ബംഗളൂരു: ഇറാൻ സൈന്യം പിടിച്ചെടുത്ത പോർച്ചുഗീസ് ചരക്കുകപ്പലിലെ 17 ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടെഹ്‌റാൻ പ്രതികരിച്ചെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിങ്കളാഴ്ച പറഞ്ഞു. ഇന്ത്യൻ എംബസിയും ഇറാൻ അധികൃതരും തമ്മിൽ ചില തുടർ സംഭാഷണങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഇന്നലെ രാത്രി, ഞാൻ ഇറാനിയൻ അധികൃതരുമായി (ഹുസൈൻ അമീർ-അബ്ദുള്ളാഹിയൻ) സംസാരിച്ചു. ഇന്ത്യയിൽ നിന്നുള്ള 17 ക്രൂ അംഗങ്ങള്‍ കപ്പലില്‍ ഉണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അവരെ വിട്ടയക്കണമെന്നും തടങ്കലിൽ വയ്ക്കരുതെന്നും പറഞ്ഞിട്ടുണ്ട്,” ജയശങ്കര്‍ ഇവിടെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ശനിയാഴ്ചയാണ് ഹോർമുസ് കടലിടുക്കിന് സമീപം ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തത്. 17 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുള്ളത്.
കഴിയുന്നത്ര വേഗത്തിൽ അവരെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരാന്‍ ഞാൻ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.