ഇന്ത്യക്കാരിയായ യുവതി മക്കളുടെ സം‌രക്ഷണത്തിനായി പാക്കിസ്താനില്‍ പോരാടുന്നു

ഇസ്ലാമാബാദ്: വിവാഹ മോചനത്തിന്റെ പേരില്‍ ഇന്ത്യാക്കാരിയായ യുവതി തന്റെ മക്കളുടെ സം‌രക്ഷണത്തിനായി പാക്കിസ്താനില്‍ നിയമ പോരാട്ടം തുടങ്ങിയതായി റിപ്പോര്‍ട്ട്. മുംബൈ സ്വദേശിനിയായ ഫർസാന ബീഗമാണ് തൻ്റെ കുട്ടികളുടെ സംരക്ഷണത്തിനായി പോരാടുന്നത്. മക്കളുടെ ജീവൻ അപകടത്തിലാണെന്നും അവരെക്കൂടാതെ ഇന്ത്യയിലേക്ക് തിരിച്ചുപോകുകയില്ലെന്നാണ് ഫര്‍സാന പറയുന്നത്.

2015ൽ അബുദാബിയിൽ വെച്ചാണ് പാക് പൗരനായ മിർസ മുബിൻ ഇലാഹിയെ ഫർസാന ബീഗം വിവാഹം കഴിച്ചത്. പിന്നീട്, 2018 ൽ പാക്കിസ്താനിലെത്തിയ ദമ്പതികൾക്ക് രണ്ടു കുട്ടികള്‍ പിറന്നു – ഏഴും ആറും വയസ്സുള്ള രണ്ട് ആൺമക്കളാണവര്‍ക്കുള്ളത്.

മക്കളുടെ സംരക്ഷണം സംബന്ധിച്ച തർക്കവും മക്കളുടെ പേരിലുള്ള ചില സ്വത്തുക്കളും സംബന്ധിച്ച തർക്കത്തിൻ്റെ പേരിൽ ഭർത്താവ് പീഡിപ്പിച്ചെന്നാരോപിച്ചാണ് ഫർസാനയുടെ കേസ് പൊതുശ്രദ്ധ നേടിയത്.

തന്നെ വിവാഹമോചനം ചെയ്‌തുവെന്ന ഭർത്താവിൻ്റെ വാദങ്ങൾ ഫർസാന നിരസിച്ചു, “അദ്ദേഹം എന്നെ വിവാഹമോചനം ചെയ്‌തിട്ടുണ്ടെങ്കിൽ,അതിന്റെ രേഖകളും ഉണ്ടായിരിക്കണം,” ഫര്‍സാന പറയുന്നു.

“സ്വത്ത് തർക്കത്തിന്റെ പേരില്‍ എൻ്റെയും എൻ്റെ കുട്ടികളുടെയും ജീവൻ പാക്കിസ്താനില്‍ അപകടത്തിലാണ്. ഞാൻ ലാഹോറിലെ റഹ്മാൻ ഗാർഡനിലുള്ള എൻ്റെ വീട്ടിൽ ഒതുങ്ങി കഴിയുകയാണ്. ഞാനും എൻ്റെ കുട്ടികളും പട്ടിണി സഹിച്ചാണ് ജീവിക്കുന്നത്,” അവര്‍ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

മക്കളില്ലാതെ സ്വന്തം നാട്ടിലേക്ക് പോകാൻ വിസമ്മതിക്കുന്ന ഫർസാന കേസ് തീർപ്പാക്കുന്നതുവരെ തനിക്ക് സംരക്ഷണം നൽകണമെന്ന് പാക്കിസ്താന്‍ സർക്കാരിനോട് ആവശ്യപ്പെട്ടു.

“എൻ്റെ മക്കളുടെ പേരിൽ ലാഹോറിൽ ചില സ്വത്തുക്കൾ ഉണ്ട്. എൻ്റെയും കുട്ടികളുടെയും പാസ്‌പോർട്ടുകൾ എൻ്റെ ഭർത്താവിൻ്റെ കൈവശമാണ്,” ഫര്‍സാന പറഞ്ഞു.

മുബിൻ ഇലാഹിയുടെ രണ്ടാം ഭാര്യയാണ് ഫർസാന
ഇലാഹിക്ക് ഇതിനകം ഒരു പാക്കിസ്താന്‍കാരിയായ ഭാര്യയും കുട്ടികളുമുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാനും തൻ്റെ രണ്ട് ആൺമക്കളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ നിയന്ത്രണം തട്ടിയെടുക്കാനും ഭര്‍ത്താവ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് ഫർസാന ആരോപിക്കുന്നു.

ഫർസാനയുടെ പാസ്‌പോർട്ട് കൈവശമുണ്ടായിരുന്നിട്ടും വിസയുടെ കാലാവധി കഴിഞ്ഞുവെന്ന വ്യാജവാർത്തകൾ മുബിൻ ഇലാഹി പ്രചരിപ്പിക്കുകയാണെന്ന് ഫർസാനയുടെ അഭിഭാഷകൻ മൊഹ്‌സിൻ അബ്ബാസ് പറഞ്ഞു.

തൻ്റെ വിസയുടെ സ്റ്റാറ്റസ് സംബന്ധിച്ച് ഫർസാനയ്ക്ക് വ്യക്തതയില്ലെന്നും മക്കളില്ലാതെ താൻ ഇന്ത്യയിലേക്ക് തിരിച്ചു പോകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാലും കേസ് നഗരത്തിലെ സംസാരവിഷയമായി. മക്കളില്ലാതെ ഞാൻ ഒരിക്കലും ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന വാശിയിലാണ് ഫർസാന.

കേസിനെക്കുറിച്ചും തൻ്റെ നിലപാടുകളെക്കുറിച്ചും ഫർസാന വാചാലയായപ്പോൾ, ഇലാഹിയാകട്ടേ ഈ വിഷയത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കാതെ നിശബ്ദനാണ്.

തന്നെ പീഡിപ്പിച്ചുവെന്ന ഭർത്താവിൻ്റെ ആരോപണവും ഫർസാന തള്ളിക്കളഞ്ഞു. തൻ്റെ മക്കളെ കസ്റ്റഡിയിലെടുത്തതിൻ്റെയും പാക്കിസ്താനിലെ അവരുടെ സ്വത്തുക്കൾ കൈവശം വയ്ക്കുന്നതിലെയും കാതലായ പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഇലാഹി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

“എൻ്റെ വിസ കാലഹരണപ്പെട്ടുവെന്ന് ഉറപ്പാക്കാൻ ഇലാഹി നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം, ഞാൻ പാക്കിസ്താന്‍ വിടാൻ നിർബന്ധിതയാകുകയാണ്. പക്ഷേ എൻ്റെ മക്കളില്ലാതെ ഞാൻ പോകില്ല,” ഫർസാന ഉറപ്പിച്ചു പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News