ആടുജീവിതം – എഴുത്തുകാര്‍ അതിഭാവുകത്വം സൃഷ്ടിക്കുമ്പോള്‍ (വിമര്‍ശനം): അബ്ദുള്‍ പുന്നയൂര്‍ക്കുളം

മിഷിഗണില്‍ നിന്ന് ഞാനും ഒരു സുഹൃത്തും കൂടി ആടുജീവിതം കണ്ടു. കാണികളായി നാലഞ്ചു പേരേ ഉണ്ടായിരുന്നുളളു. സിനിമയില്‍ നജീബ് ജോലിക്കായി സൗദി അറേബ്യയില്‍ എത്തുമ്പോള്‍ സ്പോണ്‍സര്‍ (ഖഫീല്‍) മാറിപ്പോകുന്നു. യാദൃച്ഛികമായി കണ്ടുമുട്ടിയ ഏതോ ഒരു അറബിയുടെ കൂടെ പോകുന്നു. രണ്ടു മണിക്കൂര്‍ പിക്കപ്പില്‍ മരുഭൂമിയിലൂടെ സഞ്ചരിച്ച ശേഷം, ആടുകളേയും ഒട്ടകങ്ങളേയും വളര്‍ത്തുന്ന ഇടത്ത് എത്തിയപ്പോഴാണ് തെറ്റു പറ്റിയെന്നു മനസ്സിലാകുന്നത്. ആടുകളുമായി ജോലി ചെയ്യുമ്പോള്‍ നജീബ് അനുഭവിച്ച യാതനകളും ദുരിതങ്ങളും അല്പം അതിശയോക്തിയോടെയാണെങ്കിലും, പൃഥ്വിരാജ് ആ കഥാപാത്രത്തെ മികവോടെ സ്ക്രീനില്‍ അവതരിപ്പിച്ചു. മരുഭുമിയുടെ അപാരതയും തീക്ഷ്ണതയും ബ്ലസ്സി വിസ്മയകരമായി പകര്‍ത്തി.

സിനിമയില്‍ നജീബിനെ രക്ഷപ്പെടാന്‍ പ്രചോദിപ്പിച്ച ഹക്കീം വഴിമദ്ധ്യേ മരിക്കുന്നു. ആടുജീവിത പുസ്തകത്തിലും ഹക്കീം മരണപ്പെടുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഹക്കീം ജീവിച്ചിരിപ്പുണ്ടെന്ന് കേള്‍ക്കുന്നു. ഒരുപക്ഷേ, അയാളുടെ ജീവന്‍ വെടിയിച്ചിട്ടില്ലായിരുന്നുവെങ്കില്‍, നജീബിനു ലഭിക്കുന്ന പേരും പെരുമയും ഭാഗീകമായെങ്കിലും ഹക്കീമിനും ലഭിച്ചേനെ….
പുസ്തകത്തില്‍ ഹക്കീം മരിച്ചതുകൊണ്ട് സിനിമയില്‍ സംവിധായകനു അയാളെ പുനരുജ്ജീവിപ്പിക്കാന്‍ പ്രയാസമാണ്. പക്ഷേ, ഹക്കീം നാളെ ഒരു പത്രസമ്മേളനം നടത്തി, ഹേ ഞാനിവിടെ ജീവിച്ചിരിപ്പുണ്ടേ എന്ന് പറഞ്ഞാലോ? എഴുത്തുകാര്‍ സൗകര്യാര്‍ത്ഥം കഥാപാത്രങ്ങളുടെ ജീവന്‍ ഹനിക്കാറുണ്ട്.

ഒരു നൂറ്റാണ്ടിനു മുമ്പ് മഹാകവി വളളത്തോള്‍ മഹാകവി കുമാരനാശാന്‍റെ ‘ലീലാ’ കാവ്യത്തെ വിമര്‍ശിക്കുന്നു. ലീലയും മദനനും ചെറുപ്പം മുതലേ സ്നേഹബന്ധരാണ്. പക്ഷേ ലീല, പിതൃനിര്‍ദ്ദേശമനുസരിച്ച് മറ്റൊരാളെ വിവാഹം കഴിക്കുന്നു. ലീല ഭര്‍ത്താവിനൊപ്പം പോകുന്നു. ലീല വിവാഹിതയായപ്പോള്‍, ഉന്മാദാവസ്ഥയില്‍ മദനന്‍ വീടും നാടും ഉപേക്ഷിക്കുന്നു. ലീലയുടെ ഭര്‍ത്താവു മരണപ്പെട്ട ശേഷം ലീല നാട്ടില്‍ മടങ്ങിയെത്തുന്നു. ലീല മദനനെപ്പറ്റി അന്വേഷിക്കുന്നു. ലീലയ്ക്ക് മദനനോടുളള അചഞ്ചല സ്നേഹം കണ്ടിട്ട് തോഴി, മാധവി പറയുന്നു: ‘മനോനില തെറ്റിയ പ്രണയിതാവിനെ അന്വേഷിച്ചു സമയം കളയാതെ, മറ്റൊരു വിവാഹം ചെയ്തു ജീവിതം സഫലമാക്കാന്‍.’ ലീല അത് നിരസിക്കുന്നു. ലീല മദനനെ സേവാനദിക്കരയില്‍ വച്ചു കണ്ടുമുട്ടുന്നു. എല്ലാം മറന്നു അവര്‍ ഒരുനിമിഷം ഒന്നാകുന്നു. പ്രണയസായൂജ്യത്തിനും ആത്മസാക്ഷാല്‍ക്കാരത്തിനും അപ്പുറം ജീവിതത്തില്‍ മറ്റൊന്നും നേടാനില്ലെന്ന് തോന്നിയിട്ടാവാം അവര്‍ മരണം വരിക്കുന്നു. എന്നിട്ടും വളളത്തോള്‍ അവരെ കൊല്ലേണ്ടിയിരുന്നില്ലെന്ന് വിമര്‍ശിക്കുന്നു.

ഇവിടെ ബെന്യാമിനു ഹക്കീമിന്‍റെ ജീവനെടുക്കാന്‍ ഒഴിച്ചുകൂടാത്ത കാരണങ്ങള്‍ ഉണ്ടായിരുന്നോ? അതോ അത് സംഭവങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കാനോ, അനുവാചകരുടെ സഹതാപം പിടിച്ചുപറ്റാനോ? അങ്ങനെയെങ്കില്‍ അത് കളവാകുകയില്ലേ?

നജീബ് രക്ഷപ്പെടുന്നതിന്‍റെ സൂത്രധാരന്‍ ഹക്കീമാണ്. അവര്‍ രക്ഷപ്പെടുമ്പോള്‍ പിടിക്കപ്പെടാതിരിക്കാന്‍, ഖഫീലില്ലാത്ത ദിനം നോക്കി, വഴി അറിയുന്ന സഹൃദയനായ ഇബ്രാഹിം കാദ്രിയേയും എങ്ങനെയോ കൂട്ടുപിടിച്ചു രക്ഷപ്പെടുന്നു. ഇങ്ങനെയുളള സുപ്രധാന കഥാപാത്രത്തെ അര്‍ഹിക്കുന്ന തരത്തില്‍ പ്രാധാന്യം കൊടുത്തിരുന്നുവെങ്കില്‍, സിനിമയെ സീരിയസ് ആയി കാണുന്നവര്‍, വിശേഷിച്ചും നമ്മുടെ മലയാള സിനിമാപ്രേമികള്‍ ബ്ലെസ്സിയുടെ ഈ സിനിമയെ കൂടുതല്‍ സ്വീകാര്യമാക്കിയേനെ…

സിനിമയില്‍ ഹിന്ദി സംസാരിക്കുന്ന വൃദ്ധനായ ഒരു ജോലിക്കാരനുണ്ട്. അദ്ദേഹം എങ്ങനെ അവിടെ വന്നുവെന്നറിയില്ല. അദ്ദേഹത്തെപ്പറ്റി പ്രേക്ഷകലോകത്തിനു അറിയാന്‍ താല്പര്യമുണ്ട്. അദ്ദേഹം ഇടയ്ക്കിടെ ഹിന്ദി വാക്യംശങ്ങള്‍ ഉച്ചരിക്കുന്നു. അതില്‍ ഒന്ന്, ‘ആരെങ്കിലും ഇവിടെ വന്നവര്‍ പുറത്തു പോകില്ല!’ വൃദ്ധന്‍റെ ജോലിയും അന്ത്യവും ഒരു സസ്പെന്‍സായി ചിലപ്പോള്‍ എടുക്കാം.

അതുപോലെ, നജീബിനേയും ഹക്കീമിനേയും സ്വന്തം ജീവനിലുപരിയായി പലായനം ചെയ്യാന്‍ സഹായിച്ച കാദ്രി എന്ന നല്ല മനുഷ്യന്‍ ഒടുവില്‍ ക്ഷണം അപ്രത്യക്ഷമായതില്‍ കാണികള്‍ക്കു ജിജ്ഞാസയുണ്ട്. അതും ഉദ്വേഗജനകമായി എടുത്തേക്കാമെങ്കിലും, ഹക്കീമിന്‍റെ ജീവന്‍ പൊലിയിച്ചതില്‍ ഗ്രന്ഥകാരനു യാതൊരു ധാര്‍മ്മികതയും അവകാശപ്പെടാനില്ല.
സിനിമയിലെ ഏറ്റവും ശോചനീയമായ ഒരു സീന്‍, ജോലിക്കാരനായ വൃദ്ധന്‍റെ ഭൗതികദേഹം കഴുകുകള്‍ കൊത്തിവലിക്കുന്നതാണ്‌! സിനിമയുടെ തീക്ഷ്ണത കൂട്ടാനാണെങ്കില്‍ പോലും അത് ക്രൂരമായിപ്പോയി. ചുറ്റും മണല്‍ക്കാടുകള്‍ ഉളളപ്പോള്‍, ഒരു ശരീരം മറവ് ചെയ്യാന്‍ ഇത്ര പ്രയാസമുണ്ടോ? ഏത് രാജ്യത്തും മൃതശരീരത്തെ ആദരവോടെ സംസ്കരിക്കും. അറബ് രാജ്യങ്ങളില്‍ പ്രത്യേകിച്ചും. ബോംബെയിലെ പാര്‍സികള്‍ മൃതദേഹത്തെ കഴുകുകള്‍ക്ക് ഭക്ഷിക്കാന്‍ മലമുകളില്‍ വച്ചുകൊടുക്കാറുണ്ട്. അത് അവരുടെ ആചാരമാണ്.

പത്താം ക്ലാസ്സുവരെ പഠിച്ച നജീബിനെക്കൊണ്ട് water എന്ന ഇംഗ്ലീഷ് പദം പറയിപ്പിക്കാഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലാകുന്നില്ല. അവസാനമായി നജീബിനെ ജയിലില്‍ വച്ചു കാണുമ്പോള്‍ അല്പം തടിച്ചതിലെ അശ്രദ്ധയും ശ്രദ്ധിക്കാതിരുന്നില്ല. സിനിമയുടെ സമയദൈര്‍ഘ്യം മൂന്നു മണിക്കൂര്‍ കുറച്ചു കൂടിപ്പോയെങ്കിലും, പ്രേക്ഷകരെ പിടിച്ചിരുത്തും.

ഇതില്‍ തുടരെയുളള നമസ്കാരം അരോചകമായി തോന്നുന്നു. കൊടിയ വിശപ്പ്, ദാഹം, ചുട്ടുപഴുത്ത മണലാരണ്യം. അത്യുഷ്ണം, കൊടുംതണുപ്പ്, മരുഭൂമി, വിഷസര്‍പ്പങ്ങള്‍, തീരം കാണാത്ത അനന്തമായ യാത്ര. ഇങ്ങനെയുളള ആപല്‍ക്കരമായ സന്ദര്‍ഭങ്ങളില്‍ എങ്ങനെയെങ്കിലും കരയ്ക്കെത്തണമെന്ന് തീക്ഷ്ണമായി ആഗ്രഹിക്കുമ്പോള്‍ ദൈവവിശ്വാസിയാണെങ്കില്‍ പോലും നിസ്കരിക്കാന്‍ തോന്നുകയില്ല. പിന്നെ യാത്രികനു നമസ്കാരം നിര്‍ബന്ധമില്ലെന്ന് മതം അനുശാസിക്കുന്നുണ്ട്.

ജയിലില്‍ ഹൃദയഭേദകമായ ഒരു വിചാരണ രംഗമുണ്ട്. അത് ഖഫീല്‍മാരുടെ അടിമവേലയില്‍ നിന്ന് ഓടിപ്പോയ പിടിക്കപ്പെട്ടവരെ നീതിപീഠത്തിന്‍റെ മുന്നില്‍ വരിയായി നിര്‍ത്തുന്നതാണ്. പിടിക്കപ്പെട്ടവരെ ഇതിനുമുമ്പ് അധിക്ഷേപിച്ച ഖഫീല്‍മാര്‍ക്ക് തിരികെ കൈമാറുന്നു. ജനമദ്ധ്യത്തില്‍ വച്ചുതന്നെ ആ ഹതഭാഗ്യരെ അവര്‍ ഹീനമായി പ്രഹരിക്കുന്നു; കൂടെ കൊണ്ടുപോകുന്നു. രക്ഷപ്പെടാന്‍ ഒരു നിവ്വാഹവുമില്ലാതെ നിരപരാധികള്‍ നരകിച്ചു ജീവിക്കുന്നു. നീതി കൈയ്യും കെട്ടി നില്‍ക്കുന്നു. എന്തൊരു കിരാതത്വം. തൊഴിലാളികള്‍ക്കു ശരിക്കു ശമ്പളമില്ല, ഒഴിവു ദിവസങ്ങളില്ല, ജീവന്‍ നിലനിര്‍ത്താന്‍ പോലും ഭക്ഷണം നേരാംവണ്ണം ലഭ്യമല്ല! ജനം വീണ്ടും അടിമത്തത്തിലേക്കു വലിച്ചിഴക്കുന്നുവോ? ഇത്തരം അധമത്വ സമ്പ്രദായം നിരുത്സാഹപ്പെടുത്താന്‍ ഇന്ത്യന്‍ എംബസ്സിക്ക് എന്തെങ്കിലും ചെയ്യാനും കഴിയുമോ?

അന്യദേശ ജീവനക്കാരുടെ നേര്‍ക്കുളള ഇത്തരം വേദനാജനകമായ അനീതി മീഡിയകളിലൂടെ മുന്നറിയിപ്പായി ജനഹൃദയങ്ങളില്‍ എത്തിക്കുന്നത് തികച്ചും അഭിനന്ദനീയമാണ്.

റഹീമിന്‍റെ മോചനത്തിനുവേണ്ടി തെരുവിലിറങ്ങിയ ബോച്ചെ
മറ്റൊരു കശ്മലമായ വ്യവസ്ഥിതിയുടെ ഇരയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുള്‍ റഹീം. വികലാംഗനായ പതിനാറു വയസ്സുളള അനസിനെ ഷോപ്പിങ്ങിനും മറ്റും കൊണ്ടുപോകുന്നതിനാണ് റഹീം ഡ്രൈവറായി സൗദിയില്‍ എത്തുന്നത്. റഹീം ഡ്രൈവിംഗിനിടെ വാഹനം റെഡ് സിഗ്നലില്‍ നിര്‍ത്തുന്നു. തലയ്ക്കു താഴെ മൂക്കാല്‍ ഭാഗവും ചലനശേഷി നഷ്ടപ്പെട്ട അനസ്, റഹീമിനോട് വണ്ടി നിര്‍ത്താതെ ഓടിക്കുവാന്‍ ആവശ്യപ്പെടുന്നു. അത് നിയമവിരുദ്ധമാണെന്ന് പറഞ്ഞെങ്കിലും, അനസ് ചെവി കൊണ്ടില്ല. അനസ് റഹീമിനെ തുപ്പുന്നു. പ്രകോപിതനായ റഹീം അത് തടയാന്‍ ശ്രമിക്കുന്നു. അനസ് മരണപ്പെടുന്നു.

അനസിന്‍റെ കുടുംബത്തിനു വേണ്ടി വക്കീല്‍: റഹീം അനസിനെ മര്‍ദ്ദിച്ചപ്പോള്‍, കഴുത്തില്‍ ഘടിപ്പിച്ച വായുവും അന്നവും ഒഴുകുന്ന യന്ത്രം പ്രവര്‍ത്തനരഹിതമായെന്നും, അനസ് ബോധരഹിതനായെന്നും വാദിക്കുന്നു. ബോധരഹിതനായ ഉടനെ അവനെ ആശുപത്രിയില്‍ എത്തിക്കാന്‍ പ്രയത്നിക്കാതെ, മറ്റൊരാളെയും കൂട്ടുപിടിച്ചു തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അനസ് മരണപ്പെടുന്നു. റഹീമിന്‍റെ പേരില്‍ കുറ്റമാരോപിക്കുന്നു; ജയിലിലടയ്ക്കുന്നു. വധ ശിക്ഷ വിധിക്കുന്നു. പതിനെട്ട് വര്‍ഷമായി ജയിലില്‍ കഴിയുന്നു.

സൗദി അറേബ്യയിലെ ശരീഅത്ത് നിയമത്തിന്‍റെ ഔദാര്യതയില്‍ തൂക്കില്‍ നിന്ന് ഒഴിവാക്കാനായി ഇരയുടെ കുടുംബത്തിനു പ്രതിക്ക് മാപ്പു നല്‍കാം. പകരം, കുടുംബം പ്രതിയില്‍ നിന്ന് ബ്ലഡ്മണി അല്ലെങ്കില്‍ ദിയ എന്ന മോചനദ്രവ്യം ആവശ്യപ്പെടാം. റഹീമിന്‍റെ കേസില്‍ ഇരയുടെ കുടുംബം ആവശ്യപ്പെട്ടത് മുപ്പത്തിനാലു കോടി രൂപ!. ഹൊ, വല്ലാത്തൊരു ‘ചോരപ്പണം’! ഒരു ചെറിയ രാജ്യത്തെ മാസബജറ്റിനു തുല്യമായ ഭീമമായ സംഖ്യ. ഭാഗ്യത്തിനു കെ എം സിയുടെയും ബോബി ചെമ്മണ്ണൂരിന്‍റേയും മറ്റു സഹൃദയരുടേയും കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമായി, ബ്ലഡ്മണി സമാഹരിക്കാന്‍ സാധ്യമാവുന്നു. പക്ഷേ ഇനിയും കടമ്പകളേറെ… വക്കീല്‍ ഫീസിനും മറ്റും ലക്ഷങ്ങള്‍ വേറെ വേണം!

അപകടം സംഭവിച്ചതിനു സാഹചര്യത്തെളിവുകളുടെ ആനുകൂല്യങ്ങളില്ല. പതിനെട്ട് വര്‍ഷം ജയില്‍ ശിക്ഷ. കൂടാതെ, സാമ്പത്തിക ശേഷിയില്ലാത്ത റഹീമില്‍ നിന്ന് അനസിന്‍റെ കുടുംബം ചോദിച്ചത് ഒന്നര കോടി സൗദി റിയാല്‍!!! ഇനിയൊരു റഹീമിനു ഇത്തരമൊരു ദുരനുഭവം വരാതിരിക്കട്ടെ.

Print Friendly, PDF & Email

3 Thoughts to “ആടുജീവിതം – എഴുത്തുകാര്‍ അതിഭാവുകത്വം സൃഷ്ടിക്കുമ്പോള്‍ (വിമര്‍ശനം): അബ്ദുള്‍ പുന്നയൂര്‍ക്കുളം”

  1. യു.എ നസീർ

    നല്ല വിശകലനം: നജീബിൻ്റെയും ഹക്കീമിൻ്റെയും ദുരന്ത ജീവിതം മനസ്സിൽ തട്ടുന്നു. പക്ഷെ കുറെയേറെ രംഗങ്ങളും രീതികളും കാൽപനികമാണ്. മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് അന്യ ദേശക്കാർ മണലാരണ്യത്തിൽ ജീവിതം കരുപ്പിടിപ്പിച്ചപ്പോൾ ഇങ്ങനെ ഒറ്റപ്പെട്ട ചില പ്രത്യേക സംഭവങ്ങളും സഊദി നിയമങ്ങളും പ്രയാസകരം തന്നെ. നല്ല ദൃശ്യാവിഷ്ക്കാരമാണെങ്കിലും രക്ഷപ്പെട്ടു പോകുന്ന ദൃശ്യങ്ങൾ വല്ലാതെ വലിച്ചു നീണ്ടു പോയി. അത് പോലെ തന്നെ മലയാളിയുടെ മനസ്സിൽ ഏറെ പതിഞ്ഞ നൊമ്പരമാണ് റഹീമിൻ്റെ കഥ. ആ രാജ്യത്തെ നിയമങ്ങൾ നമുക്കു ദഹിക്കുന്നതല്ല. പക്ഷെ കെ.എംസിസി പോലുള്ള സംഘടനകളുടെയും ബോച്ചേ പോലുള്ളവരുടെയും മലയാളിയുടെയും യഥാർത്ഥ കേരള സ്‌റ്റോറി അഭിമാനാർഹം തന്നെ.

    1. moidunny abdutty

      Good morning, Naseer. Good to see your explicit review as it you known the movie and Rahim’s story very well. Thank You.

  2. കുര്യൻ പാമ്പാടി, കോട്ടയം

    അബ്ദുൽ പുന്നയൂർക്കുളം ആടുജീവിതം സിനിമ കാണുന്നത് എല്ലാവരും കാണുന്നത് പോലെയല്ല. ഗൾഫ് നാടുകളിൽ ജീവിച്ചു അവിടത്തെ ആളിക്കത്തുന്ന ജീവിത യാഥാർത്ഥ്യങ്ങൾ അനുഭവിച്ചറിഞ്ഞ പ്രവാസിയുടെ കണ്ണുകൾ കൊണ്ടാണ്. ഈ നിലക്ക് വിമർശനങ്ങൾക്ക് അതിൻ്റേതായ തീഷ്ണതയുണ്ട്. അതേസമയം, അദ്ദേഹം ഒരു കഥാകാരനും കവിയും ഒക്കെയാണ്. തന്മൂലം അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിന് സർഗാത്മകത കൂടും. അതിനാൽ വായനക്കാർ കൂടുതൽ മാനിക്കേണ്ടതുണ്ട്. അഭിനന്ദനം!

Leave a Comment