ഗെയ്റ്റ് തുറന്ന് പോസ്റ്റ്മാന്‍ വരുന്നത് ജനലിലൂടെ കണ്ടപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്ന് ശോഭ പുറത്തേക്കിറങ്ങി. പോസ്റ്റ്മാന്‍ നീട്ടിയ കത്ത് വാങ്ങുമ്പോള്‍ ചിന്തിച്ചു! ആരുടെ കത്തായിരിക്കും..! തനിക്കിപ്പോള്‍ ആരാ കത്തെഴുതാന്‍! കത്ത് തിരിച്ചും മറിച്ചും നോക്കി. അത്ഭുതത്തോടെ അതിലേറെ ആകാംക്ഷയോടെ അവള്‍ അതു കണ്ടു…
‘സുമന്റെ കത്ത് !… ധൃതിയില്‍ അവള്‍ കത്ത് പൊട്ടിച്ചു….
പ്രിയ ശോഭ
നിന്നെ കണ്ടിട്ട് ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്റെ വിവാഹം കഴിഞ്ഞിട്ടും ഏതാണ്ട് അത്രയും വര്‍ഷമായി. ഞാനിപ്പോള്‍ ഡല്‍ഹിയിലുണ്ട്. ഇവിടെ താമസം തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. എനിക്ക് നിന്നോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അവിടുന്നു മിവിടുന്നുമൊക്കെ അല്പസ്വല്പം വിവരങ്ങള്‍ അറിയുന്നുണ്ടെന്നതല്ലാതെ വര്‍ഷങ്ങളായി നമ്മള്‍ നേരില്‍ കണ്ടിട്ടില്ലല്ലോ… അതുകൊണ്ട് നീ വരണം.. തമ്മില്‍ കാണുമ്പോള്‍ പരസ്പരം പങ്കുവെയ്ക്കാന്‍ ഒത്തിരി വിശേഷങ്ങളുണ്ട്…അതുകൊണ്ട് ദയവായി വരണം. നീ ഇപ്പോള്‍ ഒറ്റയ്ക്കാണെന്ന് എനിക്കറിയാം. മുപ്പതു വര്‍ഷത്തെ വിശേഷങ്ങള്‍ പറയാനുണ്ട്. അതോടൊപ്പം നിനക്കൊരു സര്‍പ്രൈസും ഉണ്ട്. എന്റെ അഡ്രസ്സും ഫോണ്‍ നമ്പറും ഇതിലെഴുതിയിട്ടുണ്ട്….
നിന്റെ,
സുമന്‍
സ്‌കൂള്‍ മുതല്‍ കോളേജ് വരെ സുമനും ശോഭയും ഏറ്റവും അടുത്ത കൂട്ടുകാരികളായിരുന്നു. മറ്റു പെണ്‍കുട്ടികളില്‍ നിന്ന് ഇരുവരേയും വ്യത്യസ്തമാക്കിയ ഒരു ഘടകമുണ്ടായിരുന്നു. ശോഭ കഥകളും സുമൻ കവിതകളും എഴുതുമായിരുന്നു. കോളജ് കാമ്പസില്‍ ഇരട്ടകളെപ്പോലെ അവര്‍ ഒഴുകി നടക്കും… മരത്തണലില്‍, ഗ്രൗണ്ടിന്റെ ഓരത്ത്.. എപ്പോഴും ഇരുവര്‍ക്കും എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും. അവയെല്ലാം കഥകളായും കവിതകളായും രൂപാന്തരം പ്രാപിക്കുകയും ചെയ്യും.
കോളേജിൽ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയ സമയത്ത് അവരുടെ അടുപ്പത്തിന് തകര്‍ച്ചയേറ്റു. ശോഭയ്ക്കു വേണ്ടി അവളുടെ അച്ഛനുമമ്മയും ഒരു വരനെ കണ്ടുപിടിച്ചിട്ടുണ്ടെന്ന വാര്‍ത്ത ശോഭയെ തകര്‍ത്തു. അവള്‍ക്ക് കരയാനല്ലാതെ യാതൊരു നിര്‍വ്വാഹവുമുണ്ടായിരുന്നില്ല. മാതാപിതാക്കളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അവള്‍ക്ക് പഠിപ്പ് ഉപേക്ഷിക്കേണ്ടി വന്നു. കോളേജിനോട് വിട പറയുന്ന ദിവസം ശോഭ ഒരുപാട് കരഞ്ഞു. സുമന്‍ ആശ്വസിപ്പിച്ചു. “ഇതാണ് മോളെ ജീവിതം. നാം പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളെ അനുസരിക്കാനേ കഴിയുകയുള്ളൂ… നിനക്ക് എല്ലാ നന്മകളും നേരുന്നു.” ശോഭയെ യാത്രയാക്കിയ സുമനും നിയന്ത്രണം വിട്ടു. രണ്ടു പേരും ഒട്ടേറെ കരഞ്ഞു.
സുമന്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശോഭയാകട്ടേ വിവാഹിതയായി ഭര്‍ത്താവുമൊത്ത് ജീവിതവും ആരംഭിച്ചു. അവള്‍ മുംബൈയിലേക്ക് താമസം മാറ്റിയെന്ന് പിന്നീട് സുമന്‍ അറിഞ്ഞിരുന്നു. വിവാഹത്തില്‍ താല്പര്യമില്ലാതിരുന്ന ശോഭയുടെ ജീവിതം വിഷാദമൂകമായിരുന്നു.
അതിനിടെ, സുമനും ഒരു വിവാഹാലോചന വന്നു. വരന്‍ അമേരിക്കയില്‍ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കോളേജ് പ്രഫസര്‍.. സുമനാകട്ടേ പിഎച്ച്ഡി പൂര്‍ത്തിയാക്കി ഡല്‍ഹി ലേഡി ശ്രീറാം കോളെജില്‍ പ്രഫസറായി ജോലി നോക്കുന്നു. അകന്ന ബന്ധത്തില്‍ പെട്ട ഒരു അമ്മാവന്‍ വഴിയാണ് ഈ വിവാഹാലോചന വന്നതെന്നതു കൊണ്ട് എല്ലാവര്‍ക്കും സമ്മതം.
വിവാഹം ആര്‍ഭാടമായി തന്നെ നടന്നു. ആഭരണങ്ങള്‍ യഥേഷ്ടം…. വിവാഹത്തിന് ശോഭയും ഭര്‍ത്താവും കുട്ടികളും എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ശോഭയെ കണ്ട സന്തോഷം പക്ഷെ അധികനേരം അവര്‍ക്ക് ആസ്വദിക്കാനായില്ല. കാരണം കുട്ടികളും ബന്ധുക്കളുമൊക്കെ തന്നെ. എങ്കിലും കിട്ടിയ സമയം കൊണ്ട് അവരൊരു ഓട്ടപ്രദക്ഷിണം നടത്തി. അതായിരുന്നു അവരുടെ അവസാനത്തെ കൂടിക്കാഴ്ച.
പിന്നീട് മുംബൈയിലെ അഡ്രസില്‍ ശോഭയ്ക്ക് കത്തുകള്‍ അയച്ചെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ല. വിവാഹ ജീവിതം സുമന്‍ ആസ്വദിച്ചിരുന്നുവെങ്കിലും മക്കളില്ലാത്ത ദുഃഖം എപ്പോഴും കാര്‍മേഘപടലങ്ങള്‍ പോലെ ജീവിതത്തെ പൊതിഞ്ഞു. ഇഷ്ടം പോലെ ധനം, സമ്പത്ത് പക്ഷെ മക്കളില്ലാത്ത ദുഃഖം സുമനെ അലട്ടിക്കൊണ്ടിരുന്നു. വീട്ടില്‍ അച്ഛനും അമ്മയുമായി സംസാരിക്കുമ്പോഴും ഈ വിഷയം പൊന്തിവരും. അതോടെ സുമന്‍ സംസാരം അവസാനിപ്പിക്കും. എന്നാല്‍ ശോഭയാകട്ടേ ഭര്‍ത്താവിന്റെ തുഛ ശമ്പളംകൊണ്ട് ജീവിതം രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെട്ടു. നാലു മക്കളുമായി ജീവിക്കാന്‍ ഭര്‍ത്താവിന്റെ വരുമാനം മാത്രം തികയാതെ വന്നപ്പോള്‍ തയ്യല്‍ പണി തുടങ്ങി. സ്കൂളിലും കോളേജിലുമൊക്കെ കഥകളെഴുതിയിരുന്ന ശോഭയ്ക്ക് എഴുതാനുള്ള സമയ ദൗര്‍ലഭ്യം വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. എങ്കിലും അവള്‍ എഴുതി….സമയം കിട്ടുമ്പോഴെല്ലാം….! എന്നാല്‍ അപ്രതീക്ഷിതമായി ഒരു ചെറിയ പനിയില്‍ തുടങ്ങിയ ഭര്‍ത്താവിന്റെ രോഗം അദ്ദേഹത്തിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുത്തിയതോടെ ശോഭയുടെ ജീവിതവും ഇരുട്ടിലായതു പോലെയായി.
മക്കളെ വളര്‍ത്തിയെടുക്കാന്‍ ശോഭയ്ക്ക് രാവും പകലും കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നു. അവരെ പഠിപ്പിച്ചു വലിയ നിലയിലാക്കി. മൂന്ന് പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചു. മകനാണെങ്കില്‍ അവന്റെ സ്വന്തം ഇഷ്ടത്തിന് ജീവിത പങ്കാളിയെ തെരഞ്ഞെടുത്തു. എല്ലാവരും അവരവരുടെ ജീവിതം ആരംഭിച്ചു. ക്രമേണ അവരും അകന്നു. ഇതിനിടെ ഭര്‍ത്താവിന്റെ ആകസ്മിക മരണം അവളെ ഒറ്റപ്പെടുത്തി.
സുമന് ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായി. മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷം തമ്മില്‍ കാണാന്‍ പോകുകയാണ്. സന്തോഷം കൊണ്ട് ഇരുവരും ഗദ്ഗദകണ്ഠരായി. ഡല്‍ഹിയിലെത്തുന്ന ദിവസം സുമനെ അറിയിച്ചു.
ന്യൂഡല്‍ഹി റയില്‍വേ സ്റ്റേഷനില്‍ ട്രെയ്ന്‍ നിര്‍ത്തി. ശോഭ പുറത്തിറങ്ങി നാലുപാടും നോക്കി. പത്തുമുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് താന്‍ ഈ നഗരത്തില്‍ എത്തിയിരിക്കുന്നത്. സുമന്റെ അഡ്രസ് കൈയ്യിലുണ്ട്. പ്ലാറ്റ്ഫോമിലെ തിക്കിലും തിരക്കിലും പെട്ട് ശോഭയ്ക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. നഗരത്തിന്റെ മാറ്റം അവളില്‍ അത്ഭുതം സൃഷ്ടിച്ചു. ഈ തിക്കിലും തിരക്കിലും എങ്ങനെ സുമനെ കണ്ടു പിടിക്കും? അവള്‍ പ്ലാറ്റ്ഫോം മുഴുവന്‍ കണ്ണോടിച്ചു. ഇനി സുമനെ കണ്ടാല്‍ തന്നെ എങ്ങനെ തിരിച്ചറിയും? പരിഭ്രാന്തിയോടെ ചുറ്റുപാടും നോക്കി മുന്നോട്ടു നടന്നു. പുറത്തേക്കിറങ്ങാന്‍ യാത്രക്കാര്‍ തിക്കും തിരക്കും കൂട്ടുന്നു. ശോഭ ആ തിരക്കില്‍ നിന്ന് ഒഴിഞ്ഞു മാറി നിന്നു. ഈ തിരക്കൊന്നൊഴിഞ്ഞെങ്കില്‍ എന്നവള്‍ ആശിച്ചു…
സുമന്‍ വരും, വരാതിരിക്കില്ല. കോളേജില്‍ പഠിക്കുന്ന കാലത്തെ ന്യൂഡല്‍ഹിയല്ല ഇപ്പോള്‍. എങ്കിലും ചില സ്ഥലങ്ങളുടെ പേരൊക്കെ മനസ്സില്‍ മായാതെ കിടപ്പുണ്ട്.
“മേം സാബ് ആപ്കോ കഹാം ജാനാഹേ?” ഒരാള്‍ വന്നു ചോദിച്ചു.
ഏതോ ടാക്സി ഡ്രൈവറാണെന്നു തോന്നുന്നു. അയാളോട് മറുപടി പറഞ്ഞ് തിരിഞ്ഞു നിന്ന ശോഭയുടെ മുന്‍പില്‍ നിറ ചിരിയോടെ ഒരു സ്ത്രീ നില്‍ക്കുന്നു. ശോഭ ഒരുനിമിഷം പകച്ചു….!! ആ സ്ത്രീ ശോഭയുടെ അടുത്തേക്ക് വന്നു…കണ്ണുകളില്‍ അശ്രുപൂക്കള്‍…! പക്ഷെ മുഖത്ത് നിറചിരി…! അന്തം വിട്ടു നില്‍ക്കുന്ന ശോഭയെ ആ സ്ത്രീ കെട്ടിപ്പിടിച്ചു…
“നീ പേടിച്ചു പോയോ?” ആ ചോദ്യം കേട്ട് ശോഭ അത്ഭുതത്തോടെ അതിലേറെ സന്തോഷത്തോടെ ആ ശബ്ദം തിരിച്ചറിഞ്ഞു….
‘അതെ, ഇത് അവള്‍ തന്നെ, എന്റെ സുമന്‍…!!’
പരിസരം മറന്ന് രണ്ടുപേരും ആലിംഗനം ചെയ്തു….കണ്ണുനീര്‍ ധാരധാരയായി ഒഴുകി. കാലങ്ങള്‍ക്കുശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയ ആ ധന്യമുഹൂര്‍ത്തത്തിന് സാക്ഷിയായി ചില യാത്രക്കാരും.
അശോക് വിഹാറിലെ സുമന്റെ വീട്ടിലെത്തുന്നതുവരെ രണ്ടുപേരും വാചാലരായി. ടാക്സിയില്‍ നിന്ന് ലഗേജ് എടുത്ത് ടാക്സിക്കാരനെ പറഞ്ഞുവിട്ടു.
വാതില്‍ തുറന്ന് അകത്തു കയറിയ ഉടനെ ആരോ കര്‍ട്ടനു പിന്നില്‍ മറഞ്ഞതായി ശോഭയ്ക്കു തോന്നി! പുറത്തുനിന്ന് താക്കോല്‍ ഉപയോഗിച്ചാണല്ലോ സുമന്‍ വാതില്‍ തുറന്നത്. പിന്നെ അകത്താരാണ്? ശോഭ ഒരുനിമിഷം ശങ്കിച്ചു. എന്നാല്‍ സുമനോട് ചോദിച്ചില്ല.
“നീ എന്താടീ അവിടെത്തന്നെ നിന്നു കളഞ്ഞത്? കയറി വാ…” സുമന്‍ വിളിച്ചപ്പോഴാണ് ശോഭ ചിന്തയില്‍ നിന്നുണര്‍ന്നത്.
അകത്തേക്ക് കടന്ന ശോഭയെ പെട്ടെന്നാണ് ആരോ പുറകിലൂടെ വന്ന് കണ്ണു പൊത്തിയത്. ഞെട്ടിത്തരിച്ച ശോഭയില്‍ നിന്ന് ഒരു ശബ്ദം പുറത്തേക്കുവന്നു. സുമനാകട്ടെ ആ കാഴ്ച കണ്ട് ചിരിച്ചുകൊണ്ടു നില്‍ക്കുന്നു! ശോഭയ്ക്ക് ദ്വേഷ്യവും അതോടൊപ്പം ആകാംക്ഷയുമായി. ആരാണ് എന്റെ കണ്ണു പൊത്തിയിരിക്കുന്നത്? അടുത്തു പരിചയമുള്ളവരല്ലാതെ അങ്ങനെ ചെയ്യുകയില്ലല്ലോ. ഇവിടെ എനിക്ക് പരിചയമുള്ളത് സുമന്‍ മാത്രമേ ഉള്ളൂ. അവളാണെങ്കില്‍ അതാ മുന്നില്‍ നില്‍ക്കുന്നു. ശോഭ ഒരുനിമിഷം ശങ്കിച്ചു.
“ദൈവമേ….ഇതാരായിരിക്കും.?” എന്തായാലും ധൈര്യം സംഭരിക്കുക തന്നെ.
“ആരാണെങ്കിലും ഈ കൈ ഒന്നയച്ച് എന്റെ മുന്‍പില്‍ വരൂ… ഇങ്ങനെ കണ്ണുകെട്ടി കളിക്കാതെ..” ശോഭ ആവശ്യപ്പെട്ടു.
ആ കൈകള്‍ മെല്ലെ അയഞ്ഞു. ശോഭ തിരിഞ്ഞു നോക്കി. പരിചയമില്ലാത്ത മുഖം….. ഈ സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ലല്ലോ. ഇവരെങ്ങനെ അകത്തു കയറി… പല ചോദ്യങ്ങളും ശോഭയുടെ മനസ്സിലൂടെ കടന്നുപോയി. എല്ലാ രംഗങ്ങളും വീക്ഷിച്ചുകൊണ്ടു നിന്ന സുമന്‍ അടുത്തേക്ക് വന്നു.
“ശോഭേ… നീ ഇവളെ സൂക്ഷിച്ചൊന്നു നോക്ക്. ആളെ മനസ്സിലായോ എന്നറിയാമല്ലോ” സുമന്‍ ആവശ്യപ്പെട്ടു.
അപ്പോഴും അന്ധാളിപ്പോടെ നില്‍ക്കുന്ന ശോഭയ്ക്ക് ആളെ മനസ്സിലായില്ല.
“സുമന്‍ മിണ്ടാതിരി. ഇവള്‍ക്ക് എന്നെ മനസ്സിലായോ എന്നറിയാമല്ലൊ” ആ സ്ത്രീ പറഞ്ഞതുകേട്ട് ശോഭ വീണ്ടും കണ്‍ഫ്യൂഷനിലായി.
“ദയവു ചെയ്ത് നിങ്ങള്‍ ആരാണെന്ന് പറയൂ. എന്നെ ഇങ്ങനെ തീ തീറ്റിക്കല്ലേ…പ്ലീസ്..”
ശോഭയുടെ മുഖഭാവം കണ്ട് ആ സ്ത്രീയും സുമനും പൊട്ടിച്ചിരിച്ചു.
“എടീ മണ്ടീ, ഹൈസ്കൂളില്‍ നമ്മുടെ നിഴലുകള്‍ക്ക് കൂട്ടായി മറ്റൊരു നിഴല്‍ ഉണ്ടായിരുന്നത് നീ ഓര്‍ക്കുന്നോ?”
“കിരണ്‍!”…. ശോഭയുടെ വായില്‍ നിന്ന് അറിയാതെ ആ പേര് പുറത്തു വന്നു.
“കിരണ്‍, ഇത് നീ തന്നെയാണോ? മൈ ഗോഡ്..എടീ നീയായിരുന്നോ എന്നെ ഇത്രയും നേരം തീ തിറ്റിച്ചത്? എടീ, നീ ഇവിടെ?”
ശോഭയ്ക്ക് ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നു.
“ശോഭേ, ഇതാണ് നിനക്കൊരു സര്‍പ്രൈസ് ഞാന്‍ വെച്ചിട്ടുണ്ടെന്ന് കത്തിലെഴുതിയത്. ദേ ഇവളാണ് ആ സര്‍പ്രൈസ്..” സുമന്‍ പറഞ്ഞു.
ശോഭയും സുമനും കിരണും ഹൈസ്കൂള്‍ വരെ അടുത്ത കൂട്ടുകാരികളായിരുന്നു. ഹൈസ്കൂള്‍ കഴിഞ്ഞ് ശോഭയും സുമനും കോളെജില്‍ ചേര്‍ന്നു. എന്നാല്‍ കിരണിനെക്കുറിച്ച് പിന്നീടവര്‍ കേട്ടില്ല. മെലിഞ്ഞ ശരീരപ്രകൃതക്കാരായ മൂവരേയും ‘തീന്‍ മഛര്‍’ (മൂന്നു കൊതുകുകള്‍) എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. മറ്റു കുട്ടികള്‍ക്ക് കളിയാക്കാനും അതു ധാരാളം. ഹൈസ്കൂളിലെ ഓര്‍മ്മകള്‍ അയവിറക്കി മൂവരും കുറെ സമയം ചിലവഴിച്ചു.
പകല്‍ എരിഞ്ഞടങ്ങി…. മുറിയില്‍ മൂവരും മൂകരായി. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ തരണം ചെയ്ത ഒരു വിധവ, ഒരു വിവാഹ മോചിത, മാതാവിനും സഹോദരങ്ങള്‍ക്കും വേണ്ടി ജീവിതം ഹോമിച്ച ഒരു അവിവാഹിത… ! അവര്‍ നിശ്ശബ്ദരായിരുന്നെങ്കിലും, ആ നിശ്ശബ്ദതയിലും ഭയം ഉണ്ടായിരുന്നു, അത് ഭയാനകവും മുന്നോട്ടുള്ള ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വ്യഥകളും ആകുലതകളും ആഴത്തില്‍ വേരോടിയിരുന്നു. മൂന്നു പേര്‍ക്കും പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര കഥകളുണ്ടായിരുന്നു. മൂന്നു പേരുടെയും മനസ്സുകളില്‍ അവര്‍ കടന്നുപോയ ഭാഗ്യ- ദൗര്‍ഭാഗ്യ നിമിഷങ്ങള്‍ ഊളിയിട്ടു. വിവാഹം കഴിഞ്ഞിട്ടും ദാമ്പത്യജീവിതത്തിലെ പൊരുളും പൊള്ളത്തരങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ചതിയും വഞ്ചനയുമൊക്കെ അവരുടെ സംസാരത്തില്‍ കടന്നുവന്നു. ഇരുപത്തഞ്ചു വര്‍ഷക്കാലം ഭര്‍ത്താവിനോടൊപ്പം സഹിഷ്ണുതയോടെ, ഒരു സഖിയായി ജീവിച്ചു. ദുര്‍ബ്ബലമായ സഹിഷ്ണുതത്വം സ്വയം ന്യായീകരിക്കാനും അയാളുടെ അധാര്‍മ്മിക ബന്ധം, വന്ധ്യത എന്നിവയെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും സുമന്‍ മടിച്ചു. വിവാഹശേഷം സുമന്റെ ജോലി ഭര്‍ത്താവിന്റെ നിര്‍ബ്ബന്ധത്താല്‍ ഉപേക്ഷിക്കേണ്ടി വന്നു. കൂടാതെ ഡല്‍ഹിയില്‍ നിന്ന് പട്യാലയിലേക്ക് താമസവും മാറ്റി. അമ്മയെ ഒറ്റയ്ക്ക് ഡല്‍ഹിയിലാക്കി സുമന്‍ ഭര്‍ത്താവിന്റെ കൂടെ പോകാന്‍ നിര്‍ബ്ബന്ധിതയായി. ഒരര്‍ത്ഥത്തില്‍, സുമന്‍ തടവിലാക്കപ്പെട്ട പോലെയായി. ജീവിതം നരകതുല്യമായി. അതോടെ ആ ബന്ധം ഉപേക്ഷിച്ച് സ്വന്തം അമ്മയുടെ അടുത്ത് അഭയം പ്രാപിക്കേണ്ടി വന്നു.
മൂകമായ നിമിഷങ്ങള്‍ക്ക് വിരാമമിട്ട് സുമന്‍ പറഞ്ഞു..
“ശോഭേ, നിനക്ക് മക്കളുണ്ട്, എനിക്ക് അതുപോലും ഇല്ലല്ലോ”
ശോഭ ചിരിച്ചു. ആ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു… വിവാഹത്തിലേക്ക് നിര്‍ബ്ബന്ധപൂര്‍വ്വം വലിച്ചിഴച്ചതാണെങ്കിലും പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷെ ആ പ്രതീക്ഷകളുടെ കതിര്‍ നാമ്പുകള്‍ വാടിക്കരിയാന്‍ അധിക നാള്‍ വേണ്ടിവന്നില്ലെന്ന് ഇവളെങ്ങനെ അറിയാന്‍. നിറങ്ങളുടെ ലോകത്തുനിന്ന് ഇരുട്ടിലേക്കായിരുന്നില്ലേ എന്റെ പ്രയാണം. അടുപ്പത്തിന്‍റെയും സന്തോഷത്തിന്‍റെയും സ്ഥാനത്ത് ഹൃദയവേദനയുടെയും നൈരാശ്യത്തിന്‍റെയും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയത് എത്ര പെട്ടെന്നാണ്. വിവാഹബന്ധം സ്‌നേഹശൂന്യമായിത്തീരാന്‍ അധിക വര്‍ഷങ്ങള്‍ വേണ്ടിവന്നില്ല. അപൂര്‍ണരായ ദമ്പതികള്‍ക്ക് പൂര്‍ണതയുള്ള വിവാഹബന്ധം സാധ്യമല്ലെന്ന് മനസ്സിലാക്കിയപ്പോഴേക്കും വളരെ വൈകിയിരുന്നു. കണ്ണുകള്‍ ഈറനണിയുന്നത് മറച്ചുവെച്ച് ചിരിച്ചുകൊണ്ടുതന്നെ ശോഭ എഴുന്നേറ്റു.
“സുമീ, നീയിതു പറയുമെന്ന് എനിക്കറിയാം. എന്നാല്‍ നീ എന്നെക്കാള്‍ ഭാഗ്യവതിയാണ് സുമീ. നിന്നെ ഒരേ സ്ഥലത്ത് തളച്ചിടാന്‍ ആരുമില്ല. നീ ഇപ്പോള്‍ നില്‍ക്കുന്നത് നിന്റെ സ്വന്തം തട്ടകത്തിലാണ്. നിനക്ക് മക്കളുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ നിനക്ക് ഇപ്പോഴുള്ള സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല. കുട്ടികളുണ്ടായിരുന്നെങ്കില്‍ ആ വീട്ടില്‍ നിന്ന് നിനക്ക് ഒരിക്കലും മോചനം കിട്ടുകയുമുണ്ടാകുമായിരുന്നില്ല. അഥവാ നീ അവരെ വിട്ട് പോരികയായിരുന്നെങ്കില്‍ നിന്നെക്കുറിച്ച് എന്തെല്ലാം അപവാദങ്ങള്‍ അവര്‍ പറഞ്ഞു പരത്തിയേനെ. നിങ്ങളുടെ കുട്ടികള്‍ അച്ഛന്റെ കൊട്ടാരം ഉപേക്ഷിച്ച് നിന്റെ കൂടെ ഈ ചെറിയ മുറിയില്‍ ജീവിക്കാന്‍ വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? അഥവാ നീ നരകമെന്നു കരുതുന്ന ആ വീട്ടില്‍ താമസിച്ച്, എല്ലാ യാതനകളും അനുഭവിച്ച് കുട്ടികളെ വളര്‍ത്തി വലുതാക്കിയാലും സമയം വരുമ്പോള്‍ നിന്നെ തള്ളിപ്പറഞ്ഞ് അവര്‍ അവരുടെ പാടുനോക്കി പോകും. ഈ അറുപതാം വയസ്സില്‍ നീ എങ്ങോട്ട് പോകും? നീ എവിടെ താമസിക്കും? പത്തുമാസം വയറ്റില്‍ ചുമന്ന് നൊന്തു പ്രസവിച്ച ചില മക്കള്‍ ഭര്‍ത്താക്കന്മാരേക്കാള്‍ ക്രൂരരാകാറുണ്ട്.”
ശോഭയുടെ സംസാരം കേട്ട് സുമനും കിരണും നിര്‍വ്വികാരതയോടെ ഇരുന്നു. സംസാരത്തിനിടെ സുമന്‍ മൂവര്‍ക്കും ചായയുണ്ടാക്കി കൊണ്ടുവന്നു.. രാത്രിയുടെ യാമങ്ങള്‍ ഓരോന്നായി പിന്നിട്ടു… ഇരുട്ട് കനക്കുന്നു… നേരം തെറ്റി പറന്ന ഒരു രാക്കിളിയുടെ ചിറകൊച്ച അവ്യക്തമായി എങ്ങുനിന്നോ അലയടിച്ചു. രാത്രി ഒരുപാട് വൈകിയെങ്കിലും മൂവര്‍ക്കും ഉറക്കമേ വന്നില്ല. ചൂടു ചായ മൊത്തിക്കുടിച്ച് അവര്‍ അവരവര്‍ തുഴഞ്ഞവസാനിപ്പിച്ച ജീവിതനൗകയില്‍ തന്നെയിരുന്നു.
കിരണിന്റെ കഥയാകട്ടേ വളരെ വേദനാജനകമായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെയാണ് അച്ഛന്‍ ഡല്‍ഹിയില്‍ നിന്ന് മൊറാദാബാദിലേക്ക് താമസം മാറ്റിയത്. അവിടെ ചെന്നതിനുശേഷം അച്ഛന് പ്രതീക്ഷിച്ച ജോലിയും കിട്ടിയില്ല. ഏറെ നിരാശനായി ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ കയറിക്കൂടി. പക്ഷെ, അധിക നാള്‍ പിടിച്ചു നില്‍ക്കാനായില്ല. കടുത്ത ചുമയും മറ്റുമായി അച്ഛന്‍ കിടപ്പിലായി. അവസാനം ടി.ബി. പിടിപെട്ട് മരിക്കുകയും ചെയ്തു. അച്ഛന്റെ വേര്‍പാടില്‍ കുടുംബം കഷ്ടതയിലായി. കിരണും ചേട്ടനും രണ്ട് അനിയത്തിമാരും അനിയനും അമ്മയുമടങ്ങുന്ന കുടുംബം പോറ്റാന്‍ അവര്‍ക്കെല്ലാവര്‍ക്കും നിസ്സാര ജോലികള്‍ ചെയ്യേണ്ടി വന്നു. അപ്പോഴേക്കും അമ്മയ്ക്കും അസുഖം പിടിപെട്ടു. പിന്നെ കുടുംബം മൂത്തവളായ കിരണിന്റെ ചുമലിലായി. അനിയത്തിമാര്‍ക്കും അനിയനും അവള്‍ അമ്മയായി. ആയിടയ്ക്ക് ചേട്ടന് ഒരു വിവാഹാലോചന വന്നു. അവരുടെ കുറവുകളെല്ലാം മനസ്സിലാക്കി തന്നെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നത്. തരക്കേടില്ലാത്ത ജോലി കിട്ടിയതിനുശേഷമാണ് ഈ ആലോചന വന്നതു തന്നെ. ഒരു മരുമകള്‍ വീട്ടിലെത്തിയാല്‍ അമ്മയ്ക്കും അതൊരു സഹായമാകുമെന്ന് അമ്മ കരുതി ആ വിവാഹം നടത്തി. വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും കിരണ്‍ തന്നെയാണ് നോക്കി നടത്തിയത്. ആര്‍ഭാടമധികമില്ലാതെ വിവാഹം നടന്നു. ഒരു മരുമകള്‍ വന്നാല്‍ കുടുംബത്തിന് സഹായമാകുമെന്ന അമ്മയുടെ പ്രതീക്ഷകള്‍ക്ക് വിഘ്നം വന്നു. ചേട്ടനും ഭാഭി (ചേട്ടത്തി) യും അവരുടേതായ ലോകത്തേക്ക് ഊളിയിട്ടപ്പോള്‍ കുടുംബഭാരം വീണ്ടും കിരണിന്റെ ചുമതലയായി.
ഇതിനിടെ ചേട്ടത്തിയുടെ സഹോദരനും കിരണിന്റെ നേരെ ഇളയ സഹോദരിയുമായി ഇഷ്ടം തുടങ്ങിയിരുന്നു. പക്ഷേ വീട്ടുകാരത് അറിഞ്ഞപ്പോഴേക്കും വൈകി. പേരുദോഷം കേള്‍പ്പിക്കേണ്ടല്ലോ എന്നു കരുതി അവരുടെ വിവാഹം പെട്ടെന്ന് നടത്തേണ്ടി വന്നു. കിരണ്‍ വീണ്ടും ഒറ്റപ്പെടുകയാണോ എന്ന തോന്നല്‍ ഇടക്കിടെ അവളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. എങ്കിലും സ്വന്തം കൂടപ്പിറപ്പുകള്‍ക്കു വേണ്ടിയല്ലേ എന്നോര്‍ത്ത് എല്ലാം ഉള്ളിലൊതുക്കി. സഹോദരിയുടെ വിവാഹം കഴിഞ്ഞു അവള്‍ ഭര്‍ത്താവുമൊത്ത് അവളുടെ ജീവിതം തേടി പോയി. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങള്‍ക്ക് വഴിമാറിക്കൊടുത്തപ്പോള്‍ അനിയനും വിവാഹാലോചനകള്‍ വരാന്‍ തുടങ്ങി. അപ്പോഴും ‘ഇനിയെന്ത്’ എന്ന ചോദ്യം കിരണിന്റെ മുന്‍പില്‍ നിന്ന് പല്ലിളിക്കുന്നതുപോലെ തോന്നിയിരുന്നു. ഒരു അമ്മയുടെ സ്ഥാനത്തുനിന്ന് സഹോദരങ്ങളുടെ കാര്യങ്ങള്‍ നിര്‍വ്വഹിച്ചുകൊടുക്കേണ്ടത് അവളുടെ കടമയായി അവള്‍ കരുതി. നാം ചെയ്യേണ്ടതൊക്കെ ചെയ്തിട്ടും ഫലം കിട്ടിയില്ലെങ്കിലേ വിധിയെന്നോ ഈശ്വരനിശ്ചയമെന്നോ പറഞ്ഞ് സമാധാനിക്കാനാവൂ. നാം ശ്രമിക്കേണ്ടയിടത്തു നാം തന്നെ ശ്രമിക്കണം. അതായിരുന്നു കിരണിന്റെ തത്വചിന്ത. അനിയന്റെ വിവാഹവും ആര്‍ഭാടമായിത്തന്നെ നടത്തി. ഇനി ബാക്കിയായത് കിരണും അനിയത്തിയും. കിരണിന്റെ പ്രായമാണെങ്കില്‍ അധികരിച്ചു. ആര്‍ക്കും വേണ്ടത്ത ഒരു ചണ്ടിയായി അവളുടെ ജീവിതം അവള്‍ തന്നെ ഹോമിക്കപ്പെടുകയാണെന്ന് അറിഞ്ഞിട്ടും, അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാതെ എല്ലാവരുടെയും അമ്മയായി ജീവിതം തള്ളിനീക്കി.
എല്ലാവരും അവരവരുടെ തീരങ്ങളില്‍ തോണിയടുപ്പിച്ചപ്പോള്‍ നിലയില്ലാ കയത്തില്‍ അവള്‍ ഒറ്റപ്പെട്ട പോലെയായി. സഹോദരങ്ങളും നാത്തൂന്മാരും അനിയത്തിയുമൊക്കെ അവളില്‍ നിന്ന് അകല്‍ച്ച പാലിക്കുന്നുണ്ടോ എന്ന സംശയം ഉടലെടുക്കാന്‍ അധിക നാള്‍ വേണ്ടി വന്നില്ല. അവര്‍ക്ക് അവളോട് സംസാരിക്കാന്‍ പോലും മടിയായിത്തുടങ്ങി. ‘ആരെയെങ്കിലും കെട്ടി ഇവിടെ നിന്ന് പൊയ്ക്കൂടെ’ എന്ന അമ്മയുടെ ചോദ്യമാണ് കിരണിനെ ആകെ തളര്‍ത്തിയത്. ജീവിതത്തിന്റെ രണ്ടാം യാമത്തിലേക്ക് കാലെടുത്തുവെച്ച അവള്‍ ആരെ വിവാഹം കഴിയ്ക്കാന്‍? ആര് അവളെ വിവാഹം കഴിക്കും? അവളുടെ മനസ്സ് വ്യാകുലപ്പെട്ടു. ആഹ്ലാദങ്ങള്‍ നിറഞ്ഞുനിന്നിരുന്ന വീട്ടില്‍ മൗനം അതിഥിയായെത്തി. അന്തമില്ലാത്ത ആഗ്രഹങ്ങളും തീരാത്ത മോഹങ്ങളുമുള്ള ആര്‍ക്കാണ് ആഹ്ലാദിക്കാന്‍ സമയം കിട്ടുക? ഇടയ്ക്ക് നഷ്ടപ്പെട്ടുപോയ സൗഭാഗ്യങ്ങളെപ്പറ്റി വെറുതെ ഓര്‍ത്തിരുന്നാല്‍, വിങ്ങിപ്പൊട്ടിക്കരയാനേ നിര്‍വ്വാഹമുള്ളൂ. പല രാത്രികളിലും അവള്‍ വിങ്ങിപ്പൊട്ടിയിട്ടുണ്ട്. പക്ഷെ, ആ വിങ്ങിപ്പൊട്ടല്‍ ഹൃദയഭിത്തികളില്‍ തങ്ങി ഉള്‍വലിയും.
വീട്ടില്‍ രണ്ട് സഹോദരന്മാരുണ്ട്. അവര്‍ക്ക് ഇനി അവളുടെ ആവശ്യമില്ല. അമ്മയും തള്ളിപ്പറയാന്‍ തുടങ്ങിയിരിക്കുന്നു. വീട്ടിലെ നിശ്ശബ്ദത അവള്‍ ഭയപ്പെട്ടു. അവളുടെ ജീവിതത്തില്‍ സന്തോഷം ഇനി എങ്ങനെയുണ്ടാക്കാനാവുമെന്ന് ഒരുവേള അവള്‍ ചിന്തിക്കാന്‍ തുടങ്ങി. ആത്മസംതൃപ്തിയുള്ളവര്‍ക്കേ ശുഭപ്രതീക്ഷകളുണ്ടാകൂ. ആത്മസംതൃപ്തി വരുന്നതോടെ മനസ്സിന് ശാന്തത കൈവരുന്നു. അതൊരു ആന്തരിക താളമാണ്. താളം തെറ്റിയാല്‍ നമ്മുടെ ജീവിതനൃത്തത്തിന്റെ ചുവടുകള്‍ തെറ്റും. കാലിടറി വീഴും. അതു പാടില്ല. ജീവിക്കണമെന്ന തോന്നല്‍ അവളില്‍ ഒരു ദൃഢ നിശ്ചയമായി. അതോടെ കുടുംബം ഉപേക്ഷിച്ച് വീണ്ടും ഈ മഹാനഗരത്തിലെത്തി. സദര്‍ ബസാറിലെ ഒരു റെഡിമെയ്ഡ് ഫാക്ടറിയില്‍ ഒരു ജോലി തരപ്പെടുത്തി.
കിരണിന്റെ സംഭവബഹുലമായ ജീവിത കഥ കേട്ട് ശോഭയും സുമനും നിശ്ശബ്ദരായി.
“എന്തായാലും ജീവന്‍ നിലനില്‍ക്കുന്നിടത്തോളം കാലം നാം ജീവിച്ചേ പറ്റൂ. ആത്മഹത്യ ചെയ്യാനൊന്നും ഞാന്‍ പോയില്ല. ഇപ്പോള്‍ എന്റെ മനസ്സ് ശാന്തമാണ്. സുമനെ കണ്ടുമുട്ടുന്നതുവരെ ഏകാകിയെപ്പോലെയായിരുന്നു. ഇനിയെനിക്ക് ഭയമില്ല. ഇവളുണ്ടല്ലോ കൂട്ട്.”
കിരണിന്റെ ആശ്വാസവാക്കുകള്‍ കേട്ട് സുമന്റെ ഉള്ള് തണുത്തു.
പ്രഭാതം പൊട്ടിവിരിയുകയാണ്. നാലു മണിയായിട്ടും മൂവരും ഉറങ്ങിയിരുന്നില്ല. പുറത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയവരുടെ സംസാരം കേള്‍ക്കാം. പ്രഭാതമറിയിച്ചുകൊണ്ട് കിളികളുടെ കലപില ശബ്ദവും കേള്‍ക്കുന്നു. ശോഭ ചിന്തിക്കുകയായിരുന്നു; എല്ലാ നഗരങ്ങളിലും കിളികളുടെ ശബ്ദം ഒരേപോലെയിരിക്കും. എന്നാല്‍ എല്ലാ മനുഷ്യരുടേയും ജീവിതം ഒരേ പോലെയല്ല. പ്രായമാകുന്തോറും ശാരീരിക പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു, കണ്ണിന്റെ കാഴ്ച ശക്തിയും ക്ഷയിച്ചുകൊണ്ടെയിരിക്കുന്നു. കാലം മുന്നോട്ടു കുതിക്കുമ്പോള്‍ മനുഷ്യരിലും അതിന്റേതായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും. സത്യത്തില്‍ കാലം ഓടിപ്പോകുന്നു എന്നത് സമയത്തെക്കുറിച്ചുള്ള ഏറ്റവും ഉപരിപ്ലവമായ ധാരണയല്ലെ. കാലം എങ്ങും പോകുന്നില്ല. ഇവിടെ നടക്കുന്നത് പ്രകൃതിയുടെ താളാത്മകമായ ചലനങ്ങള്‍ മാത്രമാണ്. അത് ഒരു നേര്‍രേഖയില്‍ മടങ്ങിവരവ് ഇല്ലാത്ത മരണമാണോ, അതോ കടലിലെ തിരകള്‍ പോലെ തനിയാവര്‍ത്തനങ്ങള്‍ മാത്രമാണോ എന്ന് ആരുകണ്ടു! കണ്ണുകള്‍ നിര്‍ജ്ജീവമായാല്‍!; പക്ഷാഘാതം പിടിപെട്ട് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് നടക്കാന്‍ കഴിയുന്നില്ലെങ്കില്‍? അറുപതു വയസ്സു കഴിഞ്ഞാല്‍ പിന്നെ എത്ര നാള്‍ ജോലി ചെയ്യാന്‍ സാധിക്കും? ആശ്രയിക്കാന്‍ ആരുമില്ലാത്ത അവസ്ഥ..! ഈ ചോദ്യങ്ങളെല്ലാം തന്നെ അവരുടെ ഉള്ളിലുണ്ടായിരുന്നു. ആ സത്യം മനസ്സിലാക്കിയ അവര്‍ മൂന്നു പേരുടെയും കണ്ണുകള്‍ നിറഞ്ഞു…. വരണ്ടതും ശൂന്യവുമായ ആകാശം പോലെ.
“അപ്പോഴേ, ഇങ്ങനെ കഥ പറഞ്ഞിരുന്നാല്‍ മതിയോ?” കിരണ്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“ഗതകാലത്തെക്കുറിച്ചോര്‍ത്ത് നമ്മളെന്തിനു ദുഃഖിക്കണം.. അതൊരു പേക്കിനാവായി കരുതിക്കൂടെ?” കിരണ്‍ തുടര്‍ന്നു.
“ഓര്‍മ്മയില്ലേ ശ്രീബുദ്ധന്‍ പറഞ്ഞത്..’മണിക്കൂറുകളും മാസങ്ങളും വര്‍ഷങ്ങളും, പിന്നെ ഉത്കണ്ഠകളും. ശേഷിക്കുന്നത് പച്ചയായ ജീവിതം മാത്രമായിരിക്കും- പകലുകളും ഇരവുകളും, ഓര്‍മ്മകളും സ്വപ്നങ്ങളും, ജനനവും മരണവും, ചൂടും തണുപ്പും….. ഓരോ നിമിഷങ്ങളിലും ജീവിച്ച് കാലത്തെ അതിജീവിക്കാൻ നിരന്തരം ഉദ്ബോധിപ്പിച്ചത് ശ്രീബുദ്ധനല്ലെ. ഇന്നലെകളേയും നാളെകളേയും ഒന്നു മറക്കൂ. ഇന്നലെകള്‍ എന്നെന്നേക്കുമായി കടന്നുപോയി, നാളെകള്‍ ഉണ്ടാവുമോ എന്ന് ആര്‍ക്കും അറിഞ്ഞും കൂടാ. അപ്പോള്‍ ഉള്ളതോ ഈ നിമിഷം മാത്രമാണ്. ‘ഇപ്പോള്‍’ മാത്രമാണ് സത്യം, മറ്റെല്ലാം മിഥ്യ. ‘ഇപ്പോള്‍’ ജീവിക്കുന്ന മനുഷ്യര്‍ മാത്രമേ ജീവിക്കുന്നുള്ളൂ. ജീവിക്കാന്‍ ധൈര്യപ്പെടുക- അതാണ് വെല്ലുവിളി, അപ്പോള്‍ സ്വരുക്കൂട്ടി വെക്കുന്ന ആര്‍ത്തികള്‍ ഇല്ലാതാകും, ഉത്ക്കണ്ഠകള്‍ കൂടൊഴിയും. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള പരാതികളും പരിഭവങ്ങളും നിലയ്ക്കും. നമ്മള്‍ മൂന്നുപേരും ഒരുപാട് നാളുകള്‍ക്കു ശേഷം ഒരുപാട് കറങ്ങിത്തിരിഞ്ഞ് വീണ്ടു ഒരേ സ്ഥലത്ത് സമ്മേളിച്ചത് ദൈവ നിശ്ചയമാണ്. ഇനിയുള്ള ജീവിതം പരസ്പര പൂരകങ്ങളായി നമുക്ക് ജീവിച്ചു തീര്‍ക്കാം..!”
ഒരു ഫിലോസഫറെ പോലെ കിരണ്‍ പറഞ്ഞത് സുമനും ശോഭയും ഉള്‍ക്കൊണ്ടു.
“നമ്മുടെ പ്രായത്തിലുള്ള മിക്ക സ്ത്രീകളും കുടുംബത്തോടൊപ്പമാണെങ്കിലും ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരാണ് ഏറെയും. അതുകൊണ്ട് എന്ത് പ്രതിസന്ധിയുണ്ടായാലും നമ്മള്‍ മൂന്നുപേരും ഒറ്റക്കെട്ടായി അവയെ ചെറുത്തു തോല്പിക്കണം. ആകാശത്തിലെ പക്ഷികളെപ്പോലെ വിതയ്ക്കുകയും വേണ്ട കൊയ്യുകയും വേണ്ട. ഉത്‌കണ്‌ഠപ്പെട്ട് എന്തിന് നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം കുറയ്ക്കണം. ഒരു മുഴമെങ്കിലും ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ സാധിക്കാത്തവര്‍ക്ക് അത് കുറയ്ക്കാനും അര്‍ഹതയില്ല. അതുകൊണ്ട് നാളെയെക്കുറിച്ചു ആകുലപ്പെടാതെ ഇന്നിനെക്കുറിച്ച് ചിന്തിക്കാം. ഇനിയുള്ള കാലം അതാകണം നമ്മുടെ പ്രതിജ്ഞ…”
കിരണിന്റെ നിശ്ചയദാര്‍ഢ്യവും മനഃക്കരുത്തും കണ്ട് ശോഭയും സുമനും കിരണിന്റെ കൈ കവര്‍ന്നു…..മൂവരും കൈകോര്‍ത്തു….പരസ്പരം പുഞ്ചിരിച്ച് ആലിംഗനം ചെയ്തു…. ഉദയസൂര്യന്റെ പ്രകാശ കിരണങ്ങള്‍ ജനലിലൂടെ അവരെ തഴുകാനെത്തി.. .. മുറ്റത്തു നില്‍ക്കുന്ന വൃക്ഷതലങ്ങളില്‍ തട്ടി തിളങ്ങുന്ന ഇലകള്‍ക്കും ശിഖരങ്ങള്‍ക്കുമിടയിലൂടെ പാളിവീണ കിരണങ്ങള്‍ മുറ്റത്തിനും സ്വര്‍ണ്ണവര്‍ണ്ണം നല്‍കി….