കൊച്ചി: ഏപ്രിൽ 13 ന് ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധിപ്പിച്ച കണ്ടെയ്‌നർ കപ്പലിലെ 17 ഇന്ത്യൻ ജീവനക്കാരിൽ ഉണ്ടായിരുന്ന ഏക വനിതാ കേഡറ്റായ ആൻ ടെസ്സ ജോസഫിനെ ടെഹ്‌റാനിലെ ഇന്ത്യൻ മിഷൻ്റെ ശ്രമങ്ങളെ തുടർന്ന് ഇറാനിയന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വിട്ടയച്ചു.
“എംഎസ്‌സി ഏരീസ്” എന്ന കപ്പലിലെ ശേഷിക്കുന്ന ഇന്ത്യൻ ക്രൂ അംഗങ്ങളെ മോചിപ്പിക്കുന്നത് ഉറപ്പാക്കാൻ ഇറാൻ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.
തൃശൂർ സ്വദേശിനിയായ ആന്‍ ടെസ്സ ജോസഫ് ഇന്ന് (വ്യാഴാഴ്ച) ഉച്ചയോടെയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.
“ടെഹ്‌റാനിലെ ഇന്ത്യൻ മിഷൻ്റെയും ഇറാൻ സർക്കാരിൻ്റെയും യോജിച്ച ശ്രമങ്ങളാൽ, കണ്ടെയ്‌നർ കപ്പൽ എംഎസ്‌സി ഏരീസിലെ ഇന്ത്യൻ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള ഇന്ത്യൻ ഡെക്ക് കേഡറ്റ് ആൻ ടെസ്സ ജോസഫ് ഇന്ന് ഉച്ചയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതയായി ഇറങ്ങി,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇറാനിയൻ അധികൃതരുടെ പിന്തുണയോടെ ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ആന്‍ ജോസഫിനെ നാട്ടിലേക്ക് മടങ്ങാൻ സഹായിച്ചതായി എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. കപ്പലിലെ 25 അംഗ ജീവനക്കാരിൽ 17 ഇന്ത്യക്കാരും ഉണ്ടായിരുന്നു.
ആന്‍ ടെസ്സ ജോസഫിനെ വിമാനത്താവളത്തിൽ കൊച്ചി റീജണൽ പാസ്‌പോർട്ട് ഓഫീസർ സ്വീകരിച്ചു.
ടെഹ്‌റാനിലെ ഇന്ത്യൻ മിഷന്‍ കണ്ടെയ്‌നർ കപ്പലിലെ ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. ക്രൂ അംഗങ്ങൾ എല്ലാവരും ആരോഗ്യത്തോടെയിരിക്കുന്നു എന്നും, ഇന്ത്യയിലെ അവരുടെ കുടുംബാംഗങ്ങളുമായി അധികൃതര്‍ സമ്പർക്കപ്പെടുന്നുണ്ടെന്നും എംഇഎ അറിയിച്ചു.
എംഎസ്‌സി ഏരീസിലെ ശേഷിക്കുന്ന ക്രൂ അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ ഇന്ത്യൻ മിഷന്‍ ഇറാനിയൻ അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.
ഞായറാഴ്ച ഒരു ടെലിഫോൺ സംഭാഷണത്തിൽ, ഇന്ത്യൻ ക്രൂ അംഗങ്ങളുടെ മോചനം ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തൻ്റെ ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യൻ ക്രൂ അംഗങ്ങളെ കാണാൻ ടെഹ്‌റാൻ ഇന്ത്യൻ അധികാരികളെ അനുവദിക്കുമെന്ന് അമീർ-അബ്ദുള്ളാഹിയൻ ജയശങ്കറിന് ഉറപ്പു നല്‍കുകയും ചെതു.
25 ക്രൂ അംഗങ്ങളുടെ ക്ഷേമത്തിനും കപ്പലിൻ്റെ തിരിച്ചുവരവിനും ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് എംഎസ്‌സി (മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി) അറിയിച്ചിരുന്നു.
ഇറാൻ സൈന്യം കപ്പൽ പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ശേഷം, കപ്പലിലെ ജീവനക്കാരിൽ ഇന്ത്യക്കാർ, ഫിലിപ്പിനോ, പാക്കിസ്താന്‍, റഷ്യൻ, എസ്തോണിയൻ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിയൻ വാട്‌സൺ പറഞ്ഞു.
ഏപ്രിൽ 1 ന് ഡമാസ്‌കസിലെ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഞായറാഴ്ച പുലർച്ചെ, നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ ഇസ്രായേലിനെതിരെ ആദ്യത്തെ നേരിട്ടുള്ള ആക്രമണം നടത്തി.
സ്ഥിതിഗതികൾ കൂടുതല്‍ വഷളാകാതെ സംയമനം പാലിക്കണമെന്ന് ഇസ്രായേലിനോടും ഇറാനോടും ഇന്ത്യ ആവശ്യപ്പെട്ടു.