കാഠ്മണ്ഡു: നേപ്പാളിൽ ഹിന്ദുരാഷ്ട്രത്തിനുള്ള ആവശ്യം വീണ്ടും വർധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഹിന്ദു രാഷ്ട്ര അനുകൂലികൾ നടത്തിയ പ്രകടനത്തില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. പോലീസും സമരക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. അതിനിടെ, സമരക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചു. രാജ്യത്ത് രാജഭരണം പുനഃസ്ഥാപിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
രാജ്യത്തെ ദേശീയവാദികളായ ‘രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി’യുടെ പിന്തുണയാണ് പ്രതിഷേധക്കാർക്ക്. നേപ്പാളിലെ ഏറ്റവും വലിയ അഞ്ചാമത്തെ കക്ഷിയാണ് രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി. രാജവാഴ്ച പുനഃസ്ഥാപിക്കുക, ഹിന്ദു രാഷ്ട്രം, ഫെഡറൽ സംവിധാനം എന്നിവയാണ് ഞങ്ങളുടെ പ്രധാന ആവശ്യങ്ങളെന്ന് പാർട്ടി വക്താവ് മോഹൻ ശ്രേഷ്ഠ പറഞ്ഞു.
കാഠ്മണ്ഡുവിലെ പ്രധാന സർക്കാർ കെട്ടിടങ്ങൾക്ക് സമീപം പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. നിരോധിത മേഖലയിലേക്ക് പ്രതിഷേധക്കാർ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.