ഷിക്കാഗോ: മലയാളികൾ ഗൃഹാതുരതയോടെ ആഘോഷിക്കുന്ന മഹാവിഷു സമാനതകൾ ഇല്ലാതെ വിപുലമായി ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ആഘോഷിച്ചു.
കണിക്കൊന്നയാൽ അലങ്കരിച്ച ക്ഷേത്രങ്കണത്തിൽ സർവ്വാഭരണ വിഭുഷിതനായ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനു മുന്നിൽ എഴുതിരി വിളക്കുകൾ തെളിച്ച് പാരമ്പര്യത്തിന്റെ പ്രൗഢിയെ ഓര്‍മ്മിപ്പിക്കുന്ന സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും, കണിവെള്ളരിയും, കാർക്ഷിക വിളകളും, പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ് ചിക്കാഗോ ഗീതാമണ്ഡലം ചിക്കാഗോയിലെ സദ് ജനങ്ങൾക്കായി ഒരുക്കിയത്.
ഈ വർഷത്തെ മഹാവിഷു ഏപ്രില്‍ 13 ശനിയാഴ്ച രാവിലെ മേൽശാന്തി ബിജു കൃഷ്ണന്റെ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് ഗീതാമണ്ഡലം കുടുംബാംഗങ്ങൾ ചേർന്ന് നടത്തിയ നാരായണീയ പാരായണവും, ഗീതാമണ്ഡലത്തിലെ കുട്ടികൾ ചേർന്ന് നടത്തിയ ഗീത പാരായണവും വേറിട്ട ആത്മീയ അനുഭൂതിയാണ് ഭക്തജനങ്ങൾക്ക് നൽകിയത്. ഈ വർഷത്തെ വിഷുവിന്റെ ഏറ്റവും വലിയ പ്രത്യകത ഉണ്ണിക്കണ്ണനായി വന്ന ബേബി അതിഥി രാജേഷ് ആയിരുന്നു. ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ ഭാവലയതാളങ്ങൾ ഉൾകൊണ്ട് ചൊരിഞ്ഞ അനുഗ്രഹവർഷങ്ങൾ എല്ലാ ഭക്തജനങ്ങളുടെയും മനം കവർന്നു.
വിഷുക്കണി കണ്ട ശേഷം, കുട്ടികൾക്കും മുതിര്‍ന്നവർക്കും, മാതൃവാത്സല്യത്തിന്റെ നിറദീപമായ ഗീതാമണ്ഡലത്തിലെ ശതാബ്ദി ആഘോഷിക്കുന്ന മുതിർന്ന അമ്മ ശ്രീമതി കമലാക്ഷി കൃഷ്ണൻ വിഷുകൈനീട്ടം നൽകി. അതിനുശേഷം, കുടുംബാംഗങ്ങളുടെ കലാപരിപാടിയും ഉണ്ടായിരുന്നു.
തുടർന്ന് നടന്ന വിഭവസമൃദ്ധമായ വിഷു സദ്യയോടെ 2024ലെ വിഷു ചടങ്ങുകൾ സമാപിച്ചു.
വിഷു മലയാളികൾക്ക് കേവലം ആഘോഷദിനങ്ങളോ, വെറും കലോത്സവങ്ങളോ അല്ല, മറിച്ച് അതൊരു സംസ്കാരത്തിന്റെ ജീവപ്രവാഹിനി ആണ് എന്ന് നാം മനസിലാക്കുകയും ഇത് പോലുള്ള ഒത്തു ചേരലുകളിലൂടെ, അടുത്ത തലമുറക്ക് മനസിലാക്കികൊടുക്കുമ്പോൾ മാത്രമേ മലയാളികളെന്ന നിലയില്‍ പൂര്‍വിക പുണ്യം നമ്മില്‍ വര്ഷിക്കപ്പെടൂ. എന്ന് ഈ വർഷത്തെ മുഖ്യാതിഥിയായി എത്തിയ “മന്ത്ര”യുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദു) പ്രസിഡണ്ട് ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു.
വിഷുക്കണിയില്‍ എറ്റവും പ്രധാനം ഭഗവദ് സ്മരണയും ദര്‍ശനവുമാണ്. അങ്ങനെ ഭഗവാനെ സ്മരിച്ച് അവിടുത്തെ ദര്‍ശിച്ച് നാം പുതിയൊരു വര്‍ഷത്തിലേയ്ക്കു കാലെടുത്തുവെയ്ക്കുന്നു. ഈശ്വരസമര്‍പ്പണമാണ് ഏല്ലാ വിജയത്തിനും ആധാരം. അതിനാല്‍ ജീവിതത്തില്‍ നാം ഈശ്വരന് പ്രഥമസ്ഥാനം നല്‍കണം.
ഈശ്വരസ്മരണ കൂടാതെയുള്ള ജീവിതം വ്യര്‍ത്ഥമാണ് എന്ന് ഗീതാമണ്ഡലം പ്രസിഡണ്ട് ശ്രീ ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ വിഷുആഘോഷം വിപുലവും കേരളീയതയും നിലനിർത്തി മനോഹരമാക്കാന്‍ സഹകരിച്ച എല്ലാ ബോർഡ് മെമ്പേർസിനും, ശ്രീ ബിജു കൃഷ്ണൻ, ശ്രീ ആനന്ദ് പ്രഭാകർ, രശ്മി ബൈജു, പ്രജീഷ്, ശ്രുതി, രാജേഷ്, രവി, തുടങ്ങി അനേകം പ്രവർത്തകർക്കും, ഗീതാമണ്ഡലം വനിതാ പ്രവർത്തകർക്കും, വിഷു കൈനീട്ടം സ്പോൺസർ ചെയ്ത കൃഷ്ണൻ ഫാമിലിക്കും, വിഷു ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങൾക്കും സെക്രട്ടറി ബൈജു എസ്. മേനോനും പ്രത്യേകം നന്ദി അറിയിച്ചു.