വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിൽ ശനിയാഴ്ച ഇറാനിൽ നിന്ന് 100-ലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഇറാഖിലെയും ജോർദാനിലെയും സുരക്ഷാ സ്രോതസ്സുകൾ ഡസൻ കണക്കിന് ഡ്രോണുകള്‍ തലക്ക് മുകളിലൂടെ പറക്കുന്നതായി റിപ്പോർട്ട് ചെയ്തു. അതേസമയം, ചിലത് യുഎസ് സൈന്യം വെടിവച്ചിട്ടതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമണത്തിന് കാര്യമായ പ്രതികരണമുണ്ടാകുമെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേലിൻ്റെ ചാനൽ 12 ടിവി
റിപ്പോര്‍ട്ട് ചെയ്തു.
ഇറാൻ സൈന്യം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം പറഞ്ഞെങ്കിലും, ഇസ്രായേലിൽ ഈ ആക്രമണം ഉണ്ടായതായി ഉടനടി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ ഇറാനിയന്‍ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് മുതിർന്ന കമാൻഡർമാരുൾപ്പെടെ ഏഴ് ഗാർഡ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തിരുന്നു.. കോൺസുലേറ്റ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഇസ്രായേൽ ഇനി മറ്റൊരു തെറ്റ് ചെയ്താൽ, ഇറാൻ്റെ പ്രതികരണം കൂടുതൽ കഠിനമായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ മിഷൻ പറഞ്ഞു. അതോടൊപ്പം “അകലം” പാലിക്കാന്‍ അമേരിക്കക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ആക്രമണത്തിനെതിരെ വെള്ളിയാഴ്ച ഇറാന് മുന്നറിയിപ്പ് നൽകിയ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളെ കാണുന്നതിനായി തൻ്റെ സ്വന്തം സംസ്ഥാനമായ ഡെലാവെയറിലേക്കുള്ള സന്ദർശനം വെട്ടിച്ചുരുക്കി. ഇസ്രായേലിനൊപ്പം നിൽക്കുമെന്നാണ് ബൈഡന്റെ തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെൽ അവീവിലെ സൈനിക ആസ്ഥാനത്ത് യുദ്ധ കാബിനറ്റ് വിളിച്ചു ചേർത്തതായി അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. ഭീഷണി നേരിടുന്ന ഏത് പ്രദേശങ്ങളിലും സൈറണുകൾ മുഴങ്ങുമെന്നും ഡ്രോണുകളെ നേരിടാൻ തങ്ങളുടെ പ്രതിരോധം സജ്ജമാണെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.
“മിസൈലുകൾ വരുമ്പോൾ ഷെൽട്ടറുകളിൽ എത്താൻ ഏകദേശം 20 സെക്കൻഡ് ഞങ്ങൾക്കുണ്ട്. ഇവിടെ, മുന്നറിയിപ്പ് മണിക്കൂറുകൾക്ക് മുമ്പാണ് വരുന്നത്. ഇത് സ്വാഭാവികമായും ഇസ്രായേലി പൊതുജനങ്ങൾക്കിടയിൽ ഉത്കണ്ഠയുടെ തോത് ഉയർത്തുന്നു,” ചാനൽ 12 ടിവി ലേഖകൻ നിർദ്വോറി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിലെ താമസക്കാരോട് ബോംബ് ഷെൽട്ടറുകൾക്ക് സമീപം നിൽക്കാൻ ഇസ്രായേൽ സൈന്യം പറഞ്ഞു. ഡ്രോൺ ആക്രമണത്തിൽ നിന്നുള്ള പ്രത്യാഘാതങ്ങൾക്കായി പ്രദേശം സജ്ജമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി തങ്ങളുടെ വ്യോമാതിർത്തി അടയ്ക്കുകയാണെന്ന് ഇസ്രായേലും ലെബനനും അറിയിച്ചു. ഇറാനും ഇസ്രായേലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ജോർദാൻ, തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്ന ഏതെങ്കിലും ഡ്രോൺ അല്ലെങ്കിൽ മിസൈൽ തടയാൻ വ്യോമ പ്രതിരോധം തയ്യാറാക്കിയിട്ടുണ്ടെന്ന് രണ്ട് പ്രാദേശിക സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, കനത്ത വ്യോമാക്രമണം കേട്ടതായി ജോർദാനിലെ പല നഗരങ്ങളിലെയും നിവാസികൾ പറഞ്ഞു.
ഇറാൻ്റെ സഖ്യകക്ഷിയായ സിറിയ, തലസ്ഥാനത്തിനും പ്രധാന താവളങ്ങൾക്കും ചുറ്റും തങ്ങളുടെ ഗ്രൗണ്ട് ടു എയർ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഫ്രാൻസ്, മെക്സിക്കോ, ചെക്കിയ, ഡെൻമാർക്ക്, നോർവേ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഇറാൻ്റെ ആക്രമണത്തെ അപലപിച്ചു.
കഴിഞ്ഞയാഴ്ച ഡമാസ്കസ് കോൺസുലേറ്റ് ആക്രമണത്തിനെതിരെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഇറാൻ്റെ മണ്ണിൽ നടത്തിയതിന് തുല്യമായ ഒരു ഓപ്പറേഷനിൽ ഇസ്രായേലിനെ “ശിക്ഷിക്കണം, ശിക്ഷിക്കപ്പെടണം” എന്ന് ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തു.