ന്യൂജെഴ്സി: ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്തിയെന്നാരോപിച്ച് തെലങ്കാനയിലെ ഹൈദരാബാദ്, ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് തെലുങ്ക് വിദ്യാർത്ഥിനികളെ പോലീസ് അറസ്റ്റു ചെയ്തു.
സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഉപരിപഠനത്തിനായാണ് 20ഉം 21ഉം വയസ്സുള്ള ഈ വിദ്യാര്‍ത്ഥിനികള്‍ ന്യൂജെഴ്സിയിലെത്തിയത്. ഹോബോകെൻ ഷോപ്പ് റൈറ്റില്‍ നിന്ന് വാങ്ങിയ ചില സാധനങ്ങൾക്ക് പണം നൽകിയില്ലെന്ന് ആരോപിച്ച് മാർച്ച് 19 നാണ് ന്യൂജെഴ്സി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ്, ഗുണ്ടൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികൾ 27 ഇനങ്ങള്‍ക്ക് 155 ഡോളര്‍ നല്‍കിയെങ്കിലും രണ്ട് ഇനങ്ങൾക്ക് പണം നല്‍കിയില്ല എന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച സാധനങ്ങളുടെ മുഴുവൻ തുകയും അല്ലെങ്കിൽ ഇരട്ടി തുകയും നൽകാമെന്ന് വിദ്യാർത്ഥിനികളിൽ ഒരാൾ വാഗ്ദാനം ചെയ്തു. അതേസമയം, മറ്റേ വിദ്യാര്‍ത്ഥിനി, ഇനി മേലില്‍ ഇത്തരം കുറ്റകൃത്യം ചെയ്യുകയില്ലെന്നും അവരെ വിട്ടയക്കണമെന്നും പോലീസിനോട് അഭ്യർത്ഥിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല.
എന്തുകൊണ്ടാണ് ചില സാധനങ്ങൾക്ക് പണം നൽകാതിരുന്നതെന്ന പോലീസിന്റെ ചോദ്യത്തിന് തൻ്റെ അക്കൗണ്ടിൽ “പരിമിതമായ ബാലൻസ്” മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് വിശദീകരിച്ചപ്പോള്‍ മറ്റേ വിദ്യാര്‍ത്ഥി പറഞ്ഞത് “മറന്നുപോയി” എന്നാണ്.
ചെയ്തത് കുറ്റമാണെന്നും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കണമെന്നും വിദ്യാർഥികളെ പൊലീസ് അറിയിച്ചു. ഹൈദരാബാദ് വംശജരായ വിദ്യാർത്ഥിനികളോട് ന്യൂജെഴ്സിയിലെ ഈ ഷോപ്പില്‍ വീണ്ടും പ്രവേശിക്കില്ലെന്ന് രേഖാമൂലം സ്ഥിരീകരണം നൽകാൻ പോലീസ് ആവശ്യപ്പെട്ടു.
2015ൽ ടെന്നസിയിലുള്ള വാൾമാർട്ട് സ്റ്റോറിൽ നിന്ന് 4,500 ഡോളർ വിലമതിക്കുന്ന 155 റേസറുകൾ മോഷ്ടിച്ച രണ്ട് ഇന്ത്യൻ യുവതികളെ പിടികൂടിയിരുന്നു.