ഭോപ്പാൽ: മധ്യപ്രദേശിലെ രേവയിൽ കുഴൽക്കിണറിൽ വീണ ആറുവയസ്സുകാരനെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം മണിക്കൂറുകളായി തുടരുകയാണ്. പുതിയ അപ്‌ഡേറ്റിൽ, കുഴൽക്കിണറിനോട് ചേർന്ന് 40 അടി താഴ്ചയുള്ള കുഴിയാണ് എൻഡിആർഎഫ് സംഘം കുഴിച്ചത്.
വെള്ളിയാഴ്ച വൈകി ബനാറസിൽ നിന്ന് (ഉത്തർപ്രദേശ്) എൻഡിആർഎഫ് സംഘത്തെ വിളിച്ചതായി രേവ ജില്ലാ കളക്ടർ പ്രതിഭാ പാൽ അറിയിച്ചു.
കുട്ടി 50-60 അടി ആഴത്തിലാണ് കുടുങ്ങിക്കിടക്കുന്നത്. കുട്ടിയുടെ അവസ്ഥ നിരീക്ഷിക്കാൻ ക്യാമറ താഴ്ത്തിയിട്ടുണ്ട്. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ കുട്ടിയെ രക്ഷിക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.
ജില്ലാ ആസ്ഥാനമായ രേവയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള തെയോന്തർ തഹസിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
വെള്ളിയാഴ്ച വൈകുന്നേരം മായങ്ക് കോൾ എന്ന കുട്ടി സുഹൃത്തുക്കളോടൊപ്പം വയലിൽ കളിക്കുന്നതിനിടെ തുറന്ന കുഴൽക്കിണറിൽ വീണുവെന്നാണ് ഔദ്യോഗിക വിവരം.
കുട്ടിയുടെ സുഹൃത്തുക്കൾ മാതാപിതാക്കളെ വിവരമറിയിച്ചതനുസരിച്ച് ലോക്കൽ പോലീസിൽ വിവരമറിയിക്കുകയും രാത്രിയോടെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ, മധ്യപ്രദേശിൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പന്ത്രണ്ടോളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, മിക്ക കേസുകളിലും ഇരകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന സർക്കാർ കഴിഞ്ഞ ഒന്നര വർഷത്തിനിടെ നിരവധി വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുകയും കുഴൽക്കിണറുകള്‍ തുറന്നുകിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ഈ പുതിയ സംഭവം വെളിപ്പെടുത്തുന്നത്, മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകളെല്ലാം കടലാസിൽ മാത്രമായി ഒതുങ്ങുകയും, മായങ്ക് കോൾ എന്ന കുട്ടി അതിൻ്റെ പുതിയ ഇരയായി മാറുകയും ചെയ്തു എന്നാണ്.