ഷിക്കാഗോ: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളിൽ നാല് ദശകങ്ങളിലേറെയായി പൈതൃകവും പാരമ്പര്യവും സമഗ്രമായി പിന്തുടർന്ന് ഹൈന്ദവ ആചാരങ്ങൾ അനുഷ്ഠിക്കുന്ന ഷിക്കാഗോ ഗീതാമണ്ഡലം വിഷു പൂജയും ആഘോഷങ്ങളും ഏപ്രിൽ 13ന് ശനിയാഴച രാവിലെ പത്തു മണിമുതല്‍ ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തിൽ വച്ച് നടന്നു.
മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തു. മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗീതാമണ്ഡലം കുടുംബാംഗങ്ങൾ നൽകുന്ന ഊർജം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ കാലംകൊണ്ട് തന്നെ കണ്ടുമടുത്ത നിർജീവ സംഘടനാ പ്രവർത്തനത്തിൽ നിന്ന് വ്യത്യസ്തമായി മലയാളി ഹൈന്ദവ കുടുംബങ്ങളിൽ തരംഗമാവാന്‍ മന്ത്രക്ക് സാധിച്ചു എന്ന് മന്ത്ര പ്രസിഡന്റിന് സ്വാഗതമരുളിക്കൊണ്ട് ഗീതാമണ്ഡലം പ്രസിഡന്റ് ജയ്ചന്ദ്രൻ അഭിപ്രായപ്പെട്ടു. മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗീതാമണ്ഡലം കുടുംബാംഗങ്ങൾ നൽകുന്ന ഊർജം വിലമതിക്കാനാവാത്തതാണെന്ന് ശ്യാം ശങ്കർ അറിയിച്ചു. മന്ത്ര ആദ്ധ്യാത്മിക അദ്ധ്യക്ഷൻ ആനന്ദ് പ്രഭാകർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മഹാഗണപതി ഹോമങ്ങളോടെയാണ് ഈ വർഷത്തെ മഹാവിഷു പൂജകൾ ആരംഭിച്ചത്. തുടർന്ന് പുരുഷസൂക്തങ്ങളാലും ശ്രീ സൂക്തങ്ങളാലും വിശേഷാൽ ശ്രീകൃഷ്ണ പൂജ നടത്തി. അതിനുശേഷം കണിക്കൊന്നയാൽ അലങ്കരിച്ച ക്ഷേത്രങ്കണത്തിൽ, സർവ്വാഭരണ വിഭൂഷിതനായ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനു മുന്നിൽ ഏഴുതിരി വിളക്കുകൾ തെളിച്ച്, പാരമ്പര്യത്തിന്റെ പ്രൗഢിയെ ഓര്‍മ്മിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങളും സമ്മേളിച്ച ഓട്ടുരുളികളിൽ, ഗ്രന്ഥവും പഴുത്ത അടക്കയും വെറ്റിലയും കോടി വസ്ത്രവും വാല്‍ക്കണ്ണാടിയും കണിക്കൊന്നയും കണിവെള്ളരിയും, കണ്‍മഷി, ചാന്ത്, സിന്ദൂരം തുടങ്ങിയവയും നാളികേരമുറിയും നാരങ്ങയും, ചക്കയും, മത്തനും, കുമ്പളങ്ങയും, മാങ്ങയും, നാണയവും തുടങ്ങി നയനാനന്ദകരവും, ഐശ്വര്യദായകവുമായ വിഭവങ്ങളോടുകൂടിയ കണിയാണ് ഷിക്കാഗോ ഗീതാമണ്ഡലം ഒരുക്കിയത്.