എറണാകുളം: കേരള സര്‍ക്കാരിന്റെ ക്ഷേമ പെൻഷൻ അവകാശമല്ലെന്നും മറിച്ച് സർക്കാർ നൽകുന്ന ഔദാര്യത്തിൻ്റെ അടയാളമാണെന്നും പിണറായി സർക്കാർ ഹൈക്കോടതിയിൽ. ക്ഷേമ പെൻഷൻ വിതരണം നിർത്തിവച്ചതുമായി ബന്ധപ്പെട്ട കേസിന് മറുപടിയായാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ക്ഷേമ പെൻഷൻ നിയമപരമായ അവകാശമായി കണക്കാക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത് സർക്കാരിൻ്റെ വിവേചനാധികാരം മാത്രമാണെന്നും, നിയമം അനുശാസിക്കുന്നതല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ക്ഷേമ പെൻഷൻ സഹായമായി വാഗ്ദാനം ചെയ്യുന്നുണ്ടെന്നും നിയമം അനുശാസിക്കുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷനായി അതിനെ വ്യാഖ്യാനിക്കരുതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ക്ഷേമ പെൻഷൻ വിതരണം നിലച്ചതിനെച്ചൊല്ലിയുള്ള ആശങ്കകൾ വർധിക്കുകയും ജോസഫ് എന്ന വ്യക്തി ജീവനൊടുക്കിയ ദാരുണ സംഭവത്തിലേക്ക് നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാരിൻ്റെ പ്രതികരണം. ഈ സംഭവത്തിന് ശേഷം
ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. നിലവിൽ, പെൻഷൻ കുടിശ്ശിക ആറുമാസത്തിലധികമാണ്.