ഇസ്ലാമാബാദ്: പാക്കിസ്താനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ഉചിതമായ മറുപടി നൽകുമെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ശനിയാഴ്ച ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി.
ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പ്രകോപനപരമായ പരാമർശങ്ങളെ തുടർന്നാണ് മന്ത്രിയുടെ പ്രസ്താവന.
ഇന്ത്യയിൽ നിന്നുള്ള പൈലറ്റായ അഭിനന്ദനെ പിടികൂടി വിട്ടയച്ചതിനെ പരാമർശിച്ച്, ഏതാനും വർഷങ്ങൾക്ക് മുമ്പ് പാക്കിസ്താനിലേക്ക് നുഴഞ്ഞുകയറാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെ പിടിയിലായ ഇന്ത്യൻ പൈലറ്റുമാരിൽ ഒരാളെ പിന്നീട് പാക്കിസ്താന് മനുഷ്യത്വപരമായി മോചിപ്പിച്ചതിനെക്കുറിച്ചും പ്രതിരോധ മന്ത്രി പ്രസ്താവിച്ചു.
മറ്റൊരു തെറ്റായ സാഹസികതയിൽ ഏർപ്പെട്ടാൽ സമാനമായ പ്രത്യാഘാതങ്ങൾ ഇന്ത്യയ്ക്കും ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈയടുത്ത കാലങ്ങളില്‍ ഇന്ത്യൻ മന്ത്രിമാർ നടത്തുന്ന പൊങ്ങച്ചങ്ങളും തീപ്പൊരി വാചകങ്ങളും അയൽരാജ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തന്ത്രങ്ങൾ മാത്രമാണെന്ന് ആസിഫ് അഭിപ്രായപ്പെട്ടു. “ഇന്ത്യയുടെ പാക്കിസ്താന് വിരുദ്ധ പ്രസ്താവനകൾ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ‘ഗിമ്മിക്ക്’ ആണ്. 2019-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചും ഇന്ത്യ സമാനമായ അടവ് പ്രയോഗിച്ചിരുന്നു. വോട്ട് നേടാനും തെരഞ്ഞെടുപ്പില്‍ ജയിക്കാനും ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം ഏതറ്റം വരെയും പോകും. എന്നാല്‍, ഇത്തവണ അത് നടപ്പില്ല. പാക്കിസ്താന് വളരെ വിജിലന്റ് ആണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിൽ സംഘർഷം ഉണ്ടാക്കാൻ പാക്കിസ്താന് ശ്രമിക്കുന്നില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, എന്തെങ്കിലും ദുരനുഭവമുണ്ടായാൽ ഇന്ത്യക്ക് തക്കതായ മറുപടി നൽകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാനിലും പുറത്തും ഭീകരപ്രവർത്തനങ്ങളെ ഇന്ത്യ സ്പോൺസർ ചെയ്യുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ ഇന്ത്യ ജാഗ്രത പാലിക്കണമെന്നും തിരഞ്ഞെടുപ്പ് കാലത്ത് പ്രതികൂലമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മന്ത്രി ആസിഫ് ആവശ്യപ്പെട്ടു.
“അവരുടെ വിമാനം വീണ്ടും തകർന്നു വീഴില്ലെന്നും, അവരുടെ പൈലറ്റിനെ തിരികെ അയച്ചുകൊണ്ട് ഒരിക്കൽ കൂടി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ നമ്മളെ നിർബന്ധിതരാക്കുകയില്ലെന്നും പ്രതീക്ഷിക്കാം,” മന്ത്രി അഭിപ്രായപ്പെട്ടു.