത്രുത നില നിന്നിരുന്നതായോ അതിന്റെ പേരിൽ പരസ്പ്പരം കൊന്ന് തള്ളിയിരുന്നതായോ ശാസ്ത്രംകണ്ടെത്തിയിട്ടുമില്ല. പ്രകൃതി വിഭവങ്ങളുടെ പങ്കു വയ്ക്കലിൽ ദുർബ്ബലന്മാരായ മനുഷ്യരേക്കാൾ ശക്തന്മാരായചിമ്പാൻസികൾ മേൽക്കൈ നേടിയിരിക്കാനും ഇടയുണ്ട്. എന്നിട്ടും എന്തേ അവരുടെ എണ്ണം മനുഷ്യരെഅപേക്ഷിച്ച് തുലോം കുറവായിപ്പോയി എന്ന ചോദ്യത്തിന് ശാസ്ത്രം ഉത്തരം പറയേണ്ടതുണ്ട്.
ചുരുക്കത്തിൽ നമ്മുടെ പിൻകണ്ണുകൾക്ക് വേണ്ടത്ര തെളിമയില്ല എന്ന സത്യത്തിലേക്കാണ് ഇതൊക്കെ വിരൽചൂണ്ടുന്നത്. വർത്തമാനത്തിന്റെ സമൂല സാഹചര്യങ്ങളിൽ അള്ളിപ്പിടിച്ച് ഒരു നൂറ്റാണ്ട് തികയ്ക്കാൻ തത്രപ്പെടുന്നനമ്മുടെ കാഴ്ചക്കും പരിമിതികളുണ്ട്. ഇല്ലായിരുന്നുവെങ്കിൽ എത്ര അനായാസം നമ്മളീ ജീവിതം അടുത്തനൂറ്റാണ്ടിലേക്കു കെട്ടി വലിക്കുമായിരുന്നില്ല ? ഒന്നേയുള്ളു. നമുക്കറിയുന്ന പ്രപഞ്ചം സത്യമാണ് എന്നിരിക്കെഅതിന്റെ പിന്നിലുള്ള മറ്റൊരു സത്യത്തിൽ നിന്നായിരിക്കണം അത് രൂപപ്പെട്ടിട്ടുണ്ടാവുക എന്ന യുക്തി ഭദ്രമായസത്യം അംഗീകരിക്കുക.
മനുഷ്യന്റെ യാതൊരു വിധ പ്ലാനിങ്ങുകൾക്കും കണക്കു കൂട്ടലുകൾക്കും വിധേയമായിട്ടല്ല പ്രപഞ്ചം നിലനിൽക്കുന്നതെന്ന് അവൻ മനസ്സിലാക്കണം. ( ഭാവിയിൽ ഭൂമിയിലേക്ക് പാഞ്ഞു വരുന്ന സെലസ്റ്റൽ ബോഡികളെഇവിടെ നിന്ന് റോക്കറ്റയച്ചു തകർത്ത് കളയും എന്നൊക്കെയുള്ള വീര വാദങ്ങൾ നിലവിലുണ്ടെങ്കിലും. ) അവനുആകെ ചെയ്യാൻ കഴിയുന്നത് തനിക്കു ചുറ്റും നില നിൽക്കുന്നതൊ രൂപപ്പെടുന്നതോ ആയ സാഹചര്യങ്ങളെസൗജന്യമായി ആസ്വദിക്കുക എന്നത് മാത്രമാണ്. അതും മഹാ കാലത്തിൽ നിന്നും അളന്നു കിട്ടുന്ന അതിന്റെകേവല വളപ്പൊട്ട് മാത്രമായ നൂറു വർഷങ്ങൾ.
തന്റെ തലമുറകൾക്ക് വേണ്ടി എന്തെങ്കിലും ചിലതൊക്കെ അവശേഷിപ്പിച്ചിട്ടു പോകാൻ അവനു സാധിച്ചേക്കാംഎന്നതിനാൽ ആ അവശേഷിപ്പുകൾ അതനുഭവിക്കാൻ വിധിക്കപ്പെട്ടവരുടെ കണ്ണ് നനയിക്കുമോ കരൾകുളിർപ്പിക്കുമോ എന്നതാണ് ഏതു കാലത്തെയും പ്രസക്തമായ ചോദ്യം. കൊല്ലാൻ പിടിച്ചാലും വളർത്താൻപിടിച്ചാലും സാഹ ഹര്യങ്ങളുടെ കരുത്തുറ്റ കൈകളിലിരുന്ന് നിസ്സഹായരായി നിലവിളിക്കാൻ മാത്രമേ മനുഷ്യന്സാധിക്കുകയുള്ളു എന്നതിനാൽ ആ നിലവിളി സന്തോഷത്തിന്റെ സംഗീതമായി ഭവിക്കട്ടെ എന്ന് നമുക്ക്ആശിക്കാം. അതിനായി പരിശ്രമിക്കാം.