കേരളത്തിൽ തുടർച്ചയായി ഹൈന്ദവ ആചാര അനുഷ്ഠാനങ്ങൾ അപമാനിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടാവുന്നത് ഖേദകരവും പ്രതിഷേധാർഹവും ആണെന്ന് മന്ത്ര പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകളായി കാര്യമായ പ്രതിസന്ധികളോ പ്രശ്‌നങ്ങളോ ഇല്ലാതെ നടന്നുപോയിക്കൊണ്ടിരിക്കുന്ന പൂരം ഭാരതത്തിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരിക ഉത്സവം എന്ന നിലയില്‍ പുകൾ പെറ്റതാണ്. ഹൈന്ദവ ഉത്സവത്തിന്റെ എല്ലാവിധ ആചാരാനുഷ്ഠാനങ്ങളും അതേപടി പാലിക്കുന്ന പൂരം ചടങ്ങുകള്‍, അണുവിട വ്യത്യാസമില്ലാതെ നടത്താൻ ക്ഷേത്ര ഭാരവാഹികളും ഭക്തരും അക്ഷീണം യത്നിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. ഒരുപക്ഷേ ഭാരതത്തില്‍ എവിടെയും കാണാന്‍ കഴിയാത്ത വൈവിധ്യമാര്‍ന്ന മേളങ്ങളും കുടമാറ്റത്തിന്റെ വര്‍ണ്ണവൈവിധ്യം പേറുന്ന മനോഹരമായ മത്സരക്കാഴ്ചകളും കൊണ്ട് സമ്പുഷ്ടമാണ് പൂരം. പക്ഷേ ഇത്തവണ പോലീസും ഭരണ കൂടവും പൂരത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ പോലും കൈവച്ചു. ഇത് യാദൃച്ഛികമാണെന്ന് പറയാന്‍ ആവില്ല. ഹിന്ദു സമൂഹത്തിന് ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ പുത്തരിയല്ല. ഭാരതത്തിന്റെ ഹൃദയ വികാരമായി മാറിയ അയോധ്യയിലെ രാം ലല്ല കുടമാറ്റത്തില്‍ സ്ഥാനം പിടിച്ചതും അമ്പെയ്ത് മുന്നേറുന്ന ധര്‍മ്മ പ്രതീകമായ ശ്രീരാമന്‍ മറുഭാഗത്ത് വന്നതും ജനങ്ങള്‍ അത് കണ്ട് ഹര്‍ഷാരവം മുഴക്കിയതും പ്രകോപനത്തിന് കാരണമായോ എന്ന് സംശയിക്കപ്പെടുന്നു.
പോലീസിന്റെ സംരക്ഷണം ഇല്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഭക്ത സമൂഹത്തിന്റെ സഹായത്തോടെ ക്ഷേത്രോത്സവ സമിതികളിലൂടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിച്ചു മുന്നോട്ടു പോകുന്ന ഒരു സംവിധാനം മാത്രമാവും ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള പോംവഴി എന്ന് കരുതാം. മന്ത്ര എക്സിക്യൂട്ടീവ് കമ്മിറ്റി സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.