കണ്ണൂർ: കണ്ണൂർ ജില്ലയിലെ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനക്കേസിലെ മുഖ്യപ്രതി കുന്നോത്തുപറമ്പ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഷൈജലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
ഇന്നലെ അറസ്റ്റിലായ അമൽ ബാബുവും ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവർത്തകനാണെന്നാണ് റിപ്പോർട്ട്. ഡിവൈഎഫ്ഐയുടെ മറ്റൊരു യൂണിറ്റ് സെക്രട്ടറി സായൂജും ഇന്നലെ അറസ്റ്റിലായിരുന്നു.
ബോംബ് സ്ഫോടനത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്യും. നിലവിൽ പ്രതിപ്പട്ടികയിൽ 12 പേർ ഉൾപ്പെടുന്നു, 6 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ ഡി.വൈ.എഫ്.ഐയുടെയും സിപിഐ(എം) റെഡ് വളണ്ടിയർമാരുടെയും സജീവ അംഗങ്ങളും ഉൾപ്പെടുന്നു.
അതേസമയം, ബോംബ് സ്ഫോടനത്തിൽ മരിച്ചവരുമായും പ്രതികളുമായും ബന്ധമില്ലെന്ന് സിപിഐഎം പറഞ്ഞു.
എന്നാൽ, ഇന്നലെ സിപിഐഎം നേതാക്കൾ ഷെറിലിൻ്റെ സംസ്കാര ചടങ്ങുകൾ സന്ദർശിച്ചിരുന്നു. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് ഷെറിൽ കൊല്ലപ്പെട്ടത്.