ലണ്ടന്‍: കാത്‌ലീൻ എന്ന കൊടുങ്കാറ്റ് നാശം വിതയ്ക്കുന്ന ഇംഗ്ലണ്ടിൽ ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എഡിൻബർഗ്, ബെൽഫാസ്റ്റ്, മാഞ്ചസ്റ്റർ, ബിർമിംഗ്ഹാം എന്നിവിടങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി. മെറ്റ് ഓഫീസ് ഇംഗ്ലണ്ടിനും അയർലൻഡ്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവയുടെ ചില ഭാഗങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് യുകെയിലെ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരേണ്ടതുമായ 130-ലധികം വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ടില്‍ പറയുന്നു.
കൊടുങ്കാറ്റ് ബ്രിട്ടനിലുടനീളം താപനില ഉയരാൻ കാരണമായി, ഇത് ഞായറാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കോട്ട്‌ലൻഡിലെ വിമാനങ്ങൾക്ക് പുറമെ റെയിൽ, ഫെറി സർവീസുകളെയും ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ പരിസ്ഥിതി ഏജൻസി 14 ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കടലിൽ നിന്ന് ഉയരുന്ന തിരമാലകൾ തീരങ്ങളിലും തീരദേശ റോഡുകളിലും വീടുകളിലും എത്തുമെന്നും ഇത് ജീവഹാനിക്കും സ്വത്തിനും നാശമുണ്ടാക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.