അയോദ്ധ്യ: ഈദ് അവധി കഴിഞ്ഞ് മടങ്ങുകയായിരുന്ന മദ്രസ വിദ്യാർത്ഥികളുടെ ബസ് അധികൃതർ തടഞ്ഞത് അനധികൃത മനുഷ്യക്കടത്തെന്ന് സംശയിച്ചാണെന്ന് വിശദീകരണം. പ്രായപൂർത്തിയാകാത്ത ഒരു കൂട്ടം ആണ്‍കുട്ടികളായിരുന്നു ബസില്‍ യാത്ര ചെയ്തിരുന്നത്.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയും, ഒരു എൻജിഒയും അടങ്ങിയ സംഘമാണ് ബസ് തടഞ്ഞത്. ബീഹാറിലെ അരരായ ജില്ലയിൽ നിന്ന് സഹരൻപൂരിലേക്ക് പോവുകയായിരുന്നു ബസ്.
എട്ട് മുതൽ 15 വയസ്സുവരെയുള്ള 95 കുട്ടികളാണ് ബസിൽ യാത്ര ചെയ്തിരുന്നതെന്ന് ശിശുക്ഷേമ സമിതി (അയോദ്ധ്യ) ചെയർമാൻ സർവേഷ് അവസ്തി പറഞ്ഞു. ഇന്നലെ (വെള്ളിയാഴ്ച) വൈകീട്ടാണ് സംഭവം.
പ്രാഥമിക അന്വേഷണത്തിൽ, ഈ കുട്ടികളെല്ലാം അരാരായയിലെ താമസക്കാരാണെന്നും സഹറൻപൂർ മദ്രസയിൽ പഠിക്കുന്നവരാണെന്നും കണ്ടെത്തി. ഈദ് അവധി കഴിഞ്ഞ് വീടുകളില്‍ നിന്ന് മടങ്ങുകയായിരുന്നു അവരെന്നും കണ്ടെത്തി.
നടപടിക്രമങ്ങൾ പാലിച്ച് കുട്ടികളെ ലഖ്‌നൗവിലെ സർക്കാർ ഷെൽട്ടർ ഹോമിലേക്ക് കൊണ്ടുപോയതായി സർക്കിൾ ഓഫീസർ (സിറ്റി) ശൈലേന്ദ്ര സിംഗ് പറഞ്ഞു. അവരുടെ മാതാപിതാക്കളെ വിളിച്ച് തിരിച്ചറിയലിനായി ഷെൽട്ടർ ഹോമിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്ത് ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനാണ് നടപടിയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭൂരിഭാഗം കുട്ടികളുടെയും ഐഡൻ്റിറ്റി വെരിഫിക്കേഷൻ ശനിയാഴ്ച പൂർത്തിയാക്കിയതായും സഹാറൻപൂരിലേക്ക് പോകാൻ അനുവദിച്ചതായും അധികൃതർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് ജംഇയ്യത്തുൽ ഉലമ ഹിന്ദ് അയോദ്ധ്യ പ്രസിഡൻ്റ് ഹാഫിസ് ഇർഫാൻ അഹമ്മദിനെ അറിയിക്കുകയും അദ്ദേഹം കുട്ടികളുമായി സംസാരിക്കുകയും ചെയ്തു.
മനുഷ്യക്കടത്ത് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പോലീസിനെ അറിയിച്ചതാണ് ആശയക്കുഴപ്പത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രക്ഷിതാക്കള്‍ എത്തുന്നതുവരെ കുട്ടികളെ സുരക്ഷിതമായി ലഖ്‌നൗവിലെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. സഹരൻപൂരിലെ മദ്രസയിൽ നിന്നുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്.