എറണാകുളം: ഈ തിരഞ്ഞെടുപ്പിൽ തൃശ്ശൂരും തിരുവനന്തപുരത്തും ബിജെപി വിജയിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് ട്വൻ്റി ട്വൻ്റി പാർട്ടി പ്രസിഡൻ്റ് സാബു എം ജേക്കബ് അഭിപ്രായപ്പെട്ടു. ബിജെപിയെ ജയിപ്പിക്കാനാണ് സിപിഐ എം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും സാബു വ്യക്തമാക്കി.
ബിജെപിയും സിപിഎമ്മും രണ്ട് ടീമുകളല്ല, ഒരു ടീമാണ്. സി പി ഐയെ സി പി ഐ എം ബലിയാടാക്കുകയാണ്. അവരെ കൂടെ നിര്‍ത്തിക്കൊണ്ടാണ് ബിജെപിക്കു വേണ്ടി സിപിഐഎം പ്രവര്‍ത്തിക്കുന്നത്. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ സിപിഐയെ തകർക്കാൻ സിപിഎം തന്നെ ബിജെപിയുമായി സഹകരിക്കും. എന്നാൽ, എറണാകുളത്തും ചാലക്കുടിയിലും സിപിഎമ്മും കോൺഗ്രസും തങ്ങളുടെ പ്രധാന എതിരാളിയായി കാണുന്നത് ട്വൻ്റി ട്വൻ്റിയെയാണെന്നും സാബു എം ജേക്കബ് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ചാലക്കുടിയിലും എറണാകുളത്തുമാണ് മൂന്ന് മുന്നണികളെയും വെല്ലുവിളിച്ചുകൊണ്ട് ട്വന്റി ട്വന്റി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്. എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയും ചാലക്കുടിയിൽ അഡ്വ. ചാർലി പോളും ട്വന്റി ട്വന്റിക്കായി മത്സരിക്കുന്നത്.