ക്രിസ്ത്യൻ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണ്ണര്‍ കേരളം സന്ദര്‍ശിക്കുന്നു

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളം തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കേ, ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്‌സേന ക്രിസ്ത്യൻ സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്താന്‍ കൊച്ചിയിലെത്തുന്നു. ഇന്ന് അർദ്ധരാത്രിയോടെ ഡൽഹിയിൽ നിന്ന് വിമാനത്തിൽ അദ്ദേഹം കൊച്ചിയിലെത്തുമെന്നാണ് വിവരം.

യാക്കോബായ സഭ ഒഴികെയുള്ള സംസ്ഥാനത്തെ ക്രിസ്ത്യൻ മതനേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയുടെ വിജയത്തിൽ ക്രിസ്ത്യാനികൾ നിർണായക സ്വാധീനം ചെലുത്തുന്നതിനാൽ ക്രിസ്ത്യൻ വോട്ടുകൾ ഉറപ്പിക്കാനാണ് ഡൽഹി ഗവർണറുടെ ഈ കൂടിക്കാഴ്ചയെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ റാഫേൽ തട്ടിലുമായി നാളെ കൊച്ചിയിൽ വെച്ച് ആദ്യ കൂടിക്കാഴ്ച നടത്തുന്ന ഗവർണർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും സംസാരിക്കും.

ഇതിനെ തുടർന്ന് ബിലിവേഴ്സ് ചർച്ചിന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തും. എന്നാൽ നിലവിൽ യാക്കോബായ സഭയുമായി ഒരു കൂടികാഴ്ചയ്ക്കും ഗവർണർ സമ്മതം തേടിയിട്ടില്ല. ബിലീവേഴ്സ് ചർച്ച് ബിജെപിക്ക് ഏറെക്കുറെ പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പല സഭകളും പല ഘട്ടങ്ങളിലും ബിജെപി നയങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പരോക്ഷമായി അണിനിരന്നവരാണ്.

ഈ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ഉറപ്പിക്കാൻ ഗവർണറുടെ വരവിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണണം. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.

Print Friendly, PDF & Email

Leave a Comment

More News