വാഷിംഗ്ടൺ ഡി.സി: പാരമ്പര്യത്തിന്റേയും, സാമുദായിക ചൈതന്യത്തിന്റേയും വർണ്ണാഭമായ ചടങ്ങുകളോടെ, വാഷിംഗ്ടൺ ഡി.സി.യിലെ ശ്രീ നാരായണ മിഷൻ സെന്റർ, ഈ കഴിഞ്ഞ ഏപ്രിൽ പതിമൂന്നാം തീയതി, വിഷു ആഘോഷം സംഘടിപ്പിച്ചു.
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട സമ്പന്നമായ ഈ സാംസ്ക്കാരിക പൈതൃകത്തെ അതിന്റെ തനതായ രീതിയിൽ ആഘോഷിക്കാൻ കഴിയുന്നതിൽ ഈശ്വരനോട് നന്ദി പറഞ്ഞു കൊണ്ടും, ഈ വിഷുദിനം എല്ലാ കുടുംബാംഗങ്ങൾക്കും സമാധാനവും ഐശ്വര്യവും സന്തോഷവും നൽകട്ടെ എന്ന് ആശംസിച്ചു കൊണ്ടും ശ്രീനാരായണ മിഷൻ സെന്റർ പ്രസിഡന്റ് എല്ലാവരേയും സ്വാഗതം ചെയ്തു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും സെക്രട്ടറി തന്റെ കൃതജ്ഞത രേഖപ്പെടുത്തി.
ആഘോഷങ്ങളുടെ കേന്ദ്രബിന്ദു, വിഷുക്കണി വരാനിരിക്കുന്ന വർഷത്തേക്കുള്ള ഐശ്വര്യത്തിന്റേയും സമ്യദ്ധിയുടേയും പ്രതീകമായി. ഗുരുദേവ പ്രാർത്ഥനയോടെ വിഷു ആഘോഷം സമാരംഭിച്ചു. പ്രായഭേദമെന്യേ ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും വിഷുകൈനീട്ടം നല്കി. കുടുബാംഗങ്ങളും കുട്ടികളും ചേർന്നൊരുക്കിയ വർണ്ണശഭളമായ കലാവിരുന്ന്, കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റേയും കാലാതീതമായ പാരമ്പര്യങ്ങളുടെയും പ്രതീകമായി വർത്തിച്ചു. അംഗങ്ങൾ സ്നേഹപൂർവ്വം സ്വന്തം ഭവനങ്ങളിൽ പാകം ചെയ്ത സമൃദ്ധമായ വിഭവങ്ങൾ വിഷു സദ്യയുടെ മാറ്റു കൂട്ടി.
ആഘോഷങ്ങൾ സമാപിച്ചപ്പോൾ, ഹൃദയങ്ങൾ വിഷുവിന്റെ അനുഗ്രഹങ്ങളാൽ നിറഞ്ഞു. പങ്കെടുത്തവർ മടങ്ങിപോകുമ്പോൾ, വാഷിംഗ്ടൺ ഡിസിയിലെ ശ്രീനാരായണ മിഷൻ സെന്റർ നിർവചിക്കുന്ന സാമൂഹിക ഐക്യം, പാരമ്പര്യം എന്നിവയുടെ ചൈതന്യത്തെ ഉദാഹരിക്കുന്ന ഒരു ആഘോഷത്തിന്റെ സ്മരണകൾ അവർക്കൊപ്പം കൊണ്ടുപോയി. ശ്രീനാരായണ മിഷൻ സെന്റർ ട്രഷറർ നന്ദി പറഞ്ഞുകൊണ്ട് വിഷു ആഘോഷങ്ങൾ സമാപിച്ചു.