“താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ”
ഭഗവത് ഗീതയില്‍ പറയുന്ന ഈ വാക്യങ്ങള്‍ എത്ര അര്‍ത്ഥവത്താണെന്ന് ഞാന്‍ പറയാതെ തന്നെ വായനക്കാര്‍ക്ക് മനസ്സിലാകും. നാം ചെയ്‌ത കര്‍മ്മങ്ങള്‍ നന്മയായാലും തിന്മയായാലും അത് നാം തന്നെ അനുഭവിച്ചേ തീരൂ. അതിന് മറ്റുള്ളവരെ പഴിചാരിയിട്ട് ഫലമില്ല. അതായത് കര്‍മ്മഫലം കൈമാറാവുന്നതല്ലെന്നര്‍ത്ഥം. ഫൊക്കാനയിലെ ചിലരുടെ പ്രവര്‍ത്തിദൂഷ്യം ആ സംഘടനയ്ക്ക് തന്നെ ദോഷമായിത്തീരുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഒരുപക്ഷെ, അവര്‍ ചെയ്തുകൂട്ടിയ പാപ പ്രവര്‍ത്തികള്‍ക്ക് പ്രകൃതി നല്‍കുന്ന ശിക്ഷയായിരിക്കാം ഇപ്പോള്‍ അവര്‍ തന്നെ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. കോറോണ തന്നെ ലോകത്തെ പാഠം പഠിപ്പിക്കുകയല്ലേ ഇപ്പോള്‍.
ഇപ്പോള്‍ ഫൊക്കാനയില്‍ നടക്കുന്ന വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം 2006-ന്റെ തുടര്‍ച്ചയാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല.
പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ പറഞ്ഞതുപോലെ
“സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലര്‍”
പൂന്താനത്തിന്റെ ഈ വരികളും ഭഗവത് ഗീതയിലെ ‘കര്‍മ്മ ഫലവും’ കൂട്ടി വായിച്ചാല്‍ ഇപ്പോള്‍ ഫൊക്കാനയില്‍ നടക്കുന്ന വടംവലിയുടെ മൂലഹേതു എന്താണെന്ന് മനസ്സിലാകും. പതിന്നാലു വര്‍ഷം മുന്‍പ് (2006-ല്‍) ഒര്‍ലാന്റോ ഫ്ലോറിഡയില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനും തിരഞ്ഞെടുപ്പും നടന്ന സമയത്ത് അവിടെ നടന്ന കള്ളക്കളികളുടെ പിന്നാമ്പുറ കഥയാണ് 2006 സെപ്തംബര്‍ 27 ലെ മലയാളം പത്രത്തില്‍ അന്നത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായിരുന്ന എന്‍.ജി. മാത്യു എഴുതിയത്. ആ റിപ്പോര്‍ട്ട് താഴെ കൊടുക്കുന്നു.
ഈ റിപ്പോര്‍ട്ടിന് ഇപ്പോള്‍ പ്രസക്തിയുണ്ട്. കാരണം, ഇപ്പോള്‍ ഫൊക്കാനയില്‍ നടന്ന തിരഞ്ഞെടുപ്പും അന്നത്തെ തിരഞ്ഞെടുപ്പുമായി ഏകദേശം സാമ്യമുണ്ട്. അത് എന്താണെന്ന് മനസ്സിലാക്കാന്‍ വായനക്കാരുടെ വിശകലനത്തിനായി വിടുന്നു. ഇത് ഇപ്പോള്‍ എഴുതുവാന്‍ കാരണം ഫൊക്കാന എന്ന സംഘടനയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ്, ബാങ്ക് അക്കൗണ്ട്, പ്രസിഡന്റും സെക്രട്ടറിയും അറിയാതെ ട്രഷറര്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കല്‍, സുപ്രീം പവര്‍ ആയ നാഷണല്‍ കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും അറിയാതെ ട്രസ്റ്റീ ബോര്‍ഡ് എടുത്ത തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ച് ഒരു ഏകദേശ രൂപം നല്‍കാനാണ്. ഫൊക്കാന നിയമാവലിയുടെ നഗ്നലംഘനമാണ് ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പ്. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സ്വയം പ്രഖ്യാപിതരായ എല്ലാവരും കുടുങ്ങുമെന്ന് മാത്രമല്ല, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത, ആ പ്രതിജ്ഞയുടെ ലംഘനം നടത്തി പ്രസിഡന്റിനെയോ സെക്രട്ടറിയെയോ അറിയിക്കാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 71,000ത്തോളം ഡോളര്‍ പിന്‍വലിച്ച മുന്‍ ട്രഷററും ഇപ്പോള്‍ സെക്രട്ടറിയെന്ന് വിളംബരം ചെയ്തിരിക്കുന്ന വ്യക്തിയായ സജിമോന്‍ ആന്റണി കൂടുതല്‍ കുഴപ്പത്തിലാകുമെന്നുറപ്പാണ്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് എങ്ങനെ ട്രഷറര്‍ ഒറ്റയ്ക്ക് പണം പിന്‍വലിച്ചു എന്ന് അറിയാന്‍ ജനങ്ങള്‍ക്കും ആഗ്രഹമുണ്ട് (ഫൊക്കാന ബൈലോ ആര്‍ട്ടിക്കിള്‍ XVI).
ട്രഷറര്‍ സാമ്പത്തിക തിരിമറി നടത്തിയെന്നും അതിന് ട്രഷറര്‍ നല്‍കിയ മറുപടിയും കാണുക. ട്രഷറര്‍ സജിമോന്‍ ആന്റണി വടി കൊടുത്ത് അടി വാങ്ങുകയായിരുന്നു എന്ന് ഈ രണ്ടു വാര്‍ത്തകള്‍ വായിച്ചാല്‍ മനസ്സിലാകും.
ജൂലൈ 31, 2020
സസ്പെന്‍ഡ് ചെയ്ത ഫൊക്കാന ട്രഷറര്‍ സാമ്പത്തിക തിരിമറി നടത്തി (ഫൊക്കാന പ്രസ് റിലീസ്)
ന്യൂജെഴ്സി: ഫൊക്കാനയില്‍ നിന്ന് കഴിഞ്ഞ ദിവസം നാഷണല്‍ കമ്മിറ്റി സസ്പെന്‍ഡ് ചെയ്ത ട്രഷറര്‍, സസ്പെന്‍ഡ് ചെയ്തതിന്റെ പിറ്റേ ദിവസം ഫൊക്കാനയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 70,000 ത്തോളം ഡോളര്‍ പിന്‍വലിച്ചതായി അറിയാനിടയായെന്നും, ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
സംഘടനയുടെ ധനവിനിയോഗങ്ങള്‍ പ്രസിഡന്റും സെക്രട്ടറിയും അറിയാതെ നടത്താൻ നിയമപരമായി കഴിയാത്തതും, പാടില്ലാത്തതും ആയതിനാല്‍ ഇതൊരു ഗുരുതര ക്രമക്കേടാണ്. ഇത് തെളിയുകയാണെങ്കില്‍ അദ്ദേഹത്തിന് ഫൊക്കാനയുടെ ആജീവനാന്ത വിലക്കു നേരിടേണ്ടി വരുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറഞ്ഞു.
******
ആഗസ്റ്റ് 1, 2020
ഫൊക്കാന കൺവന്‍ഷന്‍ രജിസ്‌ട്രേഷന്‍/സ്പോണ്‍സര്‍ഷിപ്പ് തുക 71,929 ഡോളർ മടക്കി നൽകി: സജിമോൻ ആന്റണി
ന്യൂജേഴ്‌സി: ജൂലൈ 9 -12 വരെ ബാലീസ് അറ്റ്‌ലാന്റിക് സിറ്റി റിസോർട്ടിൽ നടക്കാനിരുന്ന ഫൊക്കാന കൺവെൻഷൻ മാറ്റി വച്ചതിനെ തുടർന്ന് കൺവെൻഷനുവേണ്ടി മുൻകൂട്ടി രെജിസ്റ്റർ ചെയ്തവരുടെയും മെഗാസ്‌പോൺസറുടെയും പണം തിരികെ നൽകിയതായി ഫൊക്കാന മുൻ ട്രഷറർ സജിമോൻ ആന്റണി.
കൺവെൻഷൻ മാറ്റി വച്ച സാഹചര്യത്തിൽ തങ്ങൾ നൽകിയ തുക മടക്കി നൽകണമെന്ന് രെജിസ്റ്റർ ചെയ്ത 24 വ്യക്തികളും മെഗാസ്പോൺസറും രേഖാ മൂലം പലതവണ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പണം തിരികെ നൽകിയത്. രേഖാ മൂലം പണം ആവശ്യപ്പെട്ട മുഴുവൻ പേരുടെയും തുക തിരികെ നല്‍കണമെന്ന് കമ്മിറ്റിയും ട്രസ്റ്റി ബോർഡും ആവശ്യപ്പെട്ടിരുന്നുവെന്നും സജിമോൻ ആന്റണി അറിയിച്ചു. മെഗാ സ്പോൺസർ നൽകിയ 50,000 ഡോളറിന്റെ ചെക്കിന് പുറമെ രെജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പണം നൽകിയ 24 പേർക്കായി 21,929 ഡോളർ തിരികെ നൽകി. ഇതിൽ 250 ഡോളർ മുതൽ 1200 ഡോളർ വരെ നൽകിയവർ വരെ ഉണ്ട്. ഭൂരിഭാഗം പേരും 995 ഡോളർ വീതം നൽകിയവരാണ്. കൺവെൻഷനുമായി ബന്ധപ്പെട്ട് മൊത്തം 71,929 ഡോളർ തിരികെ നൽകിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലൈസി അലക്സ് ചെലവാക്കിയ 700 ഡോളറും ഫ്ലവർഴ്സ് ആൻഡ് ടെക്നോളജി ഫീസ് വകയിൽ ചെലവാക്കിയ 759 ഡോളറും ഉൾപ്പെടെ 1459 ഡോളർ വേറെയും തിരികെ നൽകിയിട്ടുണ്ട്.
കൺവന്‍ഷനു വേണ്ടി രജിസ്റ്റര്‍ ചെയ്‌തവർ രജിസ്‌ട്രേഷന്‍ ഫീസ് ആയും സ്‌പോൺസർഷിപ്പ് ആയും നൽകിയ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് രേഖാ മൂലം ലഭിച്ച കത്തുകൾ മുൻ പ്രസിഡണ്ട് മാധവൻ ബി.നായരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. ന്യൂജേഴ്‌സി കൺവെൻഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് പിരിച്ച തുക അത് തന്നവർക്കു തന്നെ മടക്കി നൽകിയെന്ന് മാധവൻ നായർ തന്നെ അറിയിച്ചിരുന്നു. ആ തുക എത്രയെന്നോ അത് ഏത് അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നോ ഏത് അക്കൗണ്ടിൽ നിന്നാണ് മടക്കി നൽകിയതെന്നോ മാധവൻ നായർ തന്നെ അറിയിച്ചിട്ടില്ലെന്നും സജിമോൻ വ്യക്തമാക്കി.
കേരള കൺവെൻഷന്റെ വരവുചെലവ് കണക്കുകൾ സംബന്ധിച്ചുള്ള എല്ലാ ഇൻവോയ്‌സുകളും ലഭിച്ചാൽ മാത്രമേ മുഴുവൻ അക്കൗണ്ടിങ്ങും പൂർത്തിയാക്കി ഓഡിറ്റ് ചെയ്യാൻ കഴിയുകയുള്ളൂ. കണക്കുകൾ ലഭിക്കുന്ന മാത്രയിൽ ഓഡിറ്റ് നടത്തി മുഴുവൻ വരവുചെലവു കണക്കുകൾ നാഷണൽ കമ്മിറ്റിയുടെയും ജനറൽ ബോഡിയുടെയും മുൻപാകെയും വയ്ക്കുന്നതാണെന്നും സജിമോൻ അറിയിച്ചു.കണക്കുകൾ എല്ലാം സുതാര്യമാണെന്നിരിക്കെ, നാഷണൽ കമ്മിറ്റിയിൽ ഇല്ലാത്തവർ വസ്തുത വിരുദ്ധമായ കാര്യങ്ങൾ ആരോപിച്ച് മാധ്യങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നത് അപലനീയമാണെന്നും സജിമോൻ ആന്റണി അറിയിച്ചു.
******
ഈ രണ്ടു വാര്‍ത്തകളില്‍ നിന്ന് നിന്ന് മനസ്സിലാകുന്നത് ഫൊക്കാനയില്‍ പ്രസിഡന്റടക്കം സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടെന്നാണ്. അങ്ങനെയെങ്കില്‍ ഇതിനു മുന്‍പുണ്ടായിരുന്ന കമ്മിറ്റിക്കും, ട്രസ്റ്റീ ബോര്‍ഡിനും, ഓഡിറ്റര്‍മാര്‍ക്കും അവരുടെ ഭരണ കാലയളവില്‍ നടന്ന സംഭവങ്ങള്‍ക്കും അറിവുണ്ടായിരുന്നിരിക്കാം. അത് വെളിച്ചത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്വം അംഗസംഘടനകള്‍ക്കും ജനറല്‍ കൗണ്‍സിലിനുമാണ്. കൂടാതെ ‘ഫൊക്കാന ഗ്ലോബല്‍ ഫൗണ്ടേഷന്‍’ എന്ന പേരില്‍ 2011 ജൂലൈ 12ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ത് ഉദ്ദേശത്തിലാണ്? ആരാണ് അതിന്റെ രജിസ്ട്രേഡ് ഏജന്റ്? ഫൊക്കാന ട്രസ്റ്റീ ബോര്‍ഡിന് എവിടെയൊക്കെ ആരുടെ പേരിലൊക്കെ ബാങ്ക് അക്കൗണ്ടുകളുണ്ട് എന്നീ വിവരങ്ങള്‍ നല്‍കാന്‍ മേല്പറഞ്ഞവര്‍ക്ക് ഉത്തരവാദിത്വമുണ്ട്.
ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനോ അധിക്ഷേപിക്കാനോ അല്ല, മറിച്ച് ഫൊക്കാനയുടെ നന്മ ആഗ്രഹിക്കുന്ന ഒരു അഭ്യുദയകാംക്ഷി എന്ന നിലയിലും, നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലും ചില സത്യങ്ങള്‍ അമേരിക്കന്‍ മലയാളികളെ അറിയിക്കേണ്ട ബാധ്യതയുള്ളതുകൊണ്ടു മാത്രമാണ് ഈ സുദീര്‍ഘമായ ലേഖനം എഴുതേണ്ടി വന്നത്.
വിശ്വാസം സ്ഥാപിക്കാൻ പ്രയാസമാണ്, പരിപാലിക്കാനും പ്രയാസമാണ്. എന്നാല്‍ തകർക്കാൻ എളുപ്പവുമാണ്. ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാത്തിലും ഏറ്റവും മൂല്യവത്തായതും സങ്കീർണ്ണവുമായ ഒന്നാണ് വിശ്വാസം. ആദ്യം നാം ചെയ്യേണ്ടത് നാം നമ്മെത്തന്നെ വിശ്വസിക്കണം, നമ്മുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരില്‍ വിശ്വാസം ജനിപ്പിക്കണം. എങ്കില്‍ മാത്രമേ എല്ലാ തുറകളിലുമുള്ള ആളുകളുമായുള്ള നമ്മുടെ ബന്ധത്തെ ഉറപ്പിക്കാനും സംഘടനയെ അഭിവൃദ്ധിയിലേക്ക് നയിക്കാനും സാധിക്കൂ.
2006-ലെ തിരഞ്ഞെടുപ്പു കേസ് കോടതിയിലെത്തിയപ്പോഴെങ്കിലും സമവായത്തിന് സമയമുണ്ടായിരുന്നു. പക്ഷെ, തല്പരകക്ഷികള്‍ക്ക് സ്ഥാനമാനം വേണം. സമവായപ്പെട്ടാല്‍ അത് നഷ്ടമാകും. അപ്പോള്‍ പിന്നെ കോടതിക്ക് ഒരൊറ്റ വഴിയേ ഉള്ളൂ…. തിരഞ്ഞെടുപ്പ് അസാധുവാക്കുക. അതുതന്നെ അന്നും സംഭവിച്ചു. മാത്രമല്ല, ഫൊക്കാനയുടെ സ്വത്വവും നഷ്ടമായി. അതിനു കാരണം ഒരു വിദേശ സംഘടനയായി 1998 ജൂണ്‍ 19-ന് മെരിലാന്റിലെ വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയില്‍ ‘ഫൊക്കാന’ (FOKANA) എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ടാണ്. വാദം കേള്‍ക്കാന്‍ കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ് ഏജന്റിന്റെ പേരില്‍ അയച്ചത് അദ്ദേഹം ആരേയും അറിയിക്കാതെ രഹസ്യമാക്കി വെച്ചതുകൊണ്ട് കേസ് തോറ്റു. കോടതിയാകട്ടേ കേസ് തള്ളിയെന്നു മാത്രമല്ല അന്നത്തെ തിരഞ്ഞെടുപ്പ് അസാധുവുമാക്കി. എന്നിട്ടും അടങ്ങിയിരിക്കാതെ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് ഫൊക്കാന എന്ന പേരു തന്നെ ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയത്. ആ സംഭവത്തിന്റെ ഒരു വിശദീകരണ യോഗം പിന്നീട് ക്വീന്‍സിലെ കേരള സെന്ററില്‍ സംഘടിപ്പിച്ചിരുന്നു. ലേഖകനും അന്ന് ആ വിശദീകരണ യോഗത്തില്‍ പങ്കെടുത്തിരുന്നു. നിരവധി ചോദ്യങ്ങളാണ് അന്നവിടെ ഉയര്‍ന്നു വന്നത്. പക്ഷെ, ആര്‍ക്കും വ്യക്തമായ ഉത്തരമോ കാരണമോ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് അസാധുവാക്കിയതു കാരണം ഫൊക്കാന നാഥനില്ലാ കളരിയായി. എന്നാല്‍, തിരഞ്ഞെടുപ്പില്‍ (കു)തന്ത്രം മെനഞ്ഞവര്‍ അതിന് മറുവഴി കണ്ടെത്തി. ഒരു താത്ക്കാലിക കമ്മിറ്റിയെ തട്ടിക്കൂട്ടുക. അങ്ങനെ തട്ടിക്കൂട്ടിയെടുത്ത കമ്മിറ്റിയിലുള്ളവരാണ് ഇപ്പോഴും കടിച്ചുതൂങ്ങിക്കിടന്ന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ശക്തമായ നേതൃത്വനിരയും കര്‍മ്മനിരതരായ പ്രവര്‍ത്തകരുമുണ്ടായിരുന്ന ഒരു സംഘടനയായിരുന്നു ഫൊക്കാന. എന്നാല്‍ സംഘടനയോട് കൂറു പുലര്‍ത്തിയിരുന്നവരേയും, ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചവരേയും ‘കറിവേപ്പില’യാക്കിയതോടെ അവരെല്ലാവരും ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് ‘ഫോമ.’ വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന സംഘടനകളുണ്ട്. എന്നാല്‍ ഫൊക്കാനയില്‍ പിളര്‍പ്പുണ്ടാക്കിയവരല്ല ഫോമ പ്രവര്‍ത്തകര്‍. ഇപ്പോഴും ഫൊക്കാനയില്‍ അള്ളിപ്പിടിച്ചിരിക്കുന്നവര്‍ അവരെക്കൊണ്ട് അത് ചെയ്യിക്കുകയായിരുന്നു.
അമേരിക്കയില്‍ ഒരു സംഘടന എങ്ങനെ പ്രവര്‍ത്തിക്കണം മറ്റു സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും എങ്ങനെ മാതൃകയാകണം എന്നൊക്കെയുള്ള ഒരു സാമാന്യ ബോധമെങ്കിലും നേതൃനിരയിലുള്ളവര്‍ക്ക് വേണം. ഒരു നൈതിക സംഘടനാ സംസ്കാരം സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത സംഘടനകള്‍ക്ക് പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും ശ്രദ്ധേയമായ മാർഗ്ഗങ്ങളിലൊന്നാണ് മികച്ച, സംഘടനാപാടവമുള്ള നേതാക്കള്‍. അവരാണ് സംഘടനയെ നേര്‍വഴിക്ക് നയിക്കേണ്ടവര്‍. സംഘടനകളിലായാലും ജോലി സ്ഥലത്തായാലും സ്വീകാര്യമെന്ന് കരുതുന്ന തരത്തിലുള്ള പെരുമാറ്റത്തിന്റെ ഉദാഹരണമായി മറ്റുള്ളവര്‍ മികച്ച മാനേജുമെന്റിന്റെ പെരുമാറ്റത്തിലേക്കാണ് നോക്കുന്നത്. പ്രവർത്തനങ്ങൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു. അതിനാൽ നേതൃത്തിലിരിക്കുന്നവര്‍ ധാർമ്മിക സ്വഭാവം കാണിക്കുമ്പോൾ, അത് മറ്റുള്ളവര്‍ക്ക് നല്ലൊരു സന്ദേശവും നല്‍കുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ മാസം മുതലാണ് ഫൊക്കാനയില്‍ പൊട്ടിത്തെറി ആരംഭിക്കുന്നത്. അതിനു മുന്‍പ് പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പരസ്പരം പുറം ചൊറിയുന്ന നേതാക്കളാണ് ഭൂരിഭാഗം പേരും. എന്നാല്‍, ആത്മാര്‍ത്ഥതയോടെ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെയധികമുണ്ട്. പക്ഷെ, ആത്മാര്‍ത്ഥതയല്ല പുറം ചൊറിയലും പാടിപ്പുകഴ്ത്തലുമാണ് ഈ സംഘടനയില്‍ തുടരാനുള്ള യോഗ്യതയെന്ന് തിരിച്ചറിഞ്ഞ പലരും ഈ സംഘടനയോട് വിട പറഞ്ഞിട്ടുണ്ട്. അതിന്റെ പ്രധാന കാരണക്കാര്‍ നേതാക്കള്‍ തന്നെ.
ഫൊക്കാന എന്ന പേരില്‍ ഐ ആര്‍ എസിലും വിവിധ സംസ്ഥാനങ്ങളിലും എത്ര രജിസ്ട്രേഷനുകള്‍ ഉണ്ട്? ഫൊക്കാനയുടെ യഥാര്‍ത്ഥ രജിസ്ട്രേഷന്‍ എവിടെയാണ്?, ഏതു ബാങ്കിലാണ് അക്കൗണ്ടുകള്‍?, എന്തുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷമായിട്ടും കണക്കുകള്‍ യഥാവിധി ബോധിപ്പിക്കുകയോ ഓഡിറ്റ് ചെയ്യുകയോ ചെയ്യാത്തത്? എന്തുകൊണ്ട് ട്രസ്റ്റീ ബോര്‍ഡ് അതില്‍ നിസ്സംഗത പാലിച്ചു, ഒരു മത സംഘടനയ്ക്ക് എങ്ങനെയാണ് ഫൊക്കാനയില്‍ അംഗത്വം നല്‍കിയത്?, തുടങ്ങിയ വിവരങ്ങള്‍ അടുത്തതില്‍…..
(തുടരും……)