കോഴിക്കോട് : ജില്ലയിലെ വിവിധ പോളിംഗ് ബൂത്തുകളിൽ വോട്ടെടുപ്പ് തുടങ്ങി. പോളിംഗ് ബൂത്തുകളിൽ രാവിലെ മുതല്‍ നീണ്ട ക്യൂ രൂപപ്പെട്ടു തുടങ്ങി. മണ്ഡലത്തിൽ വോട്ടർമാർക്കായി 1206 പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. 6,91,096 പുരുഷന്മാരും 7,38,509 സ്ത്രീകളും 26 ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടെ 14,29,631 പേർക്കാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹത.
പോളിങ് സുരക്ഷിതവും സുതാര്യവുമാക്കാൻ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോളിങ് ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നത്. വ്യാജവോട്ടെടുപ്പും ആൾമാറാട്ടവും ഉൾപ്പെടെയുള്ള തട്ടിപ്പുകൾ തടയാൻ ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിൻ്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളിലൂടെ തത്സമയം നിരീക്ഷിക്കും.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കോഴിക്കോട് ലോക്‌സഭ മണ്ഡലം.
ഇവിടെ യുഡിഎഫിന് വേണ്ടി നാലാം തവണയും വിജയമുറപ്പിച്ച് നിലവിലെ എംപി എം കെ രാഘവനും ഒപ്പം എൽഡിഎഫ് നിയോഗിച്ചിരിക്കുന്നത് മുൻ മന്ത്രി എളമരം കരീമിനെയാണ്. എൻഡിഎയ്ക്ക് വേണ്ടി ബിജെപി നേതാവ് എംടി രമേശുമാണ് മത്സരിക്കുന്നത്.