വളരെ ആര്‍ഭാടമായിരുന്നു അവളുടെ വിവാഹം. മനസ്സിനിണങ്ങിയ പുരുഷന്‍. ബന്ധുമിത്രാദികളും സുഹൃത്തുക്കളും വാനോളം പുകഴ്ത്തി.
അന്നു വൈകുന്നേരം അവളുടെ അമ്മ ഒരു വിവാഹ സമ്മാനം അവള്‍ക്കു നല്‍കി. ആകാംക്ഷയോടെ അവള്‍ ആ കവര്‍ തുറന്നു. ഒരു സേവിംഗ്സ് ബാങ്ക് പാസ്സ്ബുക്ക് !
“പാസ്സ് ബുക്കോ?” അവള്‍ അമ്മയോട് ചോദിച്ചു.
“അതെ മോളെ, നിന്‍റെ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളിലൊന്നാണ് ഇന്ന് നടന്നത്. ഈ പാസ്സ് ബുക്ക് നീ ഭദ്രമായി സൂക്ഷിക്കുക. വിവാഹ ജീവിതത്തില്‍ പ്രധാനപ്പെട്ട എന്തു സംഭവങ്ങളുണ്ടായാലും നീ കുറച്ചു പണം ഇതില്‍ നിക്ഷേപിക്കണം. ഓരോ പ്രാവശ്യവും നീ അതു ചെയ്യുമ്പോള്‍ എന്തിനു ചെയ്തു എന്ന് എഴുതിയിടുകയും വേണം. നിന്‍റെ ഭര്‍ത്താവിനോടും ഇക്കാര്യം പറയണം. ആദ്യത്തെ നിക്ഷേപം ഞാന്‍ ചെയ്തിട്ടുണ്ട്. പിന്നെ ഒരു കാര്യം. ഈ പണം ഒരു കാരണവശാലും ചിലവാക്കരുത്.”
അമ്മയുടെ വാക്കുകള്‍ കേട്ട് അവള്‍ക്ക് ചിരി വന്നു. അവള്‍ ആ പാസ്സ് ബുക്ക് തുറന്നു നോക്കി. ആയിരം രൂപ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു !
“ഈ അമ്മയുടെ ഒരു കാര്യം….” അവള്‍ സ്വയം പറഞ്ഞു.
ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി. അവരുടെ ജീവിതത്തില്‍ പല സംഭവങ്ങളും നടന്നു. നല്ല ജോലി, പുതിയ വീട്, ഉദ്യോഗക്കയറ്റം, ശമ്പള വര്‍ദ്ധന, പുതിയ വാഹനം എന്നിങ്ങനെ പലതും അവര്‍ക്ക് ലഭിച്ചു. ഇതിനോടകം രണ്ടു കുട്ടികളും ജനിച്ചു. ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും ഇരുവരും ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ മറന്നില്ല.
പക്ഷെ, ആ സന്തോഷ ദിനങ്ങള്‍ക്ക് മങ്ങലേല്‍ക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. നിസ്സാര കാര്യങ്ങളെച്ചൊല്ലി പരസ്പരം പഴിചാരി ഇരുവരും വഴക്കടിക്കുക ഒരു പതിവായി. പരസ്പരം സംസാരിക്കുന്നതുതന്നെ വിരളമായി. പ്രശ്നങ്ങള്‍ ഓരോന്നായി അവരുടെ ജീവിതത്തിന്‍റെ താളം തെറ്റിച്ചു തുടങ്ങി. ഇങ്ങനെ ജീവിക്കുന്നതില്‍ ഭേദം വേര്‍പിരിയുകയാണ് നല്ലതെന്ന് അവര്‍ തീരുമാനിച്ചു.
അവള്‍ ഈ വിവരം അമ്മയോടു പറഞ്ഞു.
“എനിക്ക് ഈ ജീവിതം മടുത്തു അമ്മേ. ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.”
അമ്മ പറഞ്ഞു, “അതിനെന്താ മോളെ, വേര്‍പിരിയാന്‍ തീരുമാനിച്ചെങ്കില്‍ അങ്ങനെ ചെയ്യുക. പക്ഷേ, ഒരു കാര്യം. വേര്‍പിരിയുന്നതിനു മുന്‍പ് ഞാന്‍ തന്ന ആ പാസ്സ് ബുക്കിലെ പണം മുഴുവന്‍ പിന്‍വലിക്കാന്‍ മറക്കരുത്. ഒരു രേഖയും ബാക്കി വെക്കരുത്.”
അമ്മയുടെ ഉപദേശം കേട്ട് അവള്‍ സന്തോഷിച്ചു.
“ശരിയാണ്, ഈ പണം മുഴുവന്‍ ഞാന്‍ പിന്‍വലിക്കും.”
അവള്‍ നേരെ ബാങ്കിലേക്ക് പോയി. അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള പേപ്പറുകള്‍ ശരിയാക്കിക്കൊണ്ടിരുന്ന സമയം അവളുടെ കണ്ണുകള്‍ പാസ്സ് ബുക്കില്‍ ഉടക്കി. അതിലെ ഓരോ പേജുകളും അവള്‍ ശ്രദ്ധയോടെ നോക്കി. ആവശ്യത്തിലധികം പണം. അവള്‍ വീണ്ടും വീണ്ടും നോക്കി. ഓരോ ഡെപ്പോസിറ്റുകളുടേയും കാരണങ്ങള്‍ അവള്‍ ഓര്‍ത്തു. അവളുടെ ഓര്‍മ്മകള്‍ പുറകിലേക്ക് സഞ്ചരിച്ചു……ഓരോ ഡെപ്പോസിറ്റുകളുടേയും കാരണങ്ങളോര്‍ത്ത് അവളുടെ കണ്ണുകള്‍ നിറഞ്ഞു. നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കവിള്‍ത്തടങ്ങളിലൂടെ കണ്ണീര്‍ ഒഴുകി.
പാസ്സ് ബുക്ക് ബാഗിലിട്ട് അവള്‍ വീട്ടിലേക്ക് തിരിച്ചു. ഭര്‍ത്താവിനെ പാസ്സ് ബുക്ക് ഏല്പിച്ചിട്ടു പറഞ്ഞു..
“വിവാഹമോചനത്തിനു മുന്‍പ് അതില്‍ കാണുന്ന പണം മുഴുവന്‍ എടുത്ത് ചിലവാക്കുക” എന്ന്.
ഒന്നും പറയാതെ ഭര്‍ത്താവ് ആ പാസ്സ് ബുക്ക് വാങ്ങി നിസ്സംഗതനായി നടന്നു നീങ്ങി.
അവളുടെ മനസ്സു വിങ്ങി. ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിച്ച ആ കാലങ്ങളെ ഓര്‍ത്ത് അവള്‍ നല്ല നാളുകളെയോര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു. ഒരുപാട് കരഞ്ഞു. ഇനി അധികം വൈകാതെ ഞങ്ങള്‍ തമ്മില്‍ എന്നന്നേക്കുമായി പിരിയുകയാണ്.
അടുത്ത ദിവസം അയാള്‍ ആ പാസ്സ്ബുക്ക് തിരിച്ച് അവള്‍ക്ക് നല്‍കി. അത്ഭുതത്തോടെയും സംശയത്തോടെയും അവള്‍ അതു തുറന്നു നോക്കി.
5000 രൂപ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു ! തൊട്ടടുത്ത് ഒരു കുറിപ്പും. ആ കുറിപ്പില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു….
“നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കി. ഇത്രയും വര്‍ഷങ്ങള്‍ നാം ഇരുവരും പങ്കുവെച്ച സ്നേഹവും പരിചരണവും മനസ്സിലാക്കാന്‍ വൈകിപ്പോയി. എന്നോട് ക്ഷമിക്കുക. നമുക്ക് വേര്‍പിരിയാനാകുമോ?”
അയാളുടെ കൈകള്‍ അവളുടെ തോളില്‍ അമര്‍ന്നു. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവള്‍ മെല്ലെ അയാളുടെ തോളിലേക്ക് ചാഞ്ഞു. അയാളുടെ കരവലയത്തിലമര്‍ന്നപ്പോള്‍ അവളുടെ മനസ്സ് മന്ത്രിച്ചു… “ഞാനെത്ര ഭാഗ്യവതിയാണ്.”
ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞു…. സ്നേഹത്തിന്‍റെ കണ്ണീര്‍ !
ആ പാസ്സ് ബുക്ക് പെട്ടിയില്‍ വെക്കുന്നിനിടയില്‍ അവര്‍ പറഞ്ഞു…
“ജീവിതത്തിലെ തെറ്റുകുറ്റങ്ങള്‍ പരസ്പരം മനസ്സിലാക്കി ജീവിച്ചാല്‍ എത്ര സുന്ദരമായിരിക്കും ആ ജീവിതം..!”