ഝാര്‍ഖണ്ഡ്: ധൻബാദിൽ പോലീസ് പിടികൂടിയ 10 കിലോ കഞ്ചാവ് എലികൾ തിന്നു തീർത്തെന്ന വിചിത്ര വിവരണവുമായി പോലീസ്. മുമ്പ് തെളിവായി പിടിച്ചെടുത്ത കഞ്ചാവ് കഴിച്ചതിന് പിന്നിൽ എലികളാണെന്ന് രാജ്ഗഞ്ച് പോലീസ് സ്റ്റേഷൻ അടുത്തിടെ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
ശനിയാഴ്ച ചീഫ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി രാം ശർമ്മയുടെ മുമ്പാകെയാണ് പിടികൂടിയ മയക്കുമരുന്ന് എലികൾ കഴിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ജയപ്രകാശ് പ്രസാദ് പറഞ്ഞത്.
ഈ വിഷയത്തിൽ അന്വേഷണം തുടരുകയാണ്. അന്വേഷകൻ്റെ മൊഴിയെടുക്കാൻ കോടതി കാത്തിരിക്കുകയാണ്. പിടികൂടിയ മയക്കുമരുന്ന് തെളിവായി ഹാജരാക്കാൻ കോടതിയുടെ മുൻ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും, അന്വേഷകൻ ജയപ്രകാശ് പ്രസാദ് അത് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടു.
പോലീസ് സ്‌റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് എലികൾ നശിപ്പിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ അവധേഷ് കുമാർ കോടതിയിൽ വിശദീകരിച്ചു. ഈ വിചിത്ര സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആറ് വർഷം മുമ്പ്, 2018 ഡിസംബർ 14 ന്, പോലീസ് പിടിച്ചെടുത്ത 10 കിലോ കഞ്ചാവ് എലികൾ തിന്നുതീര്‍ത്തതായി രാജ്ഗഞ്ച് പോലീസ് പറഞ്ഞിരുന്നു. അന്ന് മയക്കുമരുന്ന് കടത്തിയ പ്രതി ശംഭുപ്രസാദ് അഗർവാളിൽ നിന്നും മകനിൽ നിന്നും പോലീസ് പിടിച്ചെടുത്തതായിരുന്നു കഞ്ചാവ്. കേസുമായി ബന്ധപ്പെട്ട് ഇരുവരും പിടിയിലായിരുന്നു.