നോളജ് സിറ്റി: ഗ്രാന്‍ഡായി ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ് ജാമിഉല്‍ ഫുതൂഹിലെ ഈദുല്‍ ഫിത്വ്ര്‍ ആഘോഷം. രാവിലെ എട്ടിന് നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. പെരുന്നാള്‍ നന്മകള്‍ പരസ്പരം പകരാനുള്ള ദിനമാണെന്നും മദ്യപാനം പോലുള്ള സാമൂഹിക തിന്മകള്‍ക്ക് ആഘോഷം വഴിമാറരുതെന്നും എന്നും അദ്ദേഹം പെരുന്നാള്‍ ദിന സന്ദേശ പ്രഭാഷണത്തില്‍ പറഞ്ഞു.
മനുഷ്യരെല്ലാവരും പരസ്പരം സ്‌നേഹിക്കണം. സ്‌നേഹവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് പെരുന്നാളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ടവരും അശരണരുമായവര്‍ക്ക് കരുണ ചെയ്യണമെന്നും അഹങ്കാരം കാണിക്കാനുള്ളതല്ല അധികാരം എന്നുമാണ് തക്ബീര്‍ ധ്വനികള്‍ നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയും തീവ്രവാദവും പാടില്ലെന്നത് കൂടിയാണ് അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനികളുടെ സന്ദേശമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
എം എല്‍ എമാരായ അഡ്വ. പി ടി എ റഹീം, ടി സിദ്ദീഖ്, ജാമിഉല്‍ ഫുതൂഹ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ സംസാരിച്ചു.