“എന്തു പറ്റിയെടി ലിയാ, എന്താ സംഭവിച്ചത്?”
ദുഃഖം നിഴലിക്കുന്ന മുഖവുമായി, മൗനമായി ഇരിക്കുന്ന ലിയയെ കണ്ട് സെയ്ന ചോദിച്ചു.
“ഒന്നുമില്ലെടീ..” പെട്ടെന്ന് ലിയ മറുപടി പറഞ്ഞു.
ജെന്‍സിയുടെ ജന്മദിനം ആഘോഷിക്കാനാണ് ലിയയും സെയ്നയും അവരുടെ സുഹൃത്തുക്കളും മന്‍ഹാട്ടനിലെ ആ ഹോട്ടലില്‍ ഒത്തു ചേര്‍ന്നത്. സ്റ്റോണിബ്രൂക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായ ജെന്‍സിയും ലിയയും സെയ്നയും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടു തന്നെ ജെന്‍സിയുടെ ബര്‍ത്ത്ഡേ പാര്‍ട്ടി അടിച്ചു പൊളിക്കാന്‍ ഫിഫ്ത്ത് അവന്യൂവിലുള്ള ഈ ഹോട്ടല്‍ തിരഞ്ഞെടുത്തത് മനഃപ്പൂര്‍വ്വമാണ്. കുടുംബങ്ങളില്‍ നടക്കുന്ന പാര്‍ട്ടിയില്‍ അടിച്ചുപൊളി നടക്കില്ലെന്ന് അറിയാവുന്നതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു പാര്‍ട്ടി അറേഞ്ച് ചെയ്തത്. പാര്‍ട്ടിയില്‍ ത്രില്ലടിച്ചു നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ലിയയുടെ മുഖം വാടുന്നതും മൗനമായി ഒരു മൂലയിലേക്ക് ഒതുങ്ങുന്നതും സെയ്നയുടെ ശ്രദ്ധയില്‍ പെട്ടത്.
ഇനി വല്ല തലവേദനയോ മറ്റോ ആണോ! സെയ്ന സംശയിച്ചു. കൂടുതല്‍ വിശദീകരിക്കാതെ ലിയ പെട്ടെന്ന് പറഞ്ഞു..
“എടീ എനിക്കൊരു ചെറിയ തലവേദന പോലെ. കുറച്ചു കഴിയുമ്പോള്‍ മാറിക്കൊള്ളും. നീയിത് വലിയൊരു ഇഷ്യൂ ആക്കേണ്ട. പാര്‍ട്ടി നടക്കട്ടെ… ഞാനിവിടെ അല്പനേരം ഇരിക്കട്ടെ..”
പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മറ്റുള്ളവരുടെ കണ്ണില്‍ പെടാതെ ലിയ മാറി ഒരു കസേരയിലിരുന്നു.. അവളുടെ കണ്ണുകള്‍ അപ്പോഴും പാര്‍ട്ടി നടക്കുന്ന ഹാളിന്റെ എതിര്‍വശത്തുള്ള ഹാളില്‍ ആരെയോ തെരയുകയായിരുന്നു.
“ദൈവമേ… ഞാന്‍ കണ്ടത് സത്യമാണോ? അത് ഡാഡി തന്നെയാണോ? അവളുടെ നെഞ്ചിടിപ്പ് കൂടി”
പാര്‍ട്ടി നടക്കുന്ന ഹാളില്‍ മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് ആരൊക്കെയാണ് പാര്‍ട്ടിയിലുള്ളതെന്ന് പെട്ടെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണ്. എന്നാല്‍ എതിര്‍വശത്തുള്ള ഹാളില്‍ നില്‍ക്കുന്നവരെ വ്യക്തമായി കാണുകയും ചെയ്യാം. അതെ, ഞാന്‍ വ്യക്തമായി കണ്ടതാണ്. അത് ഡാഡി തന്നെ. പക്ഷെ കൂടെയുള്ള ആ സ്ത്രീ ആരാണ്? ഇതിനു മുന്‍പ് എങ്ങും കണ്ടു പരിചയമേ ഇല്ലല്ലോ. അവരാണെങ്കില്‍ ഡാഡിയോടു തൊട്ടുരുമ്മിയാണ് നടക്കുന്നത്. ഡാഡിയുടെ ഒരു കൈ അവരെ ചുറ്റിപ്പിടിച്ചിട്ടുണ്ടോ? ലിയ സംശയിച്ചു. അവളുടെ മനസ്സിലൂടെ ഒരായിരം ചിന്തകള്‍ മിന്നിമറഞ്ഞു. ആ സ്ത്രീയെ കണ്ടാല്‍ ഒരു സുന്ദരി തന്നെ. ഡാഡിയുടെ ഓഫീസ് സ്റ്റാഫില്‍ പെട്ടവരാരുമല്ല. അവരെയൊക്കെ തനിക്ക് പരിചയമുണ്ട്. ഇതൊരു പരിചയമില്ലാത്ത മുഖം…!
ലിയ കുറച്ചുകൂടെ മാറി നിന്ന് ഹാളിലേക്ക് നോക്കി. അതാ… അവര്‍ ഭാര്യാഭര്ത്താക്കന്മാരെപ്പോലെ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്. ബാറിനടുത്തുനിന്ന് രണ്ടു പേരും എന്തോ കുടിക്കുന്നുണ്ട്… ദൈവമേ, ഡാഡിയും ആ സ്ത്രീയും മദ്യപിക്കുന്നോ? അവള്‍ക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഗ്ലാസ്സുമായി അവര്‍ മറ്റൊരു സ്ഥലത്തേക്ക് മാറി. ലിയയ്ക്ക് തല കറങ്ങുന്നതുപോലെ തോന്നി. അവളുടെ ആകാംക്ഷ വര്‍ദ്ധിച്ചു. എങ്ങനെ ഈ സാഹചര്യം നേരിടും എന്ന വ്യഥ അവളെ അസ്വസ്ഥയാക്കി. കൂട്ടുകാര്‍ക്കിടയില്‍ അവള് ഒളിഞ്ഞു നിന്ന് ഡാഡിയുടെയും ആ സ്ത്രീയുടേയും ചലനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഡാഡിയുടെ കണ്ണില്‍ പെടാതെ എന്നാല്‍ അവള്‍ക്ക് ഡാഡിയേയും സ്ത്രീയേയും വ്യക്തമായി കാണാവുന്ന തരത്തില്‍ അവള് മറഞ്ഞു നിന്നു.
പാര്‍ട്ടി പൊടിപൊടിക്കുമ്പോഴും ലിയയുടെ ശ്രദ്ധ അവിടെയൊന്നുമായിരുന്നില്ല. അവള്‍ക്ക് ഡാഡിയോട് അടങ്ങാത്തെ ദ്വേഷ്യം തോന്നി. അതേ സമയം തന്നെ മമ്മിയെക്കുറിച്ചുള്ള ഓര്‍മ്മകളും അവളെ വ്യാകുലയാക്കി. പാവം മമ്മി, ഇതു വല്ലതും അറിയുന്നുണ്ടോ ആവോ. അവളുടെ മനസ്സ് വിങ്ങി. ഇനി ഞാനീ കാണുന്നത് സത്യം തന്നെയാണോ? അവള് ഒരു നിമിഷം ആലോചിച്ചു. സത്യമല്ലാതാകുന്നതെങ്ങനെ. തന്റെ കണ്‍മുമ്പിലല്ലേ ഡാഡി മറ്റൊരു സ്ത്രീയുമായി സല്ലപിക്കുന്നത്. ആ സ്ത്രീയാകട്ടേ ഡാഡിയെ മുട്ടിയുരുമ്മി കൊഞ്ചിക്കുഴയുകയല്ലേ….! ലിയയുടെ ഹൃദയമിടിപ്പ് കൂടി. ഈയ്യിടെയായി ഡാഡിയില്‍ വന്ന മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ദിനചര്യകളിലും സ്വഭാവത്തിലും വളരെ മാറ്റങ്ങള്‍. തൊട്ടതിനും പിടിച്ചതിനുമൊക്കെ മമ്മിയോട് കയര്‍ക്കുന്നതും ശ്രദ്ധിച്ചിരുന്നു. ഈ സ്ത്രീയായിരിക്കുമോ അതിന് കാരണക്കാരി? ഡാഡി വളരെ വൈകി വീട്ടിലെത്തുന്നതും ഈയ്യിടെ പതിവാണ്. ലിയയുടെ മനസ്സ് വീണ്ടും ചഞ്ചലമായി.
ലിയയുടെ മനസ്സില്‍ അവളുടെ ഡാഡിയോടുള്ള വെറുപ്പ് ഉരുണ്ടുകൂടി. ഇനി ഡാഡിയോട് ഞാന്‍ സംസാരിക്കില്ല. അവള് മനസ്സിലുറച്ചു. അതേസമയം മമ്മിയ്ക്ക് ഈ വിവരം അറിയാമോ എന്നും അവള് ശങ്കിച്ചു. അറിയില്ലെങ്കില്‍ മമ്മി എപ്പോഴെങ്കിലും ഇത് അറിയാനിടവന്നാല്‍ മമ്മിയുടെ അവസ്ഥ എന്താകും? അവള് ഭയപ്പെട്ടു.
മമ്മിയും ഡാഡിയും അകലുമെന്ന് തീര്‍ച്ച. അങ്ങനെ വന്നാല്‍ ഡാഡി മമ്മിയെ ഉപേക്ഷിക്കും, ഈ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്യും. അതോടെ കുടുംബം തകരും. സമൂഹത്തില്‍ മമ്മി അപഹാസ്യയായിത്തീരും. ഭര്‍ത്താവ് അന്യസ്ത്രീയെ തേടിപ്പോകുന്നത് ഭാര്യയുടെ പിടിപ്പുകേടാണെന്നല്ലെ ജനം കരുതൂ… അതേക്കുറിച്ച് ചിന്തിച്ചപ്പോഴേക്കും ലിയ അസ്വസ്ഥയായി. ഇനി എന്തു ചെയ്യും? ആരോട് ഈ വിവരം പറയും? ആര്‍ക്കാണ് ഞങ്ങളെ സഹായിക്കാന്‍ കഴിയുക? ദൈവമേ, അങ്ങനെയൊന്നും സംഭവിക്കല്ലെ..അവള് മനമുരുകി പ്രാര്‍ത്ഥിച്ചു.
പാര്‍ട്ടി അവസാനിക്കുന്നതുവരെ അവള് കാത്തിരുന്നു. അതിനിടെ ആരൊക്കെയോ വന്ന് എന്തൊക്കെയോ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചതൊന്നും ലിയ കണ്ടതുമില്ല കേട്ടതുമില്ല. ഓരോരുത്തരായി പിരിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. അപ്പോള്‍ അവള് വീണ്ടും കണ്ടു ഡാഡിയുടെ കൈയ്യില്‍ തൂങ്ങി ആ സ്ത്രീ പുറത്തേക്ക് പോകുന്നു. ഡാഡിയുടെ ഓഫീസ് ലെക്സിംഗ്ടണ്‍ അവന്യൂവിലാണ്. അവര്‍ എങ്ങോട്ടായിരിക്കും പോയിരിക്കുക. ഓഫീസിലേക്ക് പോകാന്‍ സാധ്യതയില്ല. കാരണം മറ്റുള്ളവര്‍ കണ്ടാല്‍ ആ നിമിഷം മമ്മിയെ അറിയിക്കും. അപ്പോള്‍ എങ്ങോട്ടായിരിക്കും അവര്‍ പോയിരിക്കുക? അവള് വെമ്പല്‍ പൂണ്ടു.
ജെന്‍സിയോടും സെയ്നയോടും യാത്ര പറഞ്ഞ് അവള് ഇറങ്ങി. ആരൊക്കെയോ ബൈ ബൈ പറയുന്നുണ്ടായിരുന്നു. യാന്ത്രികമായി അവരോടൊക്കെ കൈവീശി ബൈ പറഞ്ഞു. വെസ്റ്റ് സൈഡ് ഹൈവേയിലൂടെ കാറോടിച്ചു പോകുമ്പോഴും ഹോട്ടലില്‍ കണ്ട രംഗങ്ങള്‍ വെള്ളിത്തിരയിലെന്നപോലെ അവളുടെ മനോമുകുരത്തില്‍ തെളിഞ്ഞു വന്നു. സാധാരണ ട്രാഫിക് കുരുക്ക് ഉണ്ടാകാറുള്ള ഹെന്‍ട്രി ഹഡ്സണ്‍ പാര്‍ക്ക്വേ ഇന്ന് ശൂന്യമായതുപോലെ. എങ്ങോട്ടാണ് പോകേണ്ടത്? നേരെ വീട്ടിലേക്കോ അതോ മറ്റെവിടെക്കെങ്കിലുമോ? എത്ര സമയം ഡ്രൈവ് ചെയ്തെന്നറിയില്ല വീടിന്റെ ഡ്രൈവ് വേയില്‍ കാര്‍ നിര്‍ത്തി കുറച്ചു നേരം അതിനകത്തു തന്നെ ഇരുന്നു. കോളേജ് അവധിയായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. വീട്ടിലാണെങ്കില്‍ അമ്മ ഒറ്റയ്ക്കിരുന്ന് എന്തു ചെയ്യുകയായിരിക്കും? അനിയന് കുട്ടു സ്കൂളിലായിരിക്കും….! ലിയ കാറില്‍ നിന്നിറങ്ങി. ഡ്രൈവ് വേയില്‍ അവളുടെ കാര്‍ നിര്‍ത്തിയിരിക്കുന്നതു ജനലിലൂടെ കണ്ട് മമ്മി മുന്‍വശത്തെ കതകു തുറന്നു. മമ്മിക്ക് മുഖം കൊടുക്കാതെ അവള് നേരെ മുറിയിലേക്ക് പോയി, പുറകെ മമ്മിയും.
“എന്തു പറ്റി മോളെ, നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്?”
മമ്മിയുടെ ചോദ്യത്തില്‍ നിന്ന് അവള് ഒഴിഞ്ഞു മാറി.
“ഒന്നുമില്ല മമ്മീ, ചെറിയൊരു തലവേദന. കുറച്ചു നേരം ഞാനൊന്നു കിടക്കട്ടേ, കുറെ കഴിയുമ്പോള്‍ മാറിക്കൊള്ളും”
അത്രയും പറഞ്ഞ് അവള് കതകടച്ചു.
ബെഡിലേക്ക് വീണ ലിയ കണ്ണുകളടച്ചു. പക്ഷെ അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഹോട്ടലില്‍ കണ്ട കാഴ്ചയാണ് കണ്ണടയ്ക്കുമ്പോള്‍ തെളിഞ്ഞു വരുന്നത്. അവള് തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. എന്നാല്‍ മനസ്സിനേറ്റ ആഘാതം അവളെ തളര്‍ത്തിയിരുന്നു. അവള് നിശ്ശബ്ദയായി കണ്ണുകളടച്ചു കിടന്നു.
“ദൈവമേ, ഞാനിത് എങ്ങനെ മമ്മിയോട് പറയും?” അവളുടെ മനസ്സ് അതുതന്നെ ഉരുവിട്ടു കൊണ്ടിരുന്നു.
എപ്പോഴാണ് ഉറക്കം അവളെ കനിഞ്ഞതെന്നറിയില്ല. ഡാഡിയുടെ ശബ്ദം കേട്ടാണ് അവള് ഉണര്‍ന്നത്.
“സുമേ, ചൂടോടെ ഒരു ചായ വേണം. ശരീരത്തിന് നല്ല ക്ഷീണമുണ്ട്. ഇന്ന് ഓഫീസില്‍ പിടിപ്പത് പണിയുണ്ടായിരുന്നു…” ഡാഡി മമ്മിയോട് വിളിച്ചു പറയുന്നതു കേട്ടാണ് ലിയ കണ്ണു തുറന്നത്.
“ഓ, നേരം വളരെ വൈകിയിരിക്കുന്നു.” അവള് എഴുന്നേറ്റിരുന്നു.
ഡാഡിയുടെ കള്ളത്തരം പറയുന്നതു കേട്ടപ്പോള്‍ അവള്‍ക്ക് അടങ്ങാത്ത ദ്വേഷ്യമാണ് തോന്നിയത്. നേരെ ചെന്ന് മമ്മിയോട് താന്‍ കണ്ട കാര്യങ്ങള്‍ പറഞ്ഞാലോ എന്ന് അവള് ഒരു നിമിഷം ആലോചിച്ചു. പക്ഷെ, അതോടെ എല്ലാം തകര്‍ന്നുപോയാലോ? അവള് ഭയന്നു. ചിലപ്പോള്‍ എല്ലാം കൈവിട്ട് പോകാനും മതി. അവള് വീണ്ടും ചിന്തിച്ചു.
ഡാഡിയ്ക്ക് മുഖം കൊടുക്കാതെ രാത്രിവരെ അവള് കഴിച്ചുകൂട്ടി. ഉറക്കം വരാത്ത രാത്രിയായിരുന്നു അവള്‍ക്കന്ന്. എത്ര ശ്രമിച്ചിട്ടും മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പകല്‍ കണ്ട ദൃശ്യങ്ങളായിരുന്നു മനസ്സു നിറയെ… പിന്നെ എങ്ങനെ ഉറങ്ങാന്‍. ചിന്തകള്‍ അവളുടെ മനസ്സില്‍ കാടു കയറി. രാത്രിയുടെ ഏതോ യാമത്തില്‍ അവള് ഉറക്കത്തിലേക്ക് വഴുതിവീണു. പക്ഷെ ആ ഉറക്കത്തിലും സ്വപ്നങ്ങളുടെ വേലിയേറ്റമായിരുന്നു അവളെ എതിരേറ്റത്.
പതിവിലും വൈകിയാണ് രാവിലെ ഉറക്കമുണര്‍ന്നത്. ഡാഡി ഓഫീസില്‍ പോയിരുന്നു. പതിവുപോലെ മമ്മി ടെലഫോണില്‍ ആരോടോ സംസാരിക്കുകയാണ്. അവള് എഴുന്നേറ്റു വന്നതൊന്നും കണ്ട ഭാവമില്ല. അര മണിക്കൂറോളം ടെലഫോണിലെ സംസാരം കഴിഞ്ഞ് മമ്മി ഫോണ്‍ വെച്ചു…
“നിനക്കിതെന്തു പറ്റി മോളെ. ഇന്നലെ മുതല്‍ നീയാകെ മൂഡിയാണല്ലോ? തലവേദന മാറിയില്ലെ?” മമ്മിയുടെ ചോദ്യത്തില്‍ നിന്ന് അവള് മനഃപ്പൂര്‍വ്വം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.
“ഞാന്‍ ചൂടുള്ള ചായ ഇപ്പോള്‍ കൊണ്ടുവരാം. തലവേദന പമ്പ കടക്കും” മമ്മി അതു പറഞ്ഞ് അടുക്കളയിലേക്ക് പോയി.
തന്റെ തലവേദന മാറാന്‍ ചായയൊന്നും പോരാ എന്ന് മമ്മിയെങ്ങനെ അറിയാന്‍. അവള് മനസ്സില്‍ പറഞ്ഞു. ടി.വി. ഓണ്‍ ചെയ്തപ്പോള്‍ ഏതോ ഒരു മലയാളം സീരിയലാണ് ഓടുന്നത്. വെറുതെ അലക്ഷ്യമായി അതില്‍ നോക്കിയിരുന്നു. കണ്ണ് ഒപ്പിയെടുക്കുന്നതല്ല മനസ്സില്‍ രേഖപ്പെടുത്തുന്നത്. എല്ലാം ഒരേ ടൈപ്പ് സീരിയലുകള്‍.. സമൂഹത്തിനോ, സംസ്കാരത്തിനോ ഗുണകരമല്ലാത്ത എന്തൊക്കെയോ കൂട്ടിയിണക്കി സീരിയല്‍ എന്ന പേരും നല്കി കുടുംബ പ്രേക്ഷകരിലെത്തിക്കാന്‍ മത്സരിക്കുന്ന ചാനലുകാര് അറിയുന്നുണ്ടോ ഈ സീരിയലുകള്‍ എത്രയോ കുടുംബങ്ങളില്‍ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ പാകുന്നുണ്ടെന്ന്. ഭൂരിഭാഗം സീരിയലുകളും ദൃശ്യവല്‍ക്കരിക്കുന്നത് അമ്മായിഅമ്മ-മരുമകള്‍ പോരും, ബാലവേലകളും, അവിഹിതബന്ധങ്ങളും, അമിത ആഭരണ വസ്ത്ര ഭ്രമങ്ങളും ഒക്കെ തന്നെയല്ലേ ? ഇതിനൊക്കെ പുറമെയാണ് കേട്ടാല്‍ ദഹിക്കാത്ത ദ്വയാര്‍ഥ പ്രയോഗങ്ങളും, യാതൊരു യുക്തിയുമില്ലാത്ത കഥാ-ഉപകഥാ സന്ദര്‍ഭങ്ങളും ഒക്കെ. ഇതൊക്കെ കുടുംബങ്ങള്‍ക്കോ, അതുവഴി സമൂഹത്തിനോ ഏതെങ്കിലും തരത്തിലുള്ള നല്ല സന്ദേശങ്ങള്‍ നല്കുന്നുണ്ടോ? ഇപ്പോള്‍ കാണിക്കുന്നതും അതേ ടൈപ്പ് സീരിയല്‍ തന്നെ. തനിക്കിതില്‍ താല്പര്യമൊന്നുമില്ല. മമ്മിയാണ് സീരിയലിന്റെ അഡിക്ട്. മിക്കവാറും എല്ലാ സീരിയലുകളും തുടക്കം മുതല്‍ ഒടുക്കം വരെ കാണും. ചില സമയങ്ങളില്‍ ഇരുന്ന് കരയുന്നതു കാണാം. തലേ ദിവസം കണ്ട സീരിയല്‍ തന്നെയായിരിക്കും പിറ്റേ ദിവസവും കാണുക. അതു കാണുമ്പോള്‍ താന്‍ ചോദിക്കാറുണ്ട്.. മമ്മിക്ക് ബോറടിക്കുന്നില്ലേ എന്ന്. അപ്പോള്‍ മമ്മിയുടെ ഉത്തരം ഇങ്ങനെയായിരിക്കും… ‘നീയല്ലല്ലോ ഞാനല്ലേ കാണുന്നതെന്ന്..’
അലക്ഷ്യമായി അവള് ടി.വിയിലേക്ക് കണ്ണും നട്ടിരുന്നു. അപ്പോഴേക്കും മമ്മി ചൂടു ചായയുമായെത്തി. അതു വാങ്ങി കുടിക്കുമ്പോള്‍ സീരിയലില്‍ ഭാര്യയും ഭര്‍ത്താവുമായി വഴക്കിടുന്ന രംഗമാണ് വന്നത്. അവളത് ശ്രദ്ധിച്ചു. വീട്ടില്‍ ഭാര്യ കാത്തിരിക്കുന്നു. ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ചുറ്റിക്കറങ്ങുന്നു… വൈകീട്ട് വീട്ടിലെത്തുന്ന ഭര്‍ത്താവിനോട് ഭാര്യ പരിഭവം പറയുന്നു. ഭര്‍ത്താവ് ഭാര്യയുടെ നേരെ തട്ടിക്കയറുന്നു….
“ഞാന്‍ ഈ കുടുംബത്തിനുവേണ്ടി എന്തെല്ലാം ചെയ്തു. ഇപ്പോഴും അതല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ട് എത്ര നാളായി. ഒരു ജീവഛവം കണക്കെ ഞാനിവിടെ കഴിയുന്നുണ്ടെന്ന ചിന്തപോലും നിങ്ങള്‍ക്കുണ്ടോ? എന്റെ കാര്യം നോക്കാന്‍ നിങ്ങള്‍ക്ക് സമയവുമില്ല” കരഞ്ഞുകൊണ്ട് ഭാര്യ പറയുന്നു.
“അതിന് നിനക്കിവിടെ എന്തിന്റെ കുറവാടീ” എന്ന് ഭര്‍ത്താവ് ആക്രോശിക്കുന്നു.
“അതു പറയുമ്പോഴല്ലേ നിങ്ങള്‍ക്ക് കലിയിളകുന്നത്. എനിക്ക് എന്തിന്റെ കുറവായിട്ടാണ് നിങ്ങള്‍ എന്നെ അവഗണിക്കുന്നത്. മക്കളോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശം എനിക്കും തന്നു കൂടെ. അതോ നിങ്ങള്‍ക്ക് മറ്റാരെങ്കിലുമായി വല്ല ബന്ധവുമുണ്ടോ?” ഭാര്യ വിതുമ്പുകയാണ്. അതുകേട്ട് ദ്വേഷ്യത്തോടെ ഭര്‍ത്താവ് ഇറങ്ങിപ്പോകുന്നു. സീരിയലിലെ ഈ രംഗങ്ങള്‍ കണ്ടുകൊണ്ട് ലിയ നിര്‍വ്വികാരതയോടെ ഇരുന്നു.
എല്ലാ വീടുകളിലും ഈ പ്രശ്നമുണ്ടോ. ഈ സീരിയലുകളാണോ കുടുംബങ്ങളെ ഛിന്നഭിന്നമാക്കുന്നത്? അവള് ചിന്തിച്ചു.
ഒരു കണക്കിന് ഇതു തന്നെയല്ലേ ഈ വീട്ടിലും നടക്കുന്നത്. ഡാഡി ഞങ്ങളെ വളരെയധികം സ്നേഹിക്കുന്നുണ്ട്. ഞങ്ങളുടെ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ഡാഡി സാധിച്ചു തരുന്നു. സമൂഹത്തിലും ഡാഡിക്ക് നല്ല മതിപ്പാണ്. മലയാളി അസ്സോസിയേഷനുകളിലും മറ്റു നിരവധി സംഘടനകളിലും ഡാഡിയുടെ സ്വാധീനം വളരെ വലുതാണ്. ന്യൂയോര്‍ക്കില്‍ എത്തിയ നാള് മുതല്‍ ഡാഡി മലയാളി അസ്സോസിയേഷനുമായി അടുത്ത ബന്ധമാണ് സ്ഥാപിച്ചെടുത്തിട്ടുള്ളത്. അതിലെ മിക്ക സ്ഥാനമാനങ്ങളും വഹിച്ചിട്ടുണ്ട്. ഇതുവരെ യാതൊരു പേരുദോഷവും കേള്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാവരും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വത്തിനുടമയാണ് ഡാഡി. പിന്നെ എന്തുകൊണ്ടാണ് ഡാഡി ഞങ്ങളില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നത്? എത്ര ആലോചിച്ചിട്ടും അവള്‍ക്ക് അതിനുത്തരം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
മമ്മിയില്‍ നിന്ന് ഡാഡി അകന്നതാണോ അതോ ഡാഡിയില്‍ നിന്ന് മമ്മിയാണോ അകലുന്നത്. അവള് വീണ്ടും ആലോചനയിലാണ്ടു. മൂത്ത മകളാണെന്ന പരിഗണന തനിക്ക് വേണ്ടുവോളം തരുന്നുണ്ട്. തനിക്ക് പന്ത്രണ്ട് വയസ്സും കുട്ടുവിന് അഞ്ച് വയസ്സുമായിരുന്നു ഞങ്ങള്‍ അമേരിക്കയിലെത്തുമ്പോള്‍. അതുവരെ നാട്ടില്‍ ഒരു കൂട്ടുകുടുംബം പോലെയാണ് ജീവിച്ചത്. മുത്തച്ഛനും മുത്തശ്ശിയും വെല്യച്ചനും വെല്യമ്മയും അവരുടെ മക്കളുമൊക്കെയായി സന്തോഷപൂര്‍ണ്ണമായ ജീവിതം. മുത്തച്ഛനും മുത്തശ്ശിയും പറയുന്നതാണ് കുടുംബത്തിലുള്ളവരെല്ലാം അനുസരിക്കാറ്. വെല്യച്ഛനെ വരെ മുത്തച്ഛന് വഴക്കു പറയുന്നത് കേട്ടിട്ടുണ്ട്. ഒരക്ഷരം തിരിച്ചുപറയില്ല വെല്യച്ഛന്. നല്ല അച്ചടക്കത്തോടും അനുസരണയോടും കൂടി വളര്‍ന്ന അന്തരീക്ഷത്തില്‍ നിന്ന് അമേരിക്കയിലേക്കുള്ള പറിച്ചുനടല്‍ ഞങ്ങള്‍ക്ക് ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. ഹൈസ്കൂളില്‍ ചേര്ത്തിയപ്പോള് കൂട്ടുകാരികളൊക്കെ ഉണ്ടാകുമെന്നു സമാധാനിച്ചു. പക്ഷെ, പ്രതീക്ഷകളൊക്കെ അസ്ഥാനത്താകുകയായിരുന്നു. ഇംഗ്ലീഷ് ഭാഷ ഒരു പ്രശ്നമായിരുന്നു. തന്റെ ആക്സന്റ് മറ്റു കുട്ടികള്‍ക്ക് പരിഹസിക്കാന്‍ ആയുധമായി. എന്നാല്‍, തന്റെ നിസ്സഹായവസ്ഥ കണ്ട് തന്നോട് ഏറ്റവും അടുപ്പം കാണിച്ചവരാണ് സെയ്നയും ജെന്‍സിയും. ആ അടുപ്പം അടുത്ത സുഹൃദ്ബന്ധത്തിലേക്ക് വളര്‍ന്നു. സ്റ്റോണിബ്രൂക്ക് യൂണിവേഴ്സിറ്റിയില്‍ മൂവര്‍ക്കും അഡ്മിഷന് കിട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഞാനായിരുന്നു….. അവളുടെ ചിന്തകള്‍ കാടു കയറി.
മിക്ക കുട്ടികളുടെയും കുടുംബങ്ങളില്‍ പ്രശ്നങ്ങളുണ്ടെന്ന് ജെന്‍സി പറഞ്ഞ അറിവുണ്ട്. അമേരിക്കക്കാരുടെ കുടുംബങ്ങളില്‍ മാത്രമല്ല, മലയാളി കുടുംബങ്ങളിലുമുണ്ട് പ്രശ്നങ്ങള്‍. പൊരുത്തപ്പെട്ടു പോകാന്‍ പറ്റാതെ നിരവധി പേര് വിവാഹ മോചനമോ മാറിത്താമസിക്കലോ ഒക്കെ ചെയ്യുന്നുണ്ട്. അങ്ങനെയുള്ള കുടുംബങ്ങളിലെ കുട്ടികളാണ് ആഴക്കടലിലെ പൊങ്ങുതടി പോലെ ലക്ഷ്യമില്ലാതെ ഒഴുകി നടക്കുന്നത്.
നാട്ടില്‍ നിന്ന് അമേരിക്കയിലെത്തിയ ആദ്യ നാളുകളില്‍ പ്രശ്നങ്ങളൊന്നും തന്റെ കുടുംബത്തില്‍ ഉണ്ടായിരുന്നില്ല. ഹൈസ്കൂള്‍ പാസായി കോളെജിലേക്ക് പോകുന്നതുവരെ എല്ലാം ശാന്തമായിരുന്നു. മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ അനിയനും ഞാനും ഡാഡിയും മമ്മിയുമടങ്ങുന്ന കൊച്ചുലോകത്ത് സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. എന്നെ ദൂരെയുള്ള കോളേജുകളിലൊന്നും പഠിപ്പിക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് സ്റ്റോണിബ്രൂക്കില്‍ തന്നെ അഡ്മിഷന് തരപ്പെടുത്തിയത്. വീട്ടില്‍ നിന്ന് പോയി വരാമെന്നായിരുന്നു മമ്മിയുടെ അഭിപ്രായം. എന്നാല്‍, ആദ്യത്തെ വര്‍ഷം കാമ്പസില്‍ തന്നെ താമസിക്കണമെന്ന നിബന്ധന കൊണ്ട് അവിടെ താമസിച്ചു. വീക്കെന്ഡിലും അവധി ദിവസങ്ങളിലും വീട്ടിലേക്ക് പോരും. ആ ആദ്യ വര്‍ഷത്തിലാണ് മമ്മിയും ഡാഡിയും തമ്മിലുള്ള അകല്‍ച്ച താന്‍ ശ്രദ്ധിച്ചത്… ലിയ ഓര്‍ത്തു.
ഒരു ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് അവര്‍ തമ്മിലുള്ള അകല്‍ച്ചയുടെ ആഴം മനസ്സിലാക്കിയത്. മമ്മി വന്ന് തന്റെയടുത്ത് വന്നു കിടന്നു. കോളേജിലെ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞ് മമ്മി അതേ കിടപ്പ്. മമ്മി തന്നെ നെറുകയില്‍ തലോടലും സ്നേഹ ചുംബനങ്ങള്‍ നല്കലുമൊക്കെയായപ്പോള് ഇതെന്താ മമ്മി എന്നെ ആദ്യം കാണുന്നതുപോലെ എന്നു തോന്നി.
“ഇന്ന് ഞാന്‍ മോളുടെ കൂടെയാണ് ഉറങ്ങുന്നത്…” മമ്മിയുടെ സംസാരം കേട്ടപ്പോള്‍ അവള്‍ക്ക് സന്തോഷം തോന്നി. എത്ര വര്‍ഷങ്ങളായി മമ്മിയെ കെട്ടിപ്പിടിച്ച് കിടന്നിട്ട്. അവള് കൊച്ചുകുഞ്ഞിനെപ്പോലെ മമ്മിയുടെ ചൂടുപറ്റി ചുരുണ്ടുകൂടി.
ക്രിസ്മസ് അവധി തീരുന്നതുവരെ അത് തുടര്‍ന്നപ്പോള്‍ അവള്‍ക്ക് സംശയമായി. ഡാഡി രാത്രി വൈകി വരുന്നതും മമ്മിയെക്കുറിച്ച് അന്വേഷിക്കാത്തതും അവളില്‍ സംശയത്തിന്റെ മുളകള്‍ പൊട്ടിമുളച്ചെങ്കിലും അതൊക്കെ വെറും തോന്നലായിരിക്കുമെന്ന് കരുതി അവള് വിട്ടുകളഞ്ഞു.
കോളേജിലെ ആദ്യത്തെ വര്‍ഷം കഴിഞ്ഞപ്പോള്‍ പിന്നെ വീട്ടില്‍ നിന്ന് പോയി വരാമെന്നായി. അതിനായി ഡാഡി ഒരു കാറും വാങ്ങിത്തന്നു. അപ്പോള്‍ കൂടുതല്‍ സൗകര്യവുമായി.
മക്കള്‍ രണ്ടുപേരും മമ്മിയോടാണ് കൂടുതല്‍ അടുപ്പം കാണിക്കുന്നതെങ്കിലും ഡാഡിക്ക് അതില്‍ പരിഭവമില്ല. ഞങ്ങള്‍ എന്തു കഴിയ്ക്കണം എന്തു ചെയ്യണം എന്നുപോലും മമ്മിയുടെ തീരുമാനത്തിനാണ് വിടുന്നത്. ചുരുക്കത്തില്‍ എല്ലാത്തിനും മമ്മിയെ പൂര്‍ണ്ണമായും ആശ്രയിക്കുന്നു.
ലിയയുടെ മനസ്സ് കലുഷിതമായിരുന്നു. മമ്മിയേയും ഡാഡിയേയും എങ്ങനെയെങ്കിലും ഒന്നിപ്പിക്കണം. ഇരുവരും തുറന്നു സംസാരിച്ച് കാര്യങ്ങള്‍ ഗ്രഹിക്കണം. അതല്ലെങ്കില്‍ ഡാഡി ഞങ്ങളില്‍ നിന്നൊക്കെ അകന്നുപോകാന്‍ സാധ്യതയുണ്ട്. ഒരുപക്ഷെ ഇരുവരും മനസ്സു തുറന്നു സംസാരിച്ചാല്‍ പ്രശ്നം ഗുരുതരമാകാതെ പരിഹരിക്കപ്പെട്ടേക്കാം. അവള് ചിന്തിച്ചു.
മക്കളോടുള്ള മമ്മിയുടെ അടുപ്പം ശരിതന്നെ. പക്ഷെ അത് ഡാഡിയില്‍ നിന്ന് അകന്നിട്ടു വേണ്ട. മാതാപിതാക്കളാണെങ്കിലും അവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന കാര്യം അവള് മറന്നുപോയി. ഇരുവരും ഒന്നിച്ച് സമയം ചെലവഴിക്കണമെന്ന കാര്യവും അവള് മറന്നു. എപ്പോഴാണ് മമ്മിയും ഡാഡിയും അവസാനമായി ഒരു സിനിമയ്ക്ക് അല്ലെങ്കില്‍ ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാന്‍ പോയിട്ടുള്ളത്! ലിയ ഓര്‍ക്കാന്‍ ശ്രമിച്ചു. അവരുടെ വിവാഹ വാര്‍ഷികത്തില്‍ പോലും അവര്‍ മക്കളുമായിട്ടാണ് ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാന്‍ പോയിട്ടുള്ളത്. അവരുടെ സ്വകാര്യതയില്‍ അമിതമായി താനും അനിയനും ഇടപെടുന്നുണ്ടോ? ലിയ ആലോചിച്ചു. മമ്മിയാണെങ്കില്‍ പൂര്‍ണ്ണമായും ഒരു വീട്ടമ്മയായിട്ടാണ് ജീവിക്കുന്നത്. നല്ല ജോലിയുണ്ടായിരുന്നെങ്കിലും ഡാഡിയുടെ ബിസിനസ്സ് വളര്‍ന്നതോടെ മക്കളായ ഞങ്ങളുടെ കാര്യം നോക്കാന്‍ രണ്ടു പേര്‍ക്കും സമയമില്ലാതായി. അങ്ങനെയാണ് ഡാഡിയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി മമ്മി ജോലി രാജി വെച്ചത്. പിന്നെ മുഴുവന്‍ സമയവും ഞങ്ങളുടെ കാര്യങ്ങളില്‍ മുഴുകി മമ്മി ജീവിച്ചു. മറ്റുള്ളവരുമായി മമ്മി അടുപ്പം കാത്തു സൂക്ഷിച്ചിരുന്നത് ടെലഫോണിലൂടെയാണ്. താമസിയാതെ മമ്മിയുടെ ജീവിതവും ടെലഫോണ്‍ കോളുകളിലൊതുങ്ങി, അവധി ദിവസമായാലും അല്ലെങ്കിലും. ആരാണ് വിളിക്കുന്നതെന്നോ ആരെയാണ് വിളിക്കുന്നതെന്നോ ഡാഡി അന്വേഷിക്കാറില്ല. ഒരുപക്ഷെ നാട്ടില്‍ നിന്നാകാം, അല്ലെങ്കില്‍ കാലിഫോര്‍ണിയയില്‍ നിന്ന് ഇളയമ്മയാകാം. അതുമല്ലെങ്കില്‍ ഫ്ലോറിഡയില്‍ നിന്ന് അമ്മാവനോ അമ്മായിയോ ആകാം. മമ്മിയുടെ ദുഃഖങ്ങളും പരിഭവങ്ങളുമൊക്കെ അവരോട് പറഞ്ഞ് ആശ്വാസം കണ്ടെത്തുന്നുണ്ടായിരിക്കും. ഈ മാറ്റമാണോ ഡാഡിയെ മമ്മിയില്‍ നിന്ന് അകറ്റുന്നത്? അവര്‍ക്കിടയില്‍ എന്താണ് പ്രശ്നമെന്ന് മൂത്ത മകളെന്ന നിലയ്ക്ക് താന്‍ അന്വേഷിക്കേണ്ടതായിരുന്നില്ലേ? ലിയയുടെ മനസ്സില്‍ കുറ്റബോധം തോന്നി.
അവളോര്‍ത്തു ….. ഒരു ദിവസം ഡാഡിയുടെ തമാശ കേട്ട് എല്ലാവരും ചിരിച്ച കാര്യം !
“എന്നുമുതല്‍ ഒരു ഭാര്യയ്ക്ക് ടെലഫോണ്‍ വിളികള്‍ തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്നോ ആ നിമിഷം മുതല്‍ അവള്‍ക്ക് കുടുംബത്തിലെ മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ സമയം കിട്ടുകയില്ല….!”
അന്നത്തെ ദിവസം മുഴുവന്‍ ഡാഡിയുടെ ഈ പരാമര്‍ശമായിരുന്നു ചര്‍ച്ചാ വിഷയം. അതു പറഞ്ഞ് എല്ലാവരും ചിരിച്ചെങ്കിലും കുടുംബത്തില്‍ നിന്ന് ഒറ്റപ്പെടുന്ന ഒരു മനുഷ്യന്റെ ആത്മരോദനമായിരുന്നോ അതെന്ന് ഇപ്പോള്‍ ഞാന്‍ സംശയിക്കുന്നു. എങ്കില്‍ അതൊരു വിപത്തിലായിരിക്കും കലാശിക്കുക. ഇപ്പോള്‍ എല്ലാം വ്യക്തമാകുന്നു. ഡാഡിയുടെ ഈ മാറ്റം കുടുംബത്തിന് ആഘാതമേല്പിക്കുമെന്ന് തീര്‍ച്ച. ഡാഡി വഴിതെറ്റിപ്പോകാന്‍ പാടില്ല. വര്‍ത്തമാന കാലത്തിലെ നേര്‍ക്കാഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ വരാനിരിക്കുന്ന കാലം ഭീകര രൂപം പ്രാപിക്കുമെന്ന് തീര്‍ച്ചയാണ്. മമ്മിയേയും ഡാഡിയേയും അവരുടെ വഴിക്ക് വിട്ടാല്‍ തനിക്കെന്നും സമാധാനമില്ലായ്ക മാത്രമായിരിക്കും സംഭവിക്കുന്നത്. ആകെക്കൂടി നിലയില്ലാക്കയത്തില്‍ അകപ്പെട്ടതുപോലെ ലിയ പെരുകി. കൂട്ടി യോജിപ്പിക്കാനാകാതെ കീഴ്മേല്‍ മറിഞ്ഞിരിക്കുന്ന ചിന്തകളെ അടുക്കിയെടുക്കാനോ അടുപ്പിക്കാനോ കഴിയാതെ വീര്‍പ്പുമുട്ടിയപ്പോള്‍ അവളുടെ തല പെരുത്തു. എന്തെങ്കിലും ചെയ്തേ പറ്റൂ. ഈ വീട്ടിലെ മൂത്തവളായ എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിക്കും. ഡാഡി ഈ വീടുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ പാടില്ല. ഈ വീടാണ് ഞങ്ങളുടെ സ്വര്‍ഗം. ലിയ ഗാഢമായി ചിന്തിച്ചു. മനസ്സിനെ കടിഞ്ഞാണിട്ട് പിടിച്ചു നിര്‍ത്താന്‍ അവള് ശ്രമിച്ചു.
ഒരു തീരുമാനത്തിലുറച്ചാണ് അന്നവള്‍ മമ്മിയുടെയടുത്ത് ചെന്നത്.
“മമ്മീ ഇന്ന് നമുക്ക് ബ്യൂട്ടി പാര്‍ലറിലൊന്നു പോകണം.” മമ്മിയുടെ തോളിലൂടെ കൈയിട്ടുകൊണ്ട് ലിയ പറഞ്ഞു.
“അതിന് നിന്റെ കൂട്ടുകാരിയുടെ ബര്‍ത്ത്ഡേ പാര്‍ട്ടി ഇന്നലെ കഴിഞ്ഞില്ലേ? പിന്നെ എന്തിനാണ് ഇന്ന് ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത്?” മമ്മി ചോദിച്ചു.
“ഹേയ്, എനിക്കുവേണ്ടിയല്ല, മമ്മിക്കുവേണ്ടി. മമ്മി എത്ര മാസമായി ബ്യൂട്ടി പാര്‍ലറിലൊക്കെ ഒന്നു പോയിട്ട്? കണ്ടില്ലേ മമ്മിയുടെ പുരികങ്ങള്‍ ഡാഡിയുടെ മീശ പോലെയായി.” അവള് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതിന്?” മമ്മി തിരിഞ്ഞുനിന്ന് സംശയത്തോടെ അവളെ നോക്കി.
“അപ്പൊഴേ, ഇന്ന് ബ്രേക്ക് ഫാസ്റ്റിന് എന്താണ് വേണ്ടത്?” അടുക്കളയിലേക്ക് പോകുന്നതിനിടയില്‍ മമ്മി ചോദിച്ചു.
“മമ്മീ, ഞാനിപ്പോള്‍ കൊച്ചു കുട്ടിയൊന്നുമല്ല, വളര്‍ന്നു വലുതായി. ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ഞാനുണ്ടാക്കാം. മമ്മി എന്നെ ഒന്ന് സഹായിച്ചാല്‍ മതി.” അവള് മമ്മിയെ തടഞ്ഞുകൊണ്ടു പറഞ്ഞു.
“നിന്ന് കൊഞ്ചാതെ പെണ്ണെ. ഇതുവരെ അടുക്കളയില്‍ കയറാത്ത നീയാണോ ബ്രേക്ക് ഫാസ്റ്റുണ്ടാക്കാന്‍ പോകുന്നത്? നീ തനിയെ ഒരു ഗ്ലാസ് വെള്ളമെങ്കിലും എടുത്തു കുടിച്ചിട്ടുണ്ടോ? പോയിരുന്ന് വല്ലതും പഠിക്കാന്‍ നോക്ക്. ഞാന്‍ ബ്രേക്ക് ഫാസ്റ്റുണ്ടാക്കിക്കോളാം.”
മമ്മിയുടെ വാക്കുകള്‍ കേട്ടവള്‍ പൊട്ടിച്ചിരിച്ചു.
“എന്റെ പൊന്നു മമ്മിയല്ലേ. ഇത്രയും കാലം മമ്മി ഒറ്റയ്ക്ക് എല്ലാം ചെയ്തില്ലേ.. ഞങ്ങളെ തീറ്റിപ്പോറ്റിയില്ലേ… ഇനിയെങ്കിലും മമ്മിയെ സഹായിക്കാന്‍ എന്നെ ഒന്ന് അനുവദിക്കൂ…പ്ലീസ്..”
മമ്മിയുടെ താടിയില്‍ പിടിച്ച് ലിയ കെഞ്ചി.
ഈ പെണ്ണിന് ഇന്നെന്തു പറ്റി! ഇവള്ക്കിപ്പോഴിങ്ങനെ തോന്നാന്‍ കാരണമെന്താണ്? മമ്മിക്ക് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.
മമ്മിയുടെ നോട്ടവും ഭാവവും കണ്ടപ്പോള്‍ ലിയക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അവള് മമ്മിയുടെ കഴുത്തിലൂടെ കൈ ചുറ്റി മമ്മിയുടെ കവിളില്‍ ഒരു ഉമ്മ കൊടുത്തിട്ടു പറഞ്ഞു….
“എന്റെ മമ്മീ ഞാന്‍ സത്യമാണ് പറയുന്നത്. കോളേജിലെ ആദ്യത്തെ വര്‍ഷം അല്പസ്വല്പമൊക്കെ കുക്കിംഗ് ഞാന്‍ പഠിച്ചു മമ്മീ.. ഇപ്പോള്‍ വെക്കേഷനല്ലേ.. ഇന്നു മുതല്‍ ഇവിടത്തെ ഫുള്‍ കുക്കിംഗ് ഞാന്‍ ഏറ്റെടുക്കുകയാണ്. മമ്മി അടുക്കളയില്‍ വന്നു നിന്ന് എങ്ങനെയൊക്കെയെന്ന് ഒന്ന് പറഞ്ഞു തന്നാല്‍ മതി.”
മകളുടെ ഭാവമാറ്റം മമ്മിയില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തി. ഇവള്ക്കിതെന്തു പറ്റി..! ഇങ്ങനെ മനസ്സു മാറാന്‍ തക്ക എന്താണ് കാരണം?
ലിയ എല്ലാം സ്വയം ചെയ്യാന്‍ തീരുമാനിച്ചുറച്ചു. ആദ്യം ചെറിയ കാര്യങ്ങളില്‍ നിന്ന് തുടക്കമിടാം. പിന്നീട് വലിയ കാര്യങ്ങള്‍ ചെയ്യാം. അങ്ങനെയെങ്കിലും മമ്മിക്ക് സമയവും ആശ്വാസവും ലഭിക്കട്ടെ.
പല രാത്രികളിലും മമ്മി പറയുന്നതു കേട്ടിട്ടുണ്ട് ഇന്ന് അല്പനേരം പോലും കിട്ടിയില്ല ഒന്ന് വിശ്രമിക്കാന്‍, ശരീരം മുഴുവന്‍ ഇടിച്ചു പിഴിഞ്ഞ പോലെയായി എന്ന്. അപ്പോഴൊക്കെ മമ്മിയുടെ ദുഃഖവും വേദനയും ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഇനി അത് പാടില്ല. ലിയ മനസ്സില്‍ തീരുമാനിച്ചുറച്ചു.
പതിവുപോലെ ഡാഡി വൈകിയാണ് വീട്ടിലെത്തിയത്. ലിയ കാത്തിരിക്കുകയായിരുന്നു. ഡാഡിയുടെ കാര്‍ ഡ്രൈവ് വേയിലേക്ക് കയറുന്നത് അവള് കണ്ടു. പെട്ടെന്ന് ചായ റെഡിയാക്കി.
“ഡാഡീ, ഇതാ ഈ ചൂടു ചായ കുടിക്കൂ…”
കൈയ്യില്‍ ആവി പറക്കുന്ന ചായക്കപ്പുമായി നില്ക്കുന്ന മകളെ കണ്ട് അയാള്‍ ആശ്ചര്യപ്പെട്ടു ! ഇത് സ്വപ്നമോ ! അത്ഭുതത്തോടെ തന്നെ നോക്കി നില്ക്കുന്ന ഡാഡിയുടെ മുഖഭാവം കണ്ട് ലിയ ഉള്ളില്‍ ചിരിച്ചു. അയാള്‍ ചായ വാങ്ങിക്കൊണ്ടു ചോദിച്ചു….
“ഞാന്‍ എന്താണീ കാണുന്നത്. വിശ്വസിക്കാന്‍ കഴിയുന്നില്ലല്ലോ മോളെ…”
“ങാ പിന്നെ, ഇത് ഞാനുണ്ടാക്കിയ ചായയാണ്. കുറ്റമൊന്നും പറഞ്ഞേക്കരുത്”
നാടകീയമായി അത്രയും പറഞ്ഞ് അവള് തിരിഞ്ഞു നടന്നു.
“ഹേയ്, ഇല്ല മോളെ, കുറ്റമൊന്നും പറയില്ല. എന്നാലും മോള്….”
“എന്റെ മോള് വലുതായിരിക്കുന്നു….” അയാള്‍ ആത്മഗതമെന്നോണം പറഞ്ഞു..
രാത്രി ഡൈനിംഗ് ടേബിളില്‍ ഡിന്നര്‍ ഒരുക്കിവെച്ച് അവള് എല്ലാവരേയും വിളിച്ചു. മമ്മിയും ഡാഡിയും അനിയന് കുട്ടുവും എല്ലാവരും വന്ന് അതാതു സ്ഥാനങ്ങളില്‍ ഇരുന്നു. എല്ലാവര്ക്കും അവള് തന്നെ വിളമ്പി. ഡാഡിയും മമ്മിയും മുഖത്തോടു മുഖം നോക്കുന്നത് ലിയ കണ്ടു.
“ഡാഡി, എന്റെ കുക്കിംഗ് എങ്ങനെയുണ്ടെന്ന് ഇന്ന് സര്‍ട്ടിഫിക്കറ്റ് തന്നാല്‍ നാളെ മുതല്‍ ഇതിലും ഗംഭീരമായി ഞാന്‍ കുക്ക് ചെയ്യാം ഓകെ… ”
“ഓകെ മോളൂ…. നോ പ്രോബ്ലം”
“വല്ലതും വായില്‍ വെച്ച് തിന്നാന്‍ കൊള്ളാമോ ആവോ” കുട്ടുവിന്റെ പരിഹാസം അവളെ ചൊടിപ്പിച്ചു.
കുട്ടുവിന്റെ തലയില്‍ ഒരു തട്ടുകൊടുത്തിട്ട് അവള് പറഞ്ഞു…
“എനിക്ക് നിന്റെ സര്‍ട്ടിഫിക്കറ്റൊന്നും വേണ്ട. മിണ്ടാതെ അവിടിരുന്ന് കഴിച്ചോ”
ഡിന്നര്‍ കഴിച്ചുകൊണ്ടിരുന്നപ്പോഴും ഡാഡിയുടെ മനസ്സില്‍ മകളുടെ മാറ്റങ്ങളെക്കുറിച്ചായിരുന്നു ചിന്ത. ഇതെന്താണ് ഇത്ര പെട്ടെന്ന് മകളില്‍ ഈ മാറ്റം വന്നതെന്ന് അയാള്‍ അത്ഭുതപ്പെട്ടു. ഭക്ഷണം കഴിഞ്ഞ് ലിയ തന്നെ പാത്രങ്ങളെല്ലാം എടുത്തുകൊണ്ടു പോയി. മമ്മിയെ ആ പ്രദേശത്തേക്കൊന്നും അടുപ്പിച്ചില്ല.
ലിവിംഗ് റൂമിലിരുന്ന് മമ്മിയും ഡാഡിയും സംസാരിക്കുന്നത് ലിയ അടുക്കളയില്‍ നിന്ന് കേട്ടു…
“ഇന്നെന്താ മോള്‍ക്ക് പറ്റിയത്. ഇതുവരെ ഇല്ലാത്ത സംഭവമാണല്ലോ” ഡാഡി ചോദിക്കുന്നു.
“അതു തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്. ഇന്നലെ മോളുടെ സുഹൃത്തിന്റെ പാര്‍ട്ടി കഴിഞ്ഞ് വന്നതുമുതലാണ് ഈ മാറ്റം. അതിന്റെ കാരണമെന്താണെന്ന് അവളും പറയുന്നില്ല…” മമ്മി വിശദീകരിക്കുകയാണ്.
“ഓ…. അതെയോ? എവിടെയായിരുന്നു പാര്‍ട്ടി?” ഡാഡി ചോദിച്ചു
മമ്മി ഹോട്ടലിന്റെ പേരു പറഞ്ഞു. അതു കേട്ടപ്പോള്‍ അയാളൊന്നു ഞെട്ടി.
എല്ലാം കേട്ട് ലിയ അടുക്കളയില്‍ നിന്ന് പുഞ്ചിരിച്ചു.
രാത്രി ഉറങ്ങാന്‍ നേരം അവള് മമ്മിയോടു പറഞ്ഞു..
“മമ്മീ ഇന്ന് എനിക്ക് കുറച്ചു പ്രോജക്ട് ചെയ്തു തീര്‍ക്കാനുണ്ട്. കുറെ നേരമെടുക്കും. മമ്മിക്ക് ഉറക്കം വരുന്നുണ്ടെങ്കില്‍ ഞാന്‍ കുട്ടുവിന്റെ മുറിയിലേക്ക് പൊയ്ക്കൊള്ളാം…മമ്മി ഉറങ്ങിക്കോളു. അവിടെയാകുമ്പോള്‍ എനിക്ക് സ്വസ്ഥമായി ഇരുന്ന് പ്രോജക്ട് പൂര്‍ത്തിയാക്കാനും സാധിക്കും.”
“വേണ്ട മോളെ, മോള് ഇവിടെത്തന്നെയിരുന്ന് പഠിച്ചോ” മമ്മി എഴുന്നേറ്റു പോകുന്നത് എങ്ങോട്ടാണെന്ന് അവള് നോക്കി. അവളുടെ ഊഹം തെറ്റിയില്ല. ഡാഡി ഓഫീസ് റൂം ആയി ഉപയോഗിക്കുന്ന മുറിയിലേക്കാണ് മമ്മി പോയത്. അവിടെ ഫയലുകളും പേപ്പറുകളുമൊക്കെ അലങ്കോലമായി കിടക്കുകയാണ്. മമ്മി മുറി തുറന്ന് ലൈറ്റിട്ട് ചുറ്റുപാടും നോക്കി… തിരിഞ്ഞപ്പോള്‍ പുറകില്‍ മകള്‍! ലിയയുടെ മുഖഭാവം കണ്ട് മമ്മി വാതിലടച്ച് തിരിച്ചു നടന്ന് അവരുടെ ബെഡ്റൂം ലക്ഷ്യമാക്കി നടക്കുന്നതു കണ്ട് ലിയ ഊറിച്ചിരിച്ചു.
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. എല്ലാവരും വീട്ടില്‍ തന്നെയുണ്ട്. ഡൈനിംഗ് ടേബിളിന് ചുറ്റുമിരുന്ന് സംസാരിച്ചിരിക്കെ ഫോണ്‍ ബെല്ലടിച്ചു. പെട്ടെന്ന് ലിയ ഫോണെടുത്തു.
“ങാ… അമ്മായിയായിരുന്നോ? എന്തൊക്കെയാ വിശേഷങ്ങള്‍? സുഖമാണോ അമ്മായീ.. ഓ.. മമ്മി കിച്ചനില്‍ തിരക്കിലാണല്ലോ..എന്തെങ്കിലും വിശേഷമുണ്ടോ അമ്മായീ… ഓകെ, ശരി. അമ്മായി വിളിച്ച കാര്യം ഞാന്‍ മമ്മിയോടു പറയാം കേട്ടോ…” അവള് ഫോണ്‍ കട്ട് ചെയ്തു.
മകളുടെ സംസാരം ശ്രദ്ധിച്ചുകൊണ്ടിരുന്ന മമ്മിക്ക് ദ്വേഷ്യം വന്നു.
“നീ എന്തു പണിയാണീ കാണിച്ചത്. ഞാന്‍ ഇവിടെ ഇരിക്കുന്നത് നീ കണ്ടില്ലേ? എന്തിനാണ് നുണ പറഞ്ഞത്?”
മമ്മി കോപത്തോടെ ചോദിച്ചു.
ലിയ കൂസലന്യേ മമ്മിയുടെ കഴുത്തിലൂടെ കൈ ചുറ്റിക്കൊണ്ട് പറഞ്ഞു…
“ഇന്ന് നല്ലൊരു ഞായറാഴ്ചയല്ലേ മമ്മീ. ദേ ഡാഡിയുമുണ്ട് കുട്ടുവുമുണ്ട് ഞാനുമുണ്ട്. ഇന്നത്തെ ദിവസം നമുക്കൊന്ന് ഫ്രീയാകാം. നോ ഫോണ്‍…നോ ഗോസിപ്പ്..ഓകെ”
“നീ അതിരു വിടുന്നുണ്ട് കേട്ടോ ലിയാ.. അമ്മായി എല്ലാ ഞായറാഴ്ചയും ഫോണ്‍ ചെയ്യാറുണ്ടെന്ന് നിനക്കറിയില്ലേ. പിന്നെ എന്തിനാണ് നുണ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തത്.”
“എന്റെ പുന്നാര മമ്മീ…. ഈ അമ്മായി തന്നെയല്ലേ ആഴ്ചയില്‍ ഏഴു ദിവസവും ഫോണ്‍ ചെയ്യുന്നത്? ഇത്രയധികം പറയാന്‍ നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും എന്തു വിശേഷമാ ഉള്ളത്. എന്തായാലും ഈ ഞായറാഴ്ച നമ്മുടെതു മാത്രമാണ്. ഇവിടെ അമ്മായിയും വേണ്ട അമ്മാവനും വേണ്ട..”
അത്രയും പറഞ്ഞ് ലിയ ഡാഡിയുടെ നേരെ കണ്ണിറുക്കി കാണിച്ചു. ഇതെല്ലാം കണ്ട് ഡാഡി മന്ദഹസിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
ദിവസങ്ങള്‍ കഴിയുന്തോറും ലിയ വീട്ടിലെ കാര്യങ്ങളെല്ലാം ഒരുവിധം നിയന്ത്രണ വിധേയമാക്കി. മമ്മിയുടെ ജന്മദിനത്തിന് ഡാഡി ലോംഗ് ഐലന്റിലെ ഒരു ഹോട്ടലില്‍ ഡിന്നര്‍ അറേഞ്ച് ചെയ്തിട്ടുണ്ടെന്നു പറഞ്ഞു. വീട്ടില്‍ കേക്ക് മുറിക്കുകയും ഡിന്നര്‍ ഹോട്ടലില്‍ നിന്ന് കഴിക്കുകയും ചെയ്യാമെന്ന ധാരണയിലാണ് ഡാഡി എല്ലാം അറേഞ്ച് ചെയ്തത്. അതുപ്രകാരം വൈകീട്ട് വീട്ടില്‍ കേക്ക് മുറിച്ചു. മമ്മിക്ക് ജന്മദിനാശംസകള് നേര്ന്നതോടൊപ്പം സമ്മാനങ്ങളും നല്കി. മമ്മിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. വീട്ടിലെ പണികള്‍ ഭൂരിഭാഗവും ലിയ തന്നെയാണ് ചെയ്തു തീര്‍ത്തത്. മകളുടെ ഈ മാറ്റം കണ്ട് മമ്മി അത്ഭുതപ്പെട്ടു. അതോടൊപ്പം തന്നെ സംശയങ്ങളും കൂടി. ഇവള് ഇങ്ങനെയൊക്കെ ചെയ്യാന്‍ കാരണമെന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
ഹോട്ടലിലേക്ക് പോകേണ്ട സമയമായി. എല്ലാവരോടും പെട്ടെന്ന് ഒരുങ്ങാന്‍ ഡാഡി ആവശ്യപ്പെട്ടു.
ഡ്രസ് മാറാന്‍ അകത്തേക്ക് പോയ ലിയയ്ക്ക് പെട്ടെന്നാണ് വയറു വേദന തുടങ്ങിയത്. കൈകള്‍ രണ്ടും വയറ്റില്‍ അമര്‍ത്തിപ്പിടിച്ച് അവള് കരയാന്‍ തുടങ്ങി.
“അയ്യോ മമ്മീ, എനിക്ക് ഭയങ്കര വയറു വേദന… അവള് വേദന കൊണ്ട് പുളഞ്ഞു.”
“എന്തു പറ്റീ മോളേ, ഡാഡിയും മമ്മിയും ഓടി വന്നു. അവര്‍ അവളെ താങ്ങിപ്പിടിച്ചു. രണ്ടു പേരും ആകെ വിളറി. എന്താണ് സംഭവിച്ചത്”
“അറിയില്ല ഡാഡീ… വയറിനകത്ത് വല്ലാത്തൊരു വേദന” അവള് പ്രയാസപ്പെട്ട് പറഞ്ഞു.
“എങ്കില്‍ നമുക്ക് ഡോക്ടറുടെ അടുത്തു പോകാം” ഡാഡി പറഞ്ഞു.
“അതൊന്നും വേണ്ട ഡാഡീ… പെയ്ന് കില്ലര്‍ എന്തെങ്കിലും കഴിച്ചാല്‍ മതി. ഐ വില്‍ ബി ഓള് റൈറ്റ്. കുറച്ചു കഴിയുമ്പോഴേക്കും മാറിക്കോളും. നിങ്ങള്‍ രണ്ടു പേരും ഹോട്ടലിലേക്ക് പൊയ്ക്കോ… കുട്ടു ഉണ്ടല്ലോ എനിക്ക് കൂട്ടിന്….കുറച്ചു കഴിയുമ്പോള്‍ വേദന മാറിക്കൊള്ളും…”
പക്ഷേ മമ്മിയും ഡാഡിയും ആദ്യം പോകാന്‍ വിസമ്മതിച്ചു. കുട്ടു നിര്‍ബ്ബന്ധിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ അവര്‍ പോയി. ഹോട്ടലില്‍ എത്തിയ ഉടനെ ഡാഡി ഫോണ്‍ ചെയ്തു..
“മോളേ…ഇപ്പോള്‍ എങ്ങനെയുണ്ട്? വേദന കുറഞ്ഞോ?”
അങ്ങേത്തലയ്ക്കല്‍ നിന്ന് ലിയയുടെയും കുട്ടുവിന്റേയും പൊട്ടിച്ചിരി കേട്ട് മമ്മിയും ഡാഡിയും അന്തം വിട്ടു..! ആകാംക്ഷയോടെ നില്ക്കുന്ന ഭാര്യയെ നോക്കി അയാള്‍ പറഞ്ഞു..
“നമ്മളെ രണ്ടുപേരെയും മാത്രമായി ഡിന്നറിന് വിടാന്‍ ലിയ കളിച്ച നാടകമാണ് ആ വയറു വേദനയെന്ന് തോന്നുന്നു…”
“ങേ..!! ” മമ്മിയുടെ മനസ്സിലൂടെ ഒരായിരം ചിന്തകള്‍ കടന്നുപോയി.. കൂട്ടുകാരിയുടെ ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കെടുത്ത് തിരിച്ചു വന്ന ദിവസം മുതല്‍ ലിയയില്‍ വന്ന മാറ്റങ്ങള്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. എന്തോ ആ ഹോട്ടലില്‍ സംഭവിച്ചിട്ടുണ്ട്…. അത് തീര്‍ച്ച…. അവര്‍ ആലോചനയിലാണ്ടു…
“നീ എന്താ ആലോചിക്കുന്നത്?” അയാള്‍ ചോദിച്ചു.
കാര്യങ്ങള്‍ മനസ്സിലാകാന്‍ അവര്‍ക്ക് അധികം സമയം വേണ്ടി വന്നില്ല. മനസ്സിന്റെ മണിച്ചെപ്പില്‍ നിന്ന് കളഞ്ഞുപോയ മുത്തുകളും പവിഴങ്ങളും തിരിച്ചു കിട്ടിയ പോലെ അവര്‍ക്ക് തോന്നി. ഡിന്നര്‍ കഴിഞ്ഞപ്പോഴേക്കും ഇരുവരുടേയും മനസ്സില്‍ ഉരുണ്ടുകൂടിയിരുന്ന കാര്‍മേഘങ്ങള്‍ പെയ്തു തീര്‍ന്നിരുന്നു.
വളരെ താമസിച്ചാണ് ഹോട്ടലില്‍ നിന്ന് ഇരുവരും ഇറങ്ങിയത്. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അവര്‍ ഒന്നായ പോലെ… മനസ്സില്‍ അടക്കി വെച്ചിരുന്ന വികാരങ്ങള്‍ അണപൊട്ടിയൊഴുകി. നവ യുവമിഥുനങ്ങളെപ്പോലെ അവര്‍ കൈകോര്‍ത്തുകൊണ്ട് ഹോട്ടലിനു മുന്പിലെ പാര്‍ക്കിംഗ് ലോട്ടിലേക്ക് നടന്നു. ലോംഗ് ഐലന്റ് എക്സ്പ്രസ്വേയിലൂടെ കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ അയാളുടെ മനസ്സ് കുറ്റബോധത്താല്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. അവഗണനകള്‍ ഏറെ ഏല്‍ക്കേണ്ടി വന്നിട്ടും ക്ഷമയോടെ അതെല്ലാം സഹിച്ച് കുടുംബത്തിന്റെ ഭദ്രത കാത്തുസൂക്ഷിച്ച ഇവള് ഒരു ദേവി തന്നെ. തന്റെ വഴിവിട്ട ബന്ധം ഇവള് അറിഞ്ഞിട്ടില്ല. അറിഞ്ഞിരുന്നെങ്കില്‍ തന്റെ കുടുംബം ഇപ്പോള്‍ ഛിന്നഭിന്നമായിത്തീര്ന്നേനെ. അയാളുടെ മനസ്സില്‍ വികാരങ്ങളുടെ വേലിയേറ്റമുണ്ടായി.
“എന്താണ് ഇത്ര വലിയ ആലോചന…” കവിളത്ത് ഒരു ചെറിയ തട്ടു കൊടുത്തുകൊണ്ട് ഭാര്യ ചോദിച്ചു.
ചോദ്യം കേട്ട് അയാള്‍ ഗതകാല സ്മരണകളില്‍ നിന്ന് തിരിച്ചുവന്നു.
“ഹേയ് ഒന്നുമില്ല സുമേ.. ചുമ്മാതെ ഓരോന്ന് ആലോചിച്ചു കൂട്ടുകയായിരുന്നു..” അയാള്‍ പറഞ്ഞു.
“എനിക്കറിയാം നിങ്ങളെന്താണ് ആലോചിച്ചുകൂട്ടുന്നതെന്ന്. കുറെ കാലം നിങ്ങള്‍ ഒരു അന്ധനെപ്പോലെയായിരുന്നു. എന്റെ സ്നേഹത്തിന്റെ ആഴവും പരപ്പും നിങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. എന്തിന്, എന്റെ ശരീരത്തിന്റെ ചൂടുപോലും നിങ്ങള്‍ മനഃപ്പൂര്‍വ്വം തിരസ്ക്കരിക്കുകയായിരുന്നു. നിങ്ങളൊരു സ്വപ്നലോകത്തായിരുന്നു. നിങ്ങളുടെ ശരീരത്തിന് മറ്റാരുടേയോ ഗന്ധമായിരുന്നു… അതാണ് കിടപ്പുമുറിയില്‍ നിന്നുപോലും ഞാന്‍ അകന്നു മാറിയത്…. ”
സുമ പറഞ്ഞു നിര്‍ത്തി..
അയാളുടെ മനസ്സില്‍ വെള്ളിടി വെട്ടി…. ദൈവമേ ഇവള്‍ക്ക് എല്ലാം അറിയാമായിരുന്നോ? ലിയ മോള് ഹോട്ടലില്‍ വെച്ച് എന്നേയും റാണിയേയും കണ്ടുകാണുമോ?
വീട്ടിലെത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു. മക്കള്‍ രണ്ടുപേരും ഉറക്കമായി… ഇനി അവരെ ഉണര്‍ത്തേണ്ടെന്നു കരുതി രണ്ടുപേരും തങ്ങളുടേതായ ലോകത്തേക്ക് ഊളിയിട്ടു….!
ദിവസങ്ങള്‍ കടന്നുപോകുന്തോറും ഡാഡിയിലും മമ്മിയിലും വന്നുകൊണ്ടിരുന്ന മാറ്റങ്ങള്‍ ലിയ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി നില്ക്കുന്ന മമ്മിയും, ഉന്മേഷവാനായി മമ്മിയോട് തമാശകളൊക്കെ പറഞ്ഞ് ചുറുചുറുക്കോടെ ഓഫീസിലേക്ക് പോകുന്ന ഡാഡിയേയും കണ്ട് ലിയയുടേയും കുട്ടുവിന്റേയും മനസ്സു തണുത്തു. നേരം വെളുത്താല്‍ രാത്രിയാകുന്നതുവരെ ഇടതടവില്ലാതെ വന്നുകൊണ്ടിരുന്ന ടെലഫോണ്‍ കോളുകള്‍ ഒന്നൊന്നായി കുറഞ്ഞുവന്നു. ലിയയുടെ ചില പൊടിക്കൈകളാണ് അതിനു പിന്നിലെന്ന് മമ്മിയ്ക്ക് അറിയാമായിരുന്നുവെങ്കിലും അവരത് പുറത്തു കാണിച്ചില്ല.
ഒരു ദിവസം രാവിലെ ഡാഡി ആരോടോ സെല്‍ ഫോണില്‍ സംസാരിക്കുന്നതു കേട്ടാണ് ലിയ അവളുടെ മുറിയില്‍ നിന്ന് പുറത്തു വന്നത്. ഡാഡി മുന്‍വശത്തെ വാതിലിനു പുറത്തു നിന്നാണ് സംസാരിക്കുന്നത്. യെസ്, ഓകെ… എന്നൊക്കെ പറയുന്നുണ്ട്. മറുവശത്ത് ആരോ ദ്വേഷ്യത്തില്‍ സംസാരിക്കുന്നുണ്ടെന്ന് പിന്നീട് ഡാഡിയുടെ ശബ്ദത്തില്‍ നിന്ന് അവള്‍ക്ക് മനസ്സിലായി. അവള് ശ്രദ്ധിച്ചു നിന്നു. ആരാണ് എന്താണ് അങ്ങേത്തലയ്ക്കല്‍ നിന്ന് സംസാരിക്കുന്നതെന്ന് കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഡാഡിയെ ദ്വേഷ്യം പിടിപ്പിക്കുന്നതെന്തോ ആണെന്ന് അവള്‍ക്ക് മനസ്സിലായി. ഒടുവില്‍ ‘ഐ ഡോണ്ട് കെയര്‍. നീ എന്തു വേണമെങ്കിലും ചെയ്തോ…’ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് ഡാഡി തിരിഞ്ഞപ്പോള്‍ ലിയയെ കണ്ടു. ഡാഡിയുടെ മുഖം ദ്വേഷ്യത്താല്‍ ചുവന്നു തുടുത്തിരുന്നു. തന്റെ അടുത്തേക്ക് വരുന്ന ഡാഡിയെ കണ്ട് ലിയ ഭയന്നു. ഫോണ്‍ സംഭാഷണം ഒളിഞ്ഞു നിന്ന് കേള്‍ക്കുകയാണെന്ന് തെറ്റിദ്ധരിച്ചാണോ ഡാഡി ദ്വേഷ്യപ്പെടുന്നതെന്ന് അവള് സംശയിച്ചു. അടുത്തു വന്ന ഡാഡി അവളെ സൂക്ഷിച്ചു നോക്കി.
പെട്ടെന്നാണ് അത് സംഭവിച്ചത്……
ഡാഡി അവളെ മാറോടണച്ചു… ആ നെറ്റിയില്‍ ചുംബിച്ചു… അവളുടെ താടിയില്‍ പിടിച്ച് മുഖമുയര്‍ത്തി ആ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു…..
“താങ്ക് യൂ മോളൂ….! നീ എന്റെ കണ്ണു തുറപ്പിച്ചു… ഡാഡിയെ ഇത്രയും നാള് വഴിവിട്ട് സഞ്ചരിപ്പിച്ചവളെ ഇതോടെ ഒഴിവാക്കി…!”
ലിയയെ തന്നോട് ചേര്‍ത്തു പിടിച്ച് തിരിഞ്ഞു നടന്ന അവര്‍ കണ്ടു അടുക്കള വാതില്ക്കല് കണ്ണീരൊപ്പി നില്ക്കുന്ന മമ്മിയെ. ലിയയെ മമ്മി സൂക്ഷിച്ചു നോക്കി… കണ്ണീരില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി മമ്മിയുടെ മുഖത്ത് ദൃശ്യമായി… ആ കണ്ണുകളില്‍ പ്രതീക്ഷയുടെ പ്രകാശം പരക്കുന്നത് ലിയ കണ്ടു… മമ്മിയുടെ ആ നോട്ടത്തില്‍ എല്ലാം മനസ്സിലായി എന്ന സൂചനയുമുണ്ടായിരുന്നു…