ടെഹ്‌റാൻ: ജൂതരാഷ്ട്രം അടങ്ങിയിരുന്നില്ലെങ്കില്‍ ഞങ്ങള്‍ വീണ്ടും തിരിച്ചടിക്കുമെന്ന് ഇറാന്‍. തുര്‍ക്കി വിദേശകാര്യമന്ത്രിയുമായി സംസാരിച്ചപ്പോഴാണ് ഇറാനിയന്‍ മന്ത്രിയുടെ മുന്നറിയിപ്പ്. ഇസ്രായേലില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിൽ പുതിയ ആക്രമണം നടത്തില്ലെന്ന് ടെഹ്‌റാൻ അങ്കാറയ്ക്ക് ഉറപ്പ് നൽകിയതായി തുർക്കി നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു.
നേരത്തെ, തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ ഇറാനിയൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാനുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഈ സമയത്ത് മിഡിൽ ഈസ്റ്റിൽ സംഘര്‍ഷം വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് തുര്‍ക്കി ആശങ്ക പ്രകടിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
“ഇസ്രായേലിനെതിരായ പ്രതികാര നടപടി പൂർത്തിയായതായി ഇറാൻ വിദേശകാര്യ മന്ത്രാലയ തലവൻ ഹുസൈൻ അമിറാബ്ദൊല്ലാഹിയൻ പറഞ്ഞു. ഇസ്രായേലിന്റെ ധാര്‍ഷ്ട്യത അവസാനിപ്പിച്ച് അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലെങ്കില്‍ കൂടുതൽ നടപടികളിലേക്ക് ഇറാൻ നീങ്ങും. ഒരു പുതിയ ആക്രമണം നടന്നാൽ, ടെഹ്‌റാൻ്റെ പ്രതികരണം കൂടുതൽ തീവ്രമായിരിക്കും,” വൃത്തങ്ങള്‍ പറഞ്ഞു.