ഏപ്രിൽ 19നു വെള്ളിയഴ്ച വൈകുന്നേരാം ഹൂസ്റ്റണിലെ മാഗിന്റെ ആസ്ഥാന ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ നടന്ന ഇലക്ഷൻ സംവാദം അക്ഷരാർത്ഥത്തിൽ മൂന്നു മുന്നണികളുടെ പോരാട്ടം തന്നെയായിരുന്നു. അങ്കത്തട്ട്@ അമേരിക്ക എന്ന പേരിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെയും (ഐ പിസിഎൻഎ ) മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെയും (മാഗ്) സംയുക്താഭിമുഖ്യത്തിൽ നടന്ന സംവാദം വീറും വാശിയും നിറഞ്ഞ, രാഷ്ട്രീയ ചോദ്യോത്തരങ്ങളുടെ വേദിയായി മാറിയപ്പോൾ ആസന്നമായിരിക്കുന്ന ഇന്ത്യയിലെ 18ാമത് പാർലമെന്റ് തിരഞ്ഞെടുപ്പിനെ പ്രവാസികൾ എത്ര ഗൗരവത്തോടെയാണ് കാണുന്നതിന്റെ നേര്കാഴ്ചയായിരുന്നു ഈ ഇലക്ഷൻ സംവാദം.
ഇന്ത്യൻ,അമേരിക്കൻ ദേശീയ ഗാനങ്ങളോടെ ആരംഭിച്ച പ്രാരംഭ സമ്മേളനത്തിൽ മാഗ് പ്രസിഡണ്ട് മാത്യൂസ് മുണ്ടയ്ക്കൽ സ്വാഗതമാശംസിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ.കെ.പട്ടേൽ, ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് സൈമൺ വളാച്ചേരിൽ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് എംസി ആൻസി ശാമുവേൽ മോഡറേറ്റര്മാരായ അജു വാരിക്കാട് , സജി പുല്ലാട് എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചു. സജി പുല്ലാട് ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്നു മുന്നണികളുടെയും വക്താക്കളെ വേദിയിലേക്ക് ക്ഷണിച്ചു. എൻഡിഎ (ബിജെപി ) മുന്നണിയെ പ്രതിനിധീകരിച്ച് മന്ത്രയുടെ മുൻ പ്രസിഡന്റും യുവമോർച്ച നേതാവുമായിരുന്ന ഹരി ശിവരാമൻ , യുഡിഎഫ് നുവേണ്ടി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന് ഇപ്പോൾ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ദേശീയ ജനറൽ സെക്രെട്ടറിയുമായ ജീമോൻ റാന്നി, എൽ ഡി എഫിനുവേണ്ടി എസ് എഫ് ഐ പ്രസ്ഥാനത്തിൽ കൂടി രാഷ്രീയ പ്രവർത്തനം ആരംഭിച്ച ഇടതുപക്ഷ സഹയാത്രികനും കോട്ടയം ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സെക്രട്ടറിയുമായ അരവിന്ദ് അശോക് എന്നിവറായിരുന്നു വക്താക്കൾ.
മോഡറേറ്റർ അജു വാരിക്കാട് മൂന്ന് മുന്നണികളോടും അഴിമതിമുക്തമായ ഒരു ഭാരതത്തിനു വേണ്ടി നിങ്ങളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്ന ചോദ്യത്തോടെ ആരംഭിച്ച ഡിബേറ്റ് 2 മണിക്കൂർ നീണ്ടപ്പോൾ ശക്തമായ വാദങ്ങളും പ്രതിവാദങ്ങളും വാഗ്വാദങ്ങളുമായി ‘കേരള ഹൗസ്” ഒരു ഇലക്ഷൻ പോർക്കളം തീർക്കുകയായിരുന്നു.
ദേശീയ, കേരള രാഷ്ട്രീയ വിഷയങ്ങൾ എല്ലാം തന്നെ ഡിബേറ്റിന്റെ ഭാഗമായി തീർന്നു. കോൺഗ്രസ് പ്രകടന പത്രികയും , ബിജെപി പ്രകടന പത്രികയും വാഗ്ദാനങ്ങളും പ്രതീക്ഷകളും, സിപിഎംന്റെ നിലപാടുകളും എല്ലാം തന്നെ സംവാദത്തെ ഈടുറ്റതാക്കിയപ്പോൾ, ഹാളിൽ നിറഞ്ഞു നിന്ന വിവിധ കക്ഷികളുടെ അണികൾ കൂരമ്പു തറക്കുന്ന ചോദ്യങ്ങളുമായി വക്താക്കളെ ഉത്തരം മുട്ടിക്കാൻ ശ്രമിച്ചപ്പോൾ പയറ്റി തെളിഞ്ഞ രാഷ്ട്രീയ നേതാക്കളെ പോലെ മൂന്ന് വക്താക്കളും മറുപടി കൊടുത്തു കൊണ്ടേയിരുന്നത് ശ്രദ്ധേയമായിരുന്നു.
ഇന്ത്യയിലെ വർഗീയ രാഷ്ട്രീയം, സി.എ.എ, ഇ.വി.എം, മണിപ്പൂർ കലാപം,.മാധ്യമ സ്വാതന്ത്ര്യം, ഇന്ത്യയിലെ പട്ടിണി സൂചിക, ജനാധിപത്യം, മതേരത്വം, അടിയന്തരാവസ്ഥ, മാസപ്പടി വിവാദം, അഴിമതി, കോർപറേറ്റുകളുടെ അധീനത്വം തുടങ്ങി സംവാദത്തിൽ കൈ വെയ്ക്കാത്ത വിഷയങ്ങളില്ല എന്ന് തന്നെ പറയാം.
ഇന്ത്യയിൽ 400 ലധികം സീറ്റുകൾ നേടി മോദിയും ബിജെപിയും അധികാരത്തിൽ വരുമെന്ന് ഹരി ശിവരാമൻ പറഞ്ഞപ്പോൾ അങ്ങനെയൊരു ദുരന്തം ഇന്ത്യയിൽ ഇനിയും ഉണ്ടാകാതിരിക്കട്ടെയെന്നും ഇവിഎം മറിമായം നടന്നില്ലെങ്കിൽ 300 ലധികം സീറ്റുകൾ നേടി ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നുള്ള പ്രതീക്ഷയാണുള്ളതെന്നു ജീമോൻ റാന്നി പറഞ്ഞപ്പോൾ ഇന്ത്യ മുന്നനിയുടെ ഭാഗമായ എൽഡിഎഫ് പ്രതിനിധി അരവിന്ദ് അശോക് പാർലമെൻ്റിൽ കേരളത്തിന്റെ പ്രതിനിധികളായി ഇന്ത്യ മുന്നണിയിൽ എൽഡിഎഫിന്റെ പ്രാതിനിധ്യം ഉണ്ടാവേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ് എന്ന് പറയുകയും ചെയ്തു.
കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്നും മൂന്ന് മുന്നണികളും 20 ൽ 20 സീറ്റുകളും പ്രതീക്ഷിക്കുന്നുവെന്നും മൂന്ന് പേരും പറഞ്ഞു.
IPCNA യുടെ മുൻ വൈസ് പ്രസിഡണ്ടായ ജോയ് തുമ്പമൺ നന്ദി രേഖപ്പെടുത്തിക്കൊണ്ട് പരിപാടി അവസാനിപ്പിച്ചു.
പരിപാടിയിലെ ചർച്ചകളും സംവാദങ്ങളും പ്രവാസി ചാനൽ ഓൺലൈൻ, & ഫെയ്സ്ബുക്ക് , MAGH-ൻ്റെ ഔദ്യോഗിക പേജിലെ ഫെയ്സ്ബുക്ക് ലൈവ്, YouTube-ലെ GTV ഗ്ലോബൽ എന്നീ നാല് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലെ തത്സമയ സംപ്രേക്ഷണങ്ങളിലൂടെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സാധിച്ചു.
ഇത്തരം ഒരു പരിപാടി മാഗും ഐപിസിഎൻ ഏ ഹൂസ്റ്റൺ ചാപ്റ്ററും സംഘടിപ്പിച്ചതിലൂടെ സുപ്രധാനമായ രാഷ്ട്രീയ വിഷയങ്ങളിൽ സംവാദത്തിന് ഒരു വേദിയൊരുക്കുക മാത്രമല്ല, ഹൂസ്റ്റണിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൻ്റെ ഐക്യം , സാംസ്കാരിക ചടുലത, മാതൃ രാജ്യത്തോടുള്ള വൈകാരിക ബന്ധം എന്നിവ ഊട്ടി ഉറപ്പിക്കുന്നതിനും സാഹചര്യമൊരുക്കി.