ആദ്യ രാത്രിയില്‍ ബെഡ്റൂമിന്റെ അരണ്ട വെളിച്ചത്തില്‍ അയാളുടെ കരവലയങ്ങളിലൊതുങ്ങി കിടക്കവെ അവള്‍ ചാദിച്ചു..
“മൂന്നു പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടും മരിക്കാത്ത ആളാണെന്ന് കേട്ടിട്ടുണ്ട്.”
തലയുയര്‍ത്തി അയാളവളെ മെല്ലെ നോക്കി. കണ്ണുകള്‍ അയാളില്‍ നിന്നെടുക്കാതെ അവള്‍ വീണ്ടും ചോദിച്ചു…
“എന്തിനാ ആത്മഹത്യ ചെയ്യണമെന്നു തോന്നിയിരുന്നത്?”
“വെറുതെ” നിസ്സംഗതയോടെ അയാള്‍ പറഞ്ഞു.
“വെറുതെ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ?”
അയാളൊന്നും മിണ്ടിയില്ല. മച്ചിലേക്ക് കണ്ണുംനട്ടു കിടന്ന അയാള്‍ നെടുവീര്‍പ്പിട്ടു.
“പ്രേമനൈരാശ്യം വല്ലതും തോന്നിയിട്ടായിരുന്നോ?”
“പ്രേമം. ആരു പ്രേമിക്കാന്‍…….. ആര്‍ക്കും എന്നെ വേണ്ടായിരുന്നു.”
അയാളറിയാതെ തന്നെയാണ് അയാളില്‍നിന്നും ആ വാക്കുകള്‍ പുറത്തു ചാടിയതെന്ന് അവള്‍ക്കു തോന്നി. അവളയാളെ സൂക്ഷിച്ചു നോക്കി. അയാളൂടെ കണ്ണുകള്‍ ജനാലയ്ക്കു പുറത്ത് അഗാധമായ ഇരുട്ടിന്റെ സാന്ത്വനങ്ങളിലെവിടെയോ ആയിരുന്നു.
“ആത്മഹത്യ ചെയ്താലെന്തെന്ന് ഞാനും ചിലപ്പോഴെല്ലാം ആലോചിക്കാറുണ്ടായിരുന്നു. പക്ഷെ ധൈര്യമുള്ളവര്‍ക്കല്ലേ അതിനൊക്കെ കഴിയൂ… ഞാനൊരു ഭീരുവായിരുന്നു. അതിനാല്‍ ശ്രമിച്ചില്ല”
അറിയാതെയുയര്‍ന്ന ഒരു നെടുവീര്‍പ്പിനെ വേഗം മറച്ചുപിടിച്ച് അവള്‍ നിഷ്ക്കളങ്കയെപ്പോലെ ചിരിച്ചു. അതയാള്‍ക്കൊരു പൂതിയ അറിവായിരുന്നു. കണ്ണിമയ്ക്കാതെ അയാളവളെ ചുഴിഞ്ഞു നോക്കി, അവിശ്വസനീയതോടെ. അവളുടെ കണ്ണുകളുടെ ആഴങ്ങളിലെവിടെയെങ്കിലും ആത്മഹത്യയോടുള്ള ഭ്രാന്തമായൊരഭിനിവേശം പതിയിരിപ്പുണ്ടോ…
“ഇനിയിപ്പോള്‍ ധൈര്യമുള്ള ഒരാള്‍ കൂടെയുണ്ടല്ലോ, തരം കിട്ടിയാല്‍ ഒന്നു പരീക്ഷിച്ചു നോക്കാം അല്ലേ……..?”
അതു പറഞ്ഞ് അവള്‍ വിണ്ടും ചിരിച്ചു. ആ ചിരിയില്‍ എന്തൊക്കെയോ നിഗൂഢതകള്‍ പതിയിരിക്കുന്നുവോ എന്നയാള്‍ സംശയിച്ചു. ഒരുള്‍ക്കിടിലത്തോടെ അയാളവളെ വരിത്തു മുറുക്കി.
“അറം പറ്റുന്ന വാക്കുകളൊന്നും ഇപ്പോള്‍ പറയരുത്. ഇനിയൊരിക്കലും ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കില്ല. എനിക്കിപ്പോള്‍ നീ കൂട്ടിനുണ്ടല്ലോ……” അയാളവളുടെ ചെവിയില്‍ മന്ത്രിച്ചു.
അവളൊന്നും മിണ്ടിയില്ല, ഒന്നും കേട്ടുമില്ല. അയാളുടെ മുടിയിഴകളില്‍കൂടി അവളുടെ വിരലുകള്‍ തലോടി നടന്നു. അയാളുടെ
ചുടുനിശ്വാസങ്ങള്‍ അവളുടെ കവിള്‍ത്തടങ്ങളില്‍ പതിച്ചു. പാതി കൂമ്പിയ അവളുടെ കണ്ണുകള്‍ അപ്പോഴും ജനാലക്ക് പുറത്തെ ഇരുട്ടിന്റെ മാസ്മരികതയിലെവിടെയോ ആയിരുന്നു. അയാളുടെ കരവലയങ്ങളിലൊതുങ്ങി അവള്‍ കുറുങ്ങി. ഭദ്രമായ കരവലയങ്ങിലാണു താനെന്ന ചിന്താബോധം അവളുടെ മനസ്സില്‍ ധൈര്യത്തിന്റെ വിത്തുകള്‍ പാകി.
ശുഭം