എറണാകുളം : മെട്രോ നഗരത്തെ ഇളക്കിമറിച്ചും തിരഞ്ഞെടുപ്പ് ആവേശം വിതറിയും കൊച്ചിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു. മുന്നണി സ്ഥാനാർഥികളുടെ പ്രചാരണം നഗരത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ ഉത്സവമാണെന്ന് പ്രചാരണത്തിൻ്റെ അവസാന ദിനത്തിലെ പ്രകടനങ്ങൾ തെളിയിച്ചു.
യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ്റെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റോഡ് ഷോ വൈകിട്ട് അഞ്ചിന് മണപ്പട്ടിപ്പറമ്പിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് ടൗൺഹാൾ പരിസരത്ത് നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിൽ റോഡ് ഷോ സമാപിച്ചു. കാവടിയുടെയും നാടൻ കലകളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും ആവേശത്തിരക്കിനിടെ തുറന്ന ജീപ്പിലാണ് ഹൈബി ഈഡൻ എത്തിയത്.
മുദ്രാവാക്യം വിളിച്ചും സെൽഫി എടുത്തും പ്രവർത്തകർ കൊട്ടിക്കലാശത്തെ ആഘോഷമാക്കി. സ്ഥാനാർഥിക്കൊപ്പമെത്തി സിനിമ താരങ്ങളായ രമേശ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും ഹൈബിക്ക് വോട്ടഭ്യർത്ഥിച്ച് സംസാരിച്ചു. കൊടികൾ വീശിയും നൃത്തം ചെയ്‌തും പ്രവർത്തകരും സ്ഥാനാർഥിയും ആറു മണി വരെ കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി.
അതേസമയം ഇടതു മുന്നണി സ്ഥാനാർഥി കെ ജെ ഷൈൻ ടീച്ചറുടെ കൊട്ടിക്കലാശം പലാരിവട്ടം ജങ്‌ഷനിലായിരുന്നു. രാവിലെ തൃപ്പൂണിത്തുറയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ സമാപിച്ചത് പാലാരിവട്ടത്താണ്. തൃക്കാക്കര, കൊച്ചി, എറണാകുളം, വൈപ്പിൻ, പറവൂർ, തൃപ്പൂണിത്തുറ, കളമശ്ശേരി മണ്ഡലത്തിലൂടെ വൻ ജനാവലിയുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ് റോഡ് ഷോ പാലാരിവട്ടത്തെ സമാപന കേന്ദ്രത്തിലെത്തിയത്.
പാലാരിവട്ടം ജങ്‌ഷനിൽ നൂറുകണക്കിന് സ്‌ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ മുദ്രാവാക്യം വിളികളും ആർപ്പ് വിളികളുമായി സ്ഥാനാർഥിയെ വരവേറ്റു. നാസിക് ഡോലും ബാൻഡും മുഴക്കി ചുവടുവച്ച എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രചാരണ വാഹനത്തിൽ വെച്ച് കെ ജെ ഷൈൻ ടീച്ചറും ചുവട് വെച്ചു. വാനോളമുയർന്ന തെരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം സ്ഥാനാർഥിയും ക്രെയിനിൽ വാനത്തേക്ക് ഉയർന്ന് ജനങ്ങളെ അഭിവാദ്യം ചെയ്‌തു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയായ പ്രവർത്തകർക്ക് സ്ഥാനാർഥി നന്ദി പറഞ്ഞു. ശേഷിക്കുന്ന മണിക്കൂറുകളിലും എൽഡിഎഫ് വിജയത്തിനായുള്ള പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങണമെന്നും അഭ്യർത്ഥിച്ചു. എറണാകുളം മണ്ഡലത്തിലെ സർപ്രൈസ് സ്ഥാനാർഥി ഷൈൻ ടീച്ചറിലൂടെ പുതുചരിത്രം രചിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പ്രവർത്തകരും നേതാക്കളും പരസ്യ പ്രചാരണം പൂർത്തിയാക്കി മടങ്ങിയത്.
എൻഡിഎ സ്ഥാനാർഥി കെ എസ് രാധാകൃഷ്ണൻ്റെ റോഡ് ഷോ പള്ളിമുക്കിൽ നിന്ന് ആരംഭിച്ച് മാധവ ഫാർമസി ജങ്ഷനിൽ സമാപിച്ചു. മണ്ഡലത്തിൽ അഗാധമായ വ്യക്തിബന്ധമുള്ള കെഎസ് രാധാകൃഷ്ണനിലൂടെ വോട്ടിങ് ശതമാനം വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. റോഡ് ഷോയിലും കൊട്ടിക്കലാശത്തിലും നിരവധി പ്രവർത്തകർ പങ്കെടുത്തു.