ദോഹ (ഖത്തര്‍): ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടെ അമ്മ മരിച്ച് നിമിഷങ്ങൾക്കകം സബ്രീൻ ജൗദ എന്ന കുഞ്ഞ് പിറന്നു, അതും അനാഥയായി.
ശനിയാഴ്ച അർദ്ധരാത്രിക്ക് തൊട്ടുമുമ്പാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ താമസിച്ചിരുന്ന താത്ക്കാലിക അഭയ കേന്ദ്രം ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നത്. ആ നിമിഷം വരെ, ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരമായ റാഫയിൽ യുദ്ധത്തിൽ നിന്ന് അഭയം പ്രാപിക്കാൻ ശ്രമിക്കുന്ന മറ്റ് പലസ്തീനികളെപ്പോലെയായിരുന്നു കുടുംബവും.
സബ്രീൻ്റെ പിതാവും 4 വയസ്സുള്ള സഹോദരിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് അമ്മയും കൊല്ലപ്പെട്ടു. എന്നാൽ, അവളുടെ അമ്മ സബ്രീൻ അൽ-സകാനി 30 ആഴ്ച ഗർഭിണിയാണെന്ന് എമർജൻസി റെസ്പോണ്ടർമാർ മനസ്സിലാക്കി. മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ കുവൈറ്റ് ആശുപത്രിയിലെ മെഡിക്കല്‍ പ്രവർത്തകർ തിരക്കിനിടെ അടിയന്തര സിസേറിയൻ നടത്തി.
കുഞ്ഞ് സബ്രീൻ ശ്വാസമെടുക്കാൻ മല്ലിട്ട് മരണത്തോട് അടുക്കുകയായിരുന്നു. എന്നാല്‍, മെഡിക്കൽ സ്റ്റാഫ് ഉടന്‍ തന്നെ ഓക്സിജന്‍ നല്കിയപ്പോള് അവളുടെ ചെറിയ ശരീരം അനങ്ങാന്‍ തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് നല്കിയ പരിചരണം ആ കുഞ്ഞിന്റെ ജീവന് വീണ്ടെടുത്തതായും അവര്‍ പറഞ്ഞു.
ഞായറാഴ്ച, വ്യോമാക്രമണത്തിന് ശേഷമുള്ള മണിക്കൂറുകളിൽ, അടുത്തുള്ള എമിറാത്തി ഹോസ്പിറ്റലിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലെ ഇൻകുബേറ്ററിനുള്ളിൽ സംഭവിച്ചതെന്തെന്നറിയാതെ ആ കുഞ്ഞ് ശാന്തമായി ഉറങ്ങി. കുഞ്ഞിന്റെ ‘ഐഡന്റിറ്റി’ തെളിയിക്കുന്ന ലേബലില്‍ “രക്തസാക്ഷി സബ്രീൻ അൽ-സകാനിയുടെ കുഞ്ഞ്” എന്നെഴുതിയിരുന്നു.
“കുഞ്ഞിന്റെ ആരോഗ്യനിലയിൽ ചില പുരോഗതിയുണ്ടെങ്കിലും, സ്ഥിതി ഇപ്പോഴും അപകടത്തിലാണ്,” യൂണിറ്റ് മേധാവി ഡോ. മുഹമ്മദ് സലാമേ പറഞ്ഞു. മാസം തികയാതെ പ്രസവിച്ച ഈ കുഞ്ഞ് ഈ സമയത്ത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉണ്ടായിരിക്കേണ്ടതാണ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ അത് സാധിച്ചില്ല. അതിന്റേതായ പ്രയാസങ്ങള്‍ ഉണ്ടാകും എന്നും അദ്ദെഹം പറഞ്ഞു.
കുഞ്ഞിന്റെ സംരക്ഷണം താന്‍ ഏറ്റെടുക്കുമെന്ന് മുത്തശ്ശി പറഞ്ഞു. “അവള് എന്റെ സ്നേഹമാണ്, എന്റെ ആത്മാവാണ്…,” മകനും ഭാര്യയും മറ്റൊരു കുഞ്ഞും നഷ്ടപ്പെട്ട മുത്തശ്ശി അഹലം അല്‍ കുര്‍ദി പറഞ്ഞു.
ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ കൊല്ലപ്പെട്ട 34,000 ഫലസ്തീനികളില്‍ മൂന്നിൽ രണ്ട് ഭാഗവും കുട്ടികളും സ്ത്രീകളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. റാഫയിലെ മറ്റൊരു ഇസ്രായേൽ വ്യോമാക്രമണത്തിൽ 17 കുട്ടികളും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു.