തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും കെഎസ്ആർടിസി ബസ്സിനെ നടുറോഡില്‍ അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കുറുകെ തടഞ്ഞുവെച്ച സംഭവത്തിൽ ബസിനുള്ളിലുണ്ടായിരുന്ന സിസിടിവിയില്‍ ദൃശ്യങ്ങളില്ലെന്ന് പൊലീസ്. പരിശോധനയിൽ മെമ്മറി കാർഡ് കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറഞ്ഞത്. കൻ്റോൺമെൻ്റ് സിഐ ജയകൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഡിവിആറിൽ മെമ്മറി കാർഡ് ഇല്ലെന്ന് കണ്ടെത്തി.
മെമ്മറി കാർഡ് മാറ്റിയതായി സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. രാവിലെ 10 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ബസിനുള്ളിൽ മൂന്ന് സിസിടിവി ക്യാമറകളുണ്ട്. ഈ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്നും സംഭവം നടക്കുമ്പോൾ മെമ്മറി കാർഡ് ഉണ്ടായിരുന്നുവെന്നും യദു പറഞ്ഞു.
എന്നാല്‍, പ്രസ്തുത മെമ്മറി കാർഡ് ഇപ്പോൾ നഷ്ടപ്പെട്ടതായാണ് പോലീസ് പറയുന്നത്. ബസിനുള്ളിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഇതിനായി ബസ് ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ആർടിസിക്ക് പൊലീസ് നേരത്തെ കത്ത് നൽകിയിരുന്നു. അതു പ്രകാരം തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബസ് മടങ്ങിയ ശേഷമായിരുന്നു പരിശോധന. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ബസ് അമിതവേഗതയിലായിരുന്നോ അതോ വാഹനങ്ങളെ മറികടക്കുകയായിരുന്നോ എന്ന് പൊലീസിന് പ്രധാനമായും കണ്ടെത്തേണ്ടിയിരുന്നത്.
ഏപ്രിൽ 28-ന് നടന്ന സംഭവമാണ് ഇപ്പോള്‍ വിവാദത്തിന് കാരണമായിരിക്കുന്നത്. തന്റെ വാഹനത്തിന് സൈഡ് നൽകാത്തതിനെത്തുടര്‍ന്നാണ് മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. രാത്രി 10.30ഓടെ പാളയത്തുവെച്ചാണ് സംഭവം നടന്നത്. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകിയില്ലെന്നും ഇടതുവശത്ത് കൂടി മറികടക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ആര്യ രാജേന്ദ്രൻ കാർ ബസ്സിനു മുന്നില്‍ കുറുകെ നിർത്തിയാണ് ഡ്രൈവറുമായി വാക്കേറ്റം നടത്തിയത്.
തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ യദുവായിരുന്നു ബസിലെ ഡ്രൈവര്‍. ഇയാള്‍ മോശമായ രീതിയില്‍ ആംഗ്യം കാണിച്ചുവെന്നാരോപിച്ച് ആര്യ കന്റോൺമെന്റ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ യദുവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
അതേസമയം പാളയം സാഫല്യം കോംപ്ലക്സിന് സമീപം ബസ് തടഞ്ഞുവച്ച ശേഷം കാറിൽ നിന്ന് ഇറങ്ങിവന്ന സച്ചിൻ ദേവ് റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്നാണ് ചോദിച്ചതെന്നും തുടർന്നാണ് വാക്കേറ്റം ഉണ്ടായതെന്നും ഡ്രൈവർ യദു പറഞ്ഞു. തന്റെ ജോലി കളയുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞു.