തൃശൂർ: തൃശൂരിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സി.എ.എ വിരുദ്ധ ജനകീയ പ്രതിരോധം പരിപാടിക്കെതിരെ കേസ് ചുമത്തിയ പോലീസ് നടപടി പ്രതിഷേധാർഹമാണ് എന്നും സി. എ. എ വിരുദ്ധ സമരങ്ങൾക്കെതിരെ കേസെടുക്കില്ല എന്ന പ്രഖ്യാപനം നിലനിൽക്കെ സർക്കാർ പൗരസമൂഹത്തെ വഞ്ചിക്കുകയാണ് എന്നും വെൽഫെയർ പാർട്ടി തൃശൂർ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ് നിസാർ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള കേസുകൾ പിൻവലിച്ചു എന്ന് നിരന്തരമായി നുണ പ്രചരിപ്പിക്കുന്ന പിണറായി സർക്കാർ ബി.ജെ.പി അനുകൂല നിലപാട് ആവർത്തിക്കുന്നതിൻ്റെ തെളിവാണ് ഈ പുതിയ കേസ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ ചാമ്പ്യൻ പട്ടത്തിനായി മത്സരിക്കുന്ന പിണറായി വിജയന് ആഭ്യന്തര വകുപ്പിലെയും പോലീസ് സേനയിലെയും സംഘ് അപ്രമാദിത്യത്തെ തിരുത്താനാവുന്നില്ലെന്നത് ലജ്ജാകരമാണ്. പൗരത്വ കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് കാലത്തെ സീസണൽ പ്രഖ്യാപനം മാത്രമായി മാറി. ഇന്നലെ ഫോർട്ട് കൊച്ചിയിൽ ഇസ്രയേൽ വിരുദ്ധ പോസ്റ്ററുകൾ കീറിയ വിദേശ വനിതകൾക്കെതിരെ കേസെടുക്കാൻ തയ്യാറാവാതിരുന്ന പോലീസ് ഈ സംഘ് പരിവാർ ദാസ്യവേല ആവർത്തിക്കുകയാണ്.
യു.പിയിൽ യോഗി ആദിത്യനാഥ് വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റിയംഗം ജാവേദ് മുഹമ്മദിനെ സംഘ്പരിവാർ വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ജയിലിലടച്ചിരുന്നു. സി.എ.എ നിയമത്തിനെതിരെ കേരളത്തിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വെൽഫെയർ പാർട്ടിയോട് ഇടത് സർക്കാരും പോലീസും യോഗി സർക്കാരിനെ പോലെ ശത്രുതാപരമായ നിലപാട് സ്വീകരിച്ച് വ്യാജ കേസുകൾ ചുമത്തുകയാണ്. പരിപാടിയിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ കേസ് ചുമത്തിയത് ഈ പ്രതികാര നടപടിയുടെ ഭാഗമാണ് എന്ന് ഞങ്ങൾ ആരോപിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് സി.എ.എ ക്കെതിരെ ഇന്ത്യയിൽ നടന്നത് എന്നിരിക്കെ സമാധാനപരമായി നടന്ന പ്രക്ഷോഭങ്ങളെ പോലീസിനേയും സംഘ്പരിവാർ ഗുണ്ടകളെയും ഉപയോഗിച്ച് വെടി വെച്ചും തല്ലിച്ചതച്ചും ഇല്ലാതാക്കാനുള്ള ആർ.എസ്.എസ് ഭരണകൂടത്തിൻ്റെ ശ്രമങ്ങൾക്കാണ് കേരള പോലീസ് ഒത്താശ ചെയ്തു കൊടുക്കുന്നത്. സി.എ.എ നിയമത്തോടും അതിന്റെ ഇരകളാകുന്ന മുസ്ലിം വിഭാഗങ്ങളോടും തീർത്തും വിവേചനപരമായ സമീപനമാണ് ഇടതു സർക്കാർ സ്വീകരിക്കുന്നത്. സി.എ.എ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വ്യാജങ്ങൾ ചുമത്തി കേസെടുക്കുന്ന ഇരട്ടത്താപ്പാണ് പിണറായി സർക്കാരിൻ്റെത്.
കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം പോലും നടത്താൻ അനുവദിക്കാത്ത പോലീസും മുഖ്യമന്ത്രിയും ഈ നിയമം ഇവിടെ നടപ്പിലാക്കില്ല എന്ന് പറയുന്നതിൽ ഒരു ആത്മാർത്ഥതയും ഇല്ല. കേരള പോലീസ് സംഘപരിവാർ കൂലി തൊഴിലാളികളായി മാറിയെന്ന സഖാവ് ആനിരാജയുടെ പ്രസതാവനയെ ശക്തിപ്പെടുത്തുന്നതാണ് സമരക്കാർക്കെതിരെ കേസെടുക്കുന്ന പോലീസ് സ്വീകരിക്കുന്ന നിലപാട്. ഇത് കടുത്ത വഞ്ചനയാണ്. ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ഉമൈറ കെ.എസ്, നവാസ് എടവിലങ്ങ്, സെക്രട്ടറി സരസ്വതി വലപ്പാട്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.കെ. ഷാജഹാൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.